തിരുവനന്തപുരം: തലസ്ഥാനത്ത്‌ എസ‌്എഫ‌്ഐ പ്രവർത്തകരുടെ വീടുകൾക്ക‌് നേരെ ആർഎസ‌്എസ‌്–എബിവിപി ആക്രമണം.

ധനുവച്ചപുരം വിടിഎംഎൻഎസ‌്എസ‌് കോളേജ‌് എസ‌്എഫ‌്ഐ യൂണിറ്റംഗവും പാറശ്ശാല ഏരിയ കമ്മിറ്റി അംഗവും, ഡിവൈഎഫ്ഐ ചപ്പാത്ത് യൂണിറ്റ് അംഗവുമായ ആര്യ, സച്ചിൻ എന്നിവരുടെ വീടുകൾക്ക‌് നേരെയാണ‌് പുലർച്ചെ ആക്രമണമുണ്ടായത‌്. ഇരുവരെയും കൊല്ലുമെന്നും ഭീഷണിയുണ്ട്‌.

പെരിങ്ങമലയിലെ സച്ചിന്റെ വീടിന‌് നേർക്കാണ‌് ആദ്യം ആക്രമണം നടന്നത‌്. വെള്ളിയാഴ്‌ച രാത്രി കൊലവിളിയുമായി പാഞ്ഞെത്തിയ സംഘം വീടിനുള്ളിൽ അതിക്രമിച്ച‌് കയറുകയും വീട്ടുപകരണങ്ങൾ ഉൾപ്പെടെ വ്യാപകമായി നശിപ്പിക്കുകയും ചെയ‌്തു.

ഇതിന‌് ശേഷമായിരുന്നു ചപ്പാത്തിലെ ആര്യയുടെ വീട‌് ആക്രമിച്ചത‌്. ഈ സമയം ആര്യ വീട്ടിൽ ഇല്ലായിരുന്നു. ജനലുകളടക്കം അടിച്ചുതകർത്തു.

കോളേജ‌ിൽ എസ‌്എഫ‌്ഐ യൂണിറ്റ‌് ആരംഭിച്ചത‌് മുതൽ പ്രവർത്തകരെ നിരന്തരം വേട്ടയാടുകയാണ‌് ആർഎസ‌്എസ‌്–എബിവിപി സംഘം.

ആര്യക്കും സച്ചിനും നേർക്ക‌് നേരത്തെയും ആക്രമണം നടന്നിരുന്നു. ഇരുവരെയും വധിക്കുമെന്നും ഭീഷണിയുണ്ട‌്. ആക്രമണത്തിൽ എസ‌്എഫ‌്ഐ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.