സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസില്‍ യുഡിഎഫ് അക്രമം; സിഐടിയു ഏരിയാ സെക്രട്ടറിക്കും ഓഫീസ് സെക്രട്ടറിക്കും പരിക്ക്

വടക്കാഞ്ചേരി: സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനുനേരെ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി വർക്കിങ്‌ ചെയർമാൻ കെ അജിത് കുമാറിന്റെ നേതൃത്വത്തിൽ ആക്രമണം.

പരിക്കേറ്റ സിപി ഐ എം ഏരിയ കമ്മിറ്റി അംഗവും സിഐടിയു ഏരിയ സെക്രട്ടറിയുമായ കെ എം മൊയ്തു (75), ഓഫീസ് സെക്രട്ടറി കെ എ സെയ്തലവി (71) എന്നിവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിപിഐ എം ഏരിയായ കമ്മിറ്റി ഓഫീസിൽ കെഎസ‌് കെടിയു മേഖലാ പ്രവർത്തക യോഗം നടക്കുന്നതിനിടെ യുഡിഎഫ് നഗരസഭാ കൗൺസിലർ കൂടിയായ കെ അജിത്കുമാറിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ ടി വി സണ്ണി, പ്രിൻസ് ചിറയത്ത് എന്നിവരടങ്ങുന്ന സംഘം അതിക്രമിച്ചു കയറി ബഹളം വച്ചത്.

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തുന്നുവെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ടായിരുന്നു ആക്രമണം. ഇവരെ തടയാൻ ശ്രമിക്കുമ്പോഴാണ് കെ എം മൊയ്തു, കെ എ സെയ്തലവി എന്നിവർക്ക് പരിക്കേറ്റത്.

ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടന്നു. വടക്കാഞ്ചേരിയിൽ നിന്നാരംഭിച്ച പ്രകടനത്തിലും തുടർന്ന് ഒട്ടുപാറ വാഴാനി റോഡ് പരിസരത്തു നടന്ന പ്രതിഷേധയോഗത്തിലും നിരവധി എൽഡിഎഫ് പ്രവർത്തകർ പങ്കെടുത്തു.

യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബാബു എം പാലിശേരി ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് വടക്കാഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് കെ കെ ചന്ദൻ അധ്യക്ഷനായി.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി, എം ആർ സോമനാരായണൻ (സി പി ഐ) എ എൽ ജേക്കബ‌് (എൻസിപി), ബിജൂ ആട്ടോർ (എൽജെ ഡി ) എന്നിവർ സംസാരിച്ചു.

എൽഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി പി എൻ സുരേന്ദ്രൻ സ്വാഗതവും എം എ വേലായുധൻ നന്ദിയും പറഞ്ഞു.

അക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച, കെ എം മൊയ‌്തു, കെ എ സെയ്തലവി എന്നിവരെ മന്ത്രി എ സി മൊയ്തീൻ സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News