മയക്കുമരുന്ന് സംഘത്തിലെ പ്രധാനി ഹെറോയിനുമായി പിടിയില്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും മയക്കു മരുന്ന് വിതരണം ചെയ്തിരുന്ന അസ്സാം സ്വദേശി ആലുവയില്‍ പിടിയിലായി.

ടിങ്കു ഭായ് എന്നറിയപ്പെടുന്നറിയപ്പെടുന്ന അസ്സീസുള്‍ ഹക്കാണ് ആലുവ എക്‌സൈസിന്റെ പിടിയിലായത്. ഒരു ഗ്രാം തൂക്കം വരുന്ന പത്ത് പാക്കറ്റുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.

അസ്സാമിലെ നൗഗാവില്‍ നിന്നാണ് കേരളത്തിലേയ്ക്ക് ഹെറോയിന്‍ എത്തിക്കുന്നത് എന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു

ഈ മാസം ആദ്യം ആലുവ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് മതിബൂ റഹ്മാന്‍ എന്ന അസ്സാം സ്വദേശിയെ 2.75 ഗ്രാം ഹെറോയിനുമായി പിടിച്ചിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം ടിങ്കു ഭായിക്ക് വേണ്ടി വലവിരിച്ചിരുന്നു. ഒരു ഗ്രാം തൂക്കം വരുന്ന ഒരു പാക്കറ്റ് ഹെറോയിന് 3000 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്.

ഹെറോയിന്‍ ഉപയോഗിക്കുന്നവരുടെ ഇടയില്‍ ടിങ്കൂസ് മസാല എന്ന പേരിലാണ് ഈ മയക്കുമരുന്ന് ഇയാള്‍ വിറ്റഴിച്ചിരുന്നത്.

ഇത് ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഉപയോഗിക്കുന്ന രീതിയും ഇയാളുടെ രഹസ്യ സങ്കേതത്തില്‍ ചെന്നാല്‍ ഇയാള്‍ പഠിപ്പിച്ച് കൊടുത്തിരുന്നു. ഇത് ആദ്യമായി ഉപയോഗിക്കുന്ന ആളുകളാണ് എന്ന വ്യാജേന ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം ഇയാളെ സമീപിച്ച് ഇത് ഉപയോഗിക്കുന്നവിധം ഇയാളില്‍ നിന്ന് പഠിച്ച് ഇയാളുടെ വിശ്വാസം നേടിയെടുത്ത ശേഷം ഹെറോയിന്‍ ആവശ്യപ്പെടുകയായിരുന്നു.

ഒരു തവണ പരമാവധി 10 എണ്ണം മാത്രമേ ഇയാള്‍ വില്‍പ്പന നടത്താറുള്ളൂ എന്ന് മനസ്സിലാക്കിയ ഷാഡോ ടീം ഇയാളോട് അത്രയും എണ്ണം ഓഡര്‍ ചെയ്യുകയായിരുന്നു. ആലുവ ഗവ. ആശുപത്രിയ്ക്ക് സമീപം ഹെറോയിനുമായി കാത്തു നിന്ന ഇയാളെ എക്‌സൈസ് ടീം കൈയ്യോടെ പിടികൂടുകയായിരുന്നു.

ഇയാളുടെ കൂടെയുള്ള മറ്റ് കണ്ണികളും ഉടന്‍ തന്നെ പിടിയിലാകുമെന്ന് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News