എംപി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

എംപി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2004 മുതല്‍ പ്രതിനീധികരിച്ചിട്ടും അടിസ്ഥാന സൗകര്യ വികസനത്തിലും മാനവവിഭവശേഷിവികസനത്തിലും ഏറ്റവും പിന്നാക്കമാണ് രാഹുലിന്റെ അമേഠി.

മണ്ഡലത്തെ തിരിഞ്ഞുനോക്കാത്ത എംപി എന്ന പേരുദോഷവുമായാണ് രാഹുല്‍ വയനാട്ടിലേക്ക് വണ്ടികയറുന്നത്.

1967 മുതല്‍ കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമായ അമേഠി യാതൊരു വികസനവും തൊട്ടുതീണ്ടാത്ത ഇന്ത്യയിലെ ചുരുക്കം ചില ലോക്‌സഭ മണ്ഡലങ്ങളിലൊന്നാണ്.

അമേഠിയുടെ ഈ പേരുദോഷം മാറ്റാന്‍ ഒന്നും ചെയ്യാന്‍ 2004 മുതല്‍ എംപിയായിരിക്കുന്ന രാഹുല്‍ ഗാന്ധിക്കാകട്ടെ സാധിച്ചതുമില്ല. എന്ത്‌കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏറ്റവും മോശം എംപിയാകുന്നുവെന്ന് ലോക്‌സഭാ സൈറ്റിലെ വിവിധ കണക്കുകളിലൂടെ വ്യക്തമാകും.

പാര്‍ലമെന്റില്‍ ഹാജരാകുക എന്നതാണ് പാര്‍ലമെന്റ് അംഗത്തിന്റെ പ്രാഥമിക കടമ. അക്കാര്യത്തില്‍ തന്നെ രാഹുല്‍ പരാജയമായി. 52 ശതമാനം മാത്രമാണ് രാഹുലിന്റെ 5വര്‍ഷത്തെ ഹാജര്‍ ശരാശരി. ദേശീയ ശരാശരി 80 ശതമാനമാണെന്നിരിക്കെയാണ് ഈ മോശം പ്രകടനം. ചര്‍ച്ചകളില്‍ പങ്കെടുത്തത് പരിശോധിച്ചാല്‍ 14 ചര്‍ച്ചകളില്‍ പങ്കെടുത്തതിന്റെ മാത്രം കണക്ക് കാണാം.

67 ആണ് ദേശീയ ശരാശരിയെന്നോര്‍ക്കണം. ഇതിലും പരമദയനീയമാണ് ചോദിച്ച ചോദ്യങ്ങളുടെ എണ്ണം വട്ടപൂജ്യം. അതായത് സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി സഭയില്‍ ഒരക്ഷരം ഉരിയാടിയില്ലെന്ന് സാരം. സ്വകാര്യ ബില്‍ അവതരിപ്പിച്ച കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പൂജ്യം തന്നെ.

2004മുതല്‍ 2014 വരെയുള്ള 10 വര്‍ഷത്തിനിടെ അതായത് 3650 ദിവസത്തിനിടെ രാഹുല്‍ മണ്ഡലത്തില്‍ പൂര്‍ണമായും ചെലവഴിച്ചത്് 106 ദിവസം മാത്രമാണ്. എന്നാല്‍ 2015 ജൂണ്‍ മുതല്‍ 2017 ജൂലൈ വരെ വിദേശ പര്യടനം നടത്തിയതാകട്ടെ 121 തവണയും. ഇനി എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യം പരിശോധിക്കാം.

ഉത്തര്‍പ്രദേശിലെ എംപിമാരില്‍ ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ 71 ആം സ്ഥാനമാണ് രാഹുല്‍ ഗാന്ധിക്ക്. ഇത് കൂടാതെ ഏറ്റവും പോഷകാഹാരക്കുറവ് നേരിടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് അമേഠിയെന്നും ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്റേറിയന്‍ എന്ന രീതിയില്‍ പൂര്‍ണ പരാജയമെന്ന പേരുദോഷവുമായി എത്തുന്ന രാഹുല്‍ ഗാന്ധിയെ ജനപ്രതിനിധി എന്ന നിലയില്‍ വയനാട് വിലയിരുത്തുമെന്നുറപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here