കൊല്ലം ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തി.

ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനും അന്വേഷണസംഘത്തിന്റെ തീരുമാനം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ വനിത കമ്മീഷന്‍ സംസ്ഥാന ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.

ഓയൂരില്‍ തുഷാരയെന്ന ഇരുപത്തിയേഴുകാരിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷവാങ്ങിക്കൊടുക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

തുഷാരയുടെ ഭര്‍ത്താവ് ചന്തുലാല്‍, മാതാവ് ഗീതാലാല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇരുവരേയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണസംഘം ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

ചന്തുലാലിനേയും ഗീതാലാലിനേയും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവരെ കേസില്‍ പ്രതിചേര്‍ത്താല്‍മതിയെന്നും അന്വേഷണസംഘം തീരുമാനിച്ചു. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് നിര്‍ദേശം നല്‍കി.

അതീവഗുരുതമായ വിഷയമാണിതെന്നും കാര്യക്ഷമമായി കേസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ദേശീയവനിത കമ്മീഷന്‍ സംസ്ഥാന വനിതാ കമ്മീഷനും നിര്‍ദേശിച്ചു.

അതേസമയം, പെണ്‍കുട്ടിയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചതിനെ കുറിച്ച് നേരത്തെ പരാതി ലഭിച്ചിട്ടില്ലെന്ന് കൊല്ലം റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. ഗീതാലാലുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ മാത്രമാണ് പരാതി ലഭിച്ചത്