കൊച്ചി: മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി.

നിലവില്‍ ഇതുവരെ അഴിമതിയൊന്നും കാണുന്നില്ലല്ലോയെന്നും കോടതിയുടെ പരാമര്‍ശം. ബന്ധുനിയമന പരാതിയില്‍ കെടി ജലീലിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. പരാതിയില്‍ ചൂണ്ടിക്കാണിക്കുന്ന അഴിമതിയൊന്നും ഇതുവരെ കാണുന്നില്ലല്ലോയെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു.

മന്ത്രി എന്തെങ്കിലും അനധികൃതമായി സമ്പാദിച്ചിട്ടുണ്ടൊയെന്ന് ചോദിച്ച കോടതി അനുവദനീയമല്ലാത്ത ആനുകൂല്യങ്ങള്‍ എന്തെങ്കിലും മന്ത്രിക്ക് ലഭിച്ചിട്ടുണ്ടൊയെന്നും ആരാഞ്ഞു.

പരാതിയില്‍ കഴമ്പില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അതിനാല്‍ ഹര്‍ജിക്കാരന്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സത്യവാങ്ങ്മൂലത്തില്‍ വിശദീകരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

പരാതി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോ. മന്ത്രി അവിഹിത നേട്ടമുണ്ടാക്കിയിട്ടുണ്ടോ. ഭരണഘടനാ ലംഘനം നടത്തിയിട്ടുണ്ടോ. അവിഹിതമായ നേട്ടം ആരോപണവിധേയനായ അനീബിന് ലഭിച്ചിട്ടുണ്ടോ. മന്ത്രിക്കെതിരെ പ്രോസിക്യൂഷന്റെ അനുമതി തേടിയിട്ടുണ്ടോ.
ഇക്കാര്യങ്ങള്‍ ഹര്‍ജിക്കാരന്‍ വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

അതേ സമയം, സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഡെപ്യൂട്ടേഷന്‍ വഴി നിയമനം ലഭിക്കേണ്ടവര്‍ ആരെങ്കിലും ഈ നിയമനത്തെ ചോദ്യം ചെയ്തിട്ടുണ്ടൊ എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി.

ഹര്‍ജിക്കാരന്റെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടറോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി വേനല്‍ക്കാല അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.