തിരുവനന്തപുരത്ത് ശശി തരൂരിന് വോട്ടു ചെയ്യുമെന്ന് പ്രിയ എഴുത്തുകാരൻ സക്കറിയ; ആദരപൂർവം കഥാകൃത്തിനോട് വിയോജിക്കട്ടെ

പതിവുപോലെ വലിയ രാഷ്ട്രീയ പ്രശ്നങ്ങളെ കാണാതെ മുഖശോഭയിലാണ് സക്കറിയ ആഹ്ളാദം കൊള്ളുന്നത്. ഭരണകൂടം എന്നാൽ എൻ ജി ഒ യൂണിയനെന്നും അധികാരം എന്നാൽ പാഞ്ഞു പോകുന്ന മന്ത്രി വാഹനവും എന്നും മനസ്സിലാക്കുന്ന അതേ സക്കറിയൻ യുക്തി.

ശശി തരൂർ തിരുവനന്തപുരത്തെ ജനങ്ങൾക്കായി കാലു നിറത്തുറപ്പിച്ച് പ്രവർത്തിച്ചു എന്നും ജനങ്ങളുടെ ആവശ്യങ്ങൾക്കായി മൂർത്ത ഫലങ്ങളുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി എന്നുമാണ് സക്കറിയ പറയുന്നത്.

തിരുവനന്തപുരത്തിനായി ശശി തരൂർ ചെയ്ത ഒരു സംഭാവന സക്കറിയക്ക് പറയാമോ? വിഴിഞ്ഞം തുറമുഖത്തിൻറെ കാര്യത്തിൽ അദാനിക്ക് വേണ്ടി നിന്നത്? തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കാനായി വാദിച്ചത്?

തിരുവനന്തപുരത്തിൻറെ എം പി എന്ന നിലയിൽ തിരുവനന്തപുരത്തിൻറെ താല്പര്യം സംരക്ഷിക്കാൻ നില്ക്കേണ്ട ആളായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ധനിക ഹിന്ദു സവർണ പുരുഷൻറെ രാഷ്ട്രീയ പ്രതിനിധി ആണ് ശശി തരൂർ. അദ്ദേഹത്തിൻറെ നിലപാടുകളെല്ലാം ഈ നിലയ്ക്കൊത്തു പോകുന്നതാണ്.

ഈ നിലപാടിൽ നിന്നാണ് ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് എന്ന പുസ്തകം അദ്ദേഹം എഴുതുന്നത്. ബാലിശമായ വാദങ്ങളുള്ള ഒരു പുസ്തകമാണതെന്നത് മാത്രമല്ല പ്രശ്നം. അതിന്റെ പ്രകാശനത്തിന് ഞാൻ പങ്കെടുത്തിരുന്നു.

അതിൽ ഹിന്ദു എന്താണ് നിർവചിക്കാൻ അറിയാതെ “യു നോ ഐ ആം എ നായർ “എന്ന വിലകുറഞ്ഞ ഒരു വാചകവും അദ്ദേഹം പറയുകയുണ്ടായി. വെറും കച്ചവട സാധ്യത മാത്രം മുന്നിൽ കണ്ടുകൊണ്ടും ഹിന്ദു മതത്തിനെ ഇത്രയുമധികം ബാലിശമായി കാണുന്ന ഒരു പുസ്തകം വേറെയില്ല.

ഇന്ത്യയിലെ ഹിന്ദുത്വ വർഗീയതയെ നേരിടുന്നതിനുള്ള ഒരു ആയുധമാകുന്നുമില്ല അത്. എന്താണ് ഹിന്ദുധർമം എന്ന മഹാത്മാ ഗാന്ധിയുടെ മഹത്തായ പുസ്തകം തത്വചിന്താ തലത്തിൽ ഹിന്ദു വർഗീയതയെ നിരസിക്കുമ്പോൾ ശശി തരൂർ ഒരു പത്രപ്രവർത്തകൻറെ ശൈലിയിൽ അതിനോട് ഒത്തു തീർപ്പുണ്ടാക്കുന്നു.

മാത്രവുമല്ല, ഞാൻ എന്തുകൊണ്ട് ഒരു ഹിന്ദു അല്ല എന്ന കാഞ്ച ഇളയ്യയുടെ പുസ്തകം ഇന്ന് ഇന്ത്യയിലാകെ കീഴ്ജാതിക്കാരുടെ ജാതി വിരുദ്ധ പോരാട്ടങ്ങൾക്ക് സഹായകരമാകുന്നിടത്താണ് അതിനൊരു സവർണ ഹിന്ദു മറുപടിയെന്നോണം ശശി തരൂർ ഈ പുസ്തകം എഴുതുന്നത്.

ഇന്ത്യയിൽ വീണ്ടും ശ്രദ്ധയിലേക്ക് വരുന്ന അംബേദ്കർ വാദങ്ങൾക്ക് മേൽജാതി ഹിന്ദുവിൻറെ പ്രതിനിധിയുടെ മറുപടിയുമാണ് ശശി തരൂരിൻറെ പുസ്തകം. ധനിക സവർണ ഹിന്ദു പുരുഷൻറെ നിലപാടിൽ നിന്നു കൊണ്ടു തന്നെയാണ് ശശി തരൂർ ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ എതിർത്തത്. ആചാരങ്ങൾ ലംഘക്കിനാവില്ല എന്നാണ് ശശി തരൂർ ഇവിടെ പറഞ്ഞത്.

വളരെ ദീര്ഘമായ കത്തിടപാടുകൾ ശബരിമല വിഷയത്തിൽ തരൂരുമായി നടത്തി , സത്യം പറയണമെന്ന് അദ്ദേഹത്തോട് വ്യക്തിപരമായി റിക്വസ്റ്റ് ചെയ്തതിനു പിറ്റേ ദിവസം അദ്ദേഹം നടത്തിയ പത്ര പ്രസ്താവന പിന്നീടൊരിക്കലും അദ്ദേഹത്തിന്റെ എഴുത്തോ രാഷ്ട്രീയമോ വിശ്വസിക്കാൻ എന്നെ അനുവദിച്ചില്ല.

തിരുവിതാംകൂർ മുൻ രാജാക്കന്മാരുടെ കൊട്ടാരത്തിൽ പോയി വിനീതനായി നില്ക്കുന്ന ശശി തരൂർ തന്നെയാണ് മീൻ വില്ക്കുന്ന സ്ത്രീകളുടെ അടുത്ത് വോട്ട് ചോദിക്കാൻ പോയതിനെക്കുറിച്ച് ഓക്കാനം വരുന്ന വിധത്തിലൊരു വെജിറ്റേറിയൻ ആയിട്ടും ഈ സ്ത്രീകൾ തന്നെ ആവേശപൂർവം സ്വീകരിച്ചു എന്നു ട്വീറ്റ് ചെയ്തത്.

തൻറെ സവർണ ഹിന്ദു വ്യക്തിത്വം തീരുമാനിച്ചു വരുന്ന പോലെ മറച്ചു വയ്ക്കാൻ പോലും ശശി തരൂരിന് ഇത്തരം സാഹചര്യങ്ങളിലാവാറില്ല. ഇന്ത്യയിലെ പാർലമെൻറംഗങ്ങളിൽ ഏറ്റവും ധനികരിൽ പെടും ശശി തരൂർ. 2014ൽ തെരഞ്ഞെടുപ്പിന് മത്സരിക്കുമ്പോൾ വെളിപ്പെടുത്തിയ സ്വത്ത് 23 കോടിയുടേതാണ്.

ശശി തരൂരിൻറെ യഥാർത്ഥ സ്വത്തിൻറെ ചെറിയൊരു പങ്കു മാത്രമാണിതെന്ന് ആരോപണമുണ്ട്. യു എൻ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സെക്രട്ടറി ജനറലായി മത്സരിച്ച് തോറ്റപ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് മാറുകയും തിരുവനന്തപുരത്തേക്ക് വരികയുമാണുണ്ടായത്.

തൻറെ പണവും മാനേജ്മെൻറ് മിടുക്കും ഉപയോഗിച്ച് അദ്ദേഹം രണ്ടു തവണ പാർലമെൻറംഗമായി. ഈ മിടുക്കുപയോഗിച്ച് നമ്മെ പറ്റിച്ച് പാർലമെൻറിലേക്ക് പോവുകയാണദ്ദേഹം. എന്നിട്ട് ഗുജറാത്തി ബിസിനസ് താല്പര്യത്തിനായി പ്രവർത്തിക്കുന്നു.

അതനുവദിക്കണോ എന്ന് നമ്മളാലോചിക്കണം. അവസാനമായി പറയട്ടെ, നമുക്കറിയാത്ത ഇംഗ്ലീഷ് വാക്കുകളുപയോഗിച്ച് കേമനാകുന്ന രീതി സംസ്കാരരഹിതമാണ്. ജ്ഞാനിക്ക് വിനയമാണുണ്ടാവുക എന്ന് സക്കറിയക്ക് അറിയാമല്ലോ.

ശശി തരൂരിനെപ്പോലെ ഒരു അവസരവാദിയെ മനസ്സിലാക്കാൻ സക്കറിയക്ക് കഴിയുന്നില്ല എന്നതിൽ ഖേദമുണ്ട്. ഞങ്ങളെ ഇംഗ്ലീഷ് പറഞ്ഞു പറ്റിച്ചത് മതി ശശി തരൂർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News