വൈക്കം: കോൺഗ്രസ‌് പ്രകടന പത്രിക ബിജെപി സർക്കാർ പിന്തുടരുന്ന നയത്തിന്റെ പകർപ്പാണെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
പ്രതിപക്ഷം വിഭാഗീയത സൃഷ്ടിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം വസ‌്തുതകൾക്ക‌് എതിരാണ‌്. ബിജെപിയെ അധികാരത്തിൽനിന്ന‌് മാറ്റാനും കോൺഗ്രസിന്റെ ജനവിരുദ്ധ നയത്തെ പരാജയപ്പെടുത്താനുമുള്ള പോരാട്ടമാണ‌് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം വൈക്കത്ത‌് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൻമോഹൻ സിങ‌് സർക്കാർ നടപ്പാക്കിയ തെറ്റായ സാമ്പത്തിക നയവും വ്യാപകമായ അഴിമതിയുമാണ‌് ബിജെപിയെ അധികാരത്തിൽ എത്തിച്ചത‌്.
മോഡി സർക്കാർ അതേനയം കൂടുതൽ ശക്തമായി നടപ്പാക്കി. ഇപ്പോൾ കോൺഗ്രസ‌് അതിന്റെ പ്രചാരകരായി. എന്നാൽ ഇടതുപക്ഷത്തിന്റെ ശക്തി വർധിക്കുന്നതിലൂടെ മാത്രമേ ഈനയം തിരുത്താനാകൂ.
2004 ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത‌് ഇത‌് കണ്ടതാണ‌്. വിവരാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതിയും കേന്ദ്ര വനാവകാശ –ഭക്ഷ്യസുരക്ഷാ- വിദ്യാഭ്യാസ അവകാശ നിയമങ്ങളും രാജ്യത്ത‌് കൊണ്ടുവരുന്നതിൽ നിർണായക ഇടപെടൽ നടത്തിയത‌് ഇടതുപക്ഷമാണ‌്.
2004 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബദൽ സർക്കാർ രൂപീകരിക്കുമ്പോൾ കോൺഗ്രസുകൂടി അതിൽ ഉൾപ്പെടുമെന്ന‌് അറിഞ്ഞുകൊണ്ടാണ‌് കേരളം എൽഡിഎഫിന‌് മികച്ച വിജയം സമ്മാനിച്ചത‌്.
എല്ലാ പൗരാവകാശങ്ങളും ഇല്ലാതാകുന്ന ഗുരുതരമായ രാഷ്ട്രീയ സാഹചര്യമാണ‌് നിലനിൽക്കുന്നത‌്. എന്നാൽ കോൺഗ്രസിന‌് ബിജെപിയുടെ സാമ്പത്തിക നയത്തെയൊ വർഗീയതയെയോ എതിർക്കാനാകില്ല.
ഇതു മനസ്സിലാക്കി എൽഡിഎഫിന‌് മുഴുവൻ സീറ്റിലും മികച്ച വിജയം ജനങ്ങൾ സമ്മാനിക്കും–യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here