ചെന്നൈ റാഫേല്‍ അഴിമതി വിഷയമാക്കി പുറത്തിറങ്ങിയ തമിഴ് പുസ്തകം റിലീസിന് മുമ്പേ പിടിച്ചെടുത്ത് തമിഴ് നാട് പൊലീസ്.
റഫാല്‍ കരാറും തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും വിശദമായി പുസ്തകത്തില്‍ വിശദീകരിക്കുന്നുവെന്ന് വ്യക്കമാക്കി ഭാരതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ‘രാജ്യത്തെ സ്വാധീനിച്ച റഫാല്‍ അഴിമതി’ എന്ന പുസ്തകമാണ് പോലീസ് ഫ്‌ലയിങ്ങ് സ്‌ക്വാഡ് പിടിച്ചെടുത്തത്.
തെരഞ്ഞടെുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി.
ഇന്നലെ വൈകിട്ട് ആറ് മണിക്ക് ദി ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം പുസ്തക പ്രകാശനം നടത്തുമെന്നായിരുന്നു അറിയിപ്പ്.
പ്രകാശന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഫ്‌ലയിങ്ങ് സ്‌ക്വാഡും പൊലീസും ഭാരതി പബ്ലിക്കേഷന്‍സിന്റെ ചെന്നൈയിലെ ഓഫീസിലെത്തി പുസ്തകത്തിന്റെ 142 പകര്‍പ്പുകളും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചെന്ന് അറിയിച്ചായിരുന്നു പോലീസ് നടപടി.
എന്നാല്‍, ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതോടെ റെയിഡിനെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യ തിരഞ്ഞടെുപ്പ് ഓഫീസര്‍ രംഗത്തെത്തി. സംഭവത്തില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടിക്കൊണ്ടുള്ള പ്രസ്താവനയും തമിഴ്‌നാട് മുഖ്യ തിരഞ്ഞടെുപ്പ് ഓഫീസര്‍ സത്യബ്രദ സഹൂ പുറത്തിറക്കി.
പരിശോധനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വിഷയത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ജൂനിയര്‍ ഓഫീസര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നോ എന്ന് അറിയില്ലെന്നും പരിശോധിക്കുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
സംഭവം വിവാദമായതോടെ പിടിച്ചടുത്ത പുസ്തകങ്ങള്‍ പോലീസ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.
ഒന്നര മണിക്കൂര്‍ വൈകി എന്‍ റാം തന്നെ പുസ്തക പ്രകാശനം നടത്തുകയും ചെയ്തു. ശാസ്ത്ര സാഹിത്യകാരന്‍ എസ് വിജയനാണ് പുസ്തകം തയ്യാറാക്കിയത്.ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സി പി കൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി.

Get real time update about this post categories directly on your device, subscribe now.