കോൺഗ്രസിന്‍റെ പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിൽ അവ്യക്തതയുണ്ടെന്ന് സീതാറാം യെച്ചൂരി. മിനിമം ഇൻകം ഉൾപ്പടെയുള്ള നിർദേശങ്ങൾ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസ്സ് എന്താണ് എന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

എറണാകുളം പ്രസ്സ്ക്ലബ്ബിന്‍റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.വ്യക്തികളെ അധിക്ഷേപിക്കൽ പാർട്ടി നയമല്ലെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

വരാന്‍ പോകുന്നത് നിര്‍ണ്ണായക തെരഞ്ഞെടുപ്പാണ്. മതേതര സ്വഭാവത്തോടെ ഇന്ത്യയെ നിലനിർത്താനാവുമോ എന്നതാണ് ഈ തെരഞ്ഞടുപ്പിലുയരുന്ന പ്രധാന ചോദ്യം.

അതിനാല്‍ മോദി ഗവൺമെന്‍റിനെ പുറത്താക്കി മതേതര ഗവണ്‍മെന്‍റിന് രൂപം നല്‍കലാണ് ഇടതു പക്ഷത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയിൽ ആർക്കും എവിടെയും മത്സരിക്കാനുള്ള അവകാശമുണ്ട്.പക്ഷേ വര്‍ഗ്ഗീയതക്കെതിരെ പോരാടുന്ന ഇടതു പക്ഷത്തിനെതിരെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ എന്ത് സന്ദേശമാണ് കൈമാറുകയെന്നത് ജനങ്ങള്‍ വിലയിരുത്തും.

വ്യക്തികളെ അധിക്ഷേപിക്കല്‍ പാര്‍ട്ടി നയമല്ല. സ്ത്രീകളുടെ മുന്നേറ്റത്തിനും തുല്യതയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് സി പി ഐ എം. അതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എല്ലാ കാലത്തും പാർട്ടി തുടരാറുള്ളതെന്നും യെച്ചൂരി വ്യക്തമാക്കി.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ 2004 ലെ വിജയം ഇടതുപക്ഷം ആവര്‍ത്തിക്കുമെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.