ഇസ്തിരിക്കടയുടമയുടെ മരണത്തിൽ ദുരൂഹത; മൃതശരീരത്തിൽ മുറിവുകൾ

പുനലൂരിൽ തുണി ഇസ്തിരിയിടുന്ന സ്ഥാപനത്തിന് തീപ്പിടിച്ച് ഉടമ വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത. ചെമ്മന്തൂർ എസ്.സി-എസ്.ടി. സഹകരണ ബാങ്കിന് എതിർവശത്തുള്ള കട കത്തിയാണ് ഉടമ വെന്തു മരിച്ചത്. കാഞ്ഞിയിൽ വീട്ടിൽ ഐസക് അലക്സാണ്ടർ(68) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. വർഷങ്ങളായി ഈ കടയിൽ താമസിച്ച് ഇസ്തിരിയിടുന്ന ജോലികൾ ചെയ്ത് വരികയായിരുന്നു ഐസക്.

ഷോർട് സർക്യൂട്ടാകാം മരണകാരണം എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ചൊവ്വാഴ്ച ഇസ്തിരിക്കടയിൽ പരിശോധന നടത്തിയ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ തീപ്പിടുത്തം ഷോർട് സർക്യൂട്ട് കാരണമല്ലെന്ന് കണ്ടെത്തി.

മാത്രമല്ല ഐസക്കിന്റെ മൃതദേഹ പരിശോധനയിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഐസക്ക് കിടന്നുറങ്ങിയ കട്ടിൽ കത്തിക്കരിഞ്ഞ് മൃതദേഹം നിലത്ത് വീണെങ്കിലും മൃതശരീരത്തിന്റെ പിൻഭാഗത്ത് പൊള്ളലേറ്റിരുന്നില്ല.

ഐസക്ക് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അരകിലോമീറ്റർ അകലെ എം.എൽ.എ. റോഡിൽ നിന്ന് യാത്രക്കാരന് വീണ് കിട്ടിയിരുന്നു.

മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്. സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ.രാജു ചൊവ്വാഴ്ച സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിലെ അവ്യക്തത പുറത്ത് കൊണ്ട് വരണമെന്ന് മന്ത്രി പറഞ്ഞു.

കൊല്ലം റൂറൽ എസ്.പി. കെ.ജി.സൈമൺ, ഡി.വൈ.എസ്.പി. എം.ആർ.സതീഷ്കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.

പുനലൂർ സി.ഐ.മോഹൻ ദാസിന്റെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം വിശദമായി പരിശോധിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണത്തിൽ കൂടുതൽ വ്യക്തതയുണ്ടാകൂ.

കട കത്തിയ സമയം ഐസക്ക് കടയ്ക്കുള്ളിൽ തനിച്ചായിരുന്നു. തൊട്ടടുത്ത വീടുകളിൽ സഹോദരങ്ങൾ അടക്കമുള്ള ബന്ധുക്കൾ ഉണ്ടായിരുന്നെങ്കിലും നാട്ടുകാർ അറിയിച്ചപ്പോഴാണ് ഇവർ സംഭവമറിഞ്ഞത്.

മൃതദേഹം കിടന്ന കടയുടെ പിൻവാതിൽ തുറന്ന കിടന്ന നിലയിലായിരുന്നു. എന്നാൽ ഇത് തീപ്പിടിച്ച് തകർന്നതെന്നാണ് പോലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News