പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്പ് തൃശൂര്‍ സ്വദേശി ജെല്‍സന്‍ ആശംസകളുമായെത്തി.

രണ്ട് വര്‍ഷം മുന്പ് റോഡരികില്‍ വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കിടന്ന ജെല്‍സന്‍റെ ജീവന്‍ രക്ഷിച്ചത് എംബി രാജേഷിന്‍റെ അവസരോചിതമായ ഇടപെടലാണ്. ജീവന്‍ രക്ഷിച്ചതിന്‍റെ കടപ്പാടുമായി വിജയാശംസകള്‍ നേര്‍ന്നാണ് ജെല്‍സന്‍ മടങ്ങിയത്.

റോഡരികില്‍ ചോരയില്‍ കുളിച്ചു കിടന്ന തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന്‍റെ ഓര്‍മകളുമായാണ് തൃശൂര്‍ എല്‍ത്തുരുത്തി സ്വദേശി ജെല്‍സന്‍ പാലക്കാടെത്തി എംബി രാജേഷിനെ കണ്ടത്.

2017 ജൂണ്‍ നാലിന് തൃശൂരില്‍ നിന്ന് കോയന്പത്തൂരിലേക്ക് പോവുന്നതിനിടെ പന്തലാംപാടത്ത് വെച്ച് ജെല്‍സന്‍റെ ബൈക്ക് അപകടത്തില്‍പ്പെട്ടു. ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടക്കുകയായിരുന്നു.

ഈ സമയത്ത് എംബി രാജേഷ് എംപി കുടുംബ സമേതം തൃശൂരിലേക്ക് പോവുകയായിരുന്നു. ഉടന്‍ തന്നെ കുടുംബത്തെ വ‍ഴിയിലിറക്കി സ്വന്തം വാഹനത്തില്‍ കയറ്റി ജെല്‍സനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കലക്ട്രേറ്റിലെത്തിയപ്പോ‍ഴാണ് ജെല്‍സന്‍ എംബി രാജേഷിനെ കണ്ടത്. പൂച്ചെണ്ട് നല്‍കി വിജയം ആശംസിച്ചു.

അപകടത്തിന് ശേഷം നാല് മാസത്തോളം കിടപ്പിലായിരുന്നു കോയമ്പത്തൂരിൽ വിദ്യാർത്ഥിയായ ജെൻസൻ.

നേരത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നെങ്കിലും നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുന്നതറിഞ്ഞ് പരീക്ഷാ തിരക്കിനിടയിലാണ് കോയമ്പത്തൂരിൽ നിന്ന് ജെൻസൻ എംബി രാജേഷിനെ കാണാനെത്തിയത്.