ഒളിക്യാമറയില്‍ കുടുങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്‍; ഹോട്ടല്‍ തുടങ്ങുന്നതിനായി കോഴ ആവശ്യപ്പെട്ടത് 5 കോടി; ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് എംപിയും നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എംകെ രാഘവന്‍ ‘ടിവി 9’ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോടികള്‍ ചെലവഴിച്ചാണ് ജയിച്ചതെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രണ്ട് കോടി രൂപയാണ് നല്‍കിയതെന്നും കണ്‍സള്‍ട്ടന്‍സി കമ്പനി പ്രതിനിധികളെന്ന മട്ടിലെത്തിയ ചാനല്‍ സംഘത്തോട് എംകെ രാഘവന്‍ പറഞ്ഞു.

ഇത്തവണ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത ചാനല്‍സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാനും എംപി ആവശ്യപ്പെട്ടു.

ടിവി 9 സംഘാംഗങ്ങളായ ഉമേഷ് പാട്ടീല്‍, കുല്‍ദീപ് ശുക്ല, രാംകുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നിവര്‍ കഴിഞ്ഞ മാര്‍ച്ച് 10നു വൈകിട്ട് രാഘവനെ അദ്ദേഹത്തിന്റെ കോഴിക്കോട് മധുരവനം റോഡിലുള്ള വസതിയായ ‘അശോക’യില്‍വച്ചാണ് കണ്ടത്.

കോഴിക്കോട്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യവസായിക്കു വേണ്ടിയാണ് എത്തിയതെന്നും 15 ഏക്കര്‍ സ്ഥലം ആവശ്യമുണ്ടെന്നും ചാനല്‍സംഘം എംപിയെ അറിയിച്ചു. പ്രദേശികമായ പിന്തുണ ഉറപ്പാക്കാനാണ് എം കെ രാഘവനെ കാണുന്നതെന്ന് വിശദീകരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ചെലവുകള്‍ ചര്‍ച്ചയായത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 20 കോടി രൂപയോളം ചെലവുണ്ടെന്ന് എം കെ രാഘവന്‍ പറഞ്ഞു. പോസ്റ്റര്‍ അച്ചടി, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍ എന്നിവയ്‌ക്കെല്ലാം വന്‍തോതില്‍ പണം വേണം. വാഹനപ്രചാരണത്തിനു തന്നെ ദിവസം 10 ലക്ഷം രൂപയോളം ചെലവുണ്ട്. 50-60 വാഹനങ്ങള്‍ വേണം. എല്ലായിടത്തും കറങ്ങണം. ഡീസല്‍ അടിക്കണം. ഡ്രൈവര്‍മാര്‍ക്ക് പണം കൊടുക്കണം.

റാലികള്‍ സംഘടിപ്പിക്കാനും ചെലവുണ്ടെന്ന് ചാനല്‍സംഘത്തോട് എംപി പ്രതികരിച്ചു. ഓരോ സ്ഥലത്തിന്റെയും പ്രത്യേകത അനുസരിച്ച് ചെലവില്‍ മാറ്റം വരും. തെരഞ്ഞെടുപ്പ് ദിവസം മദ്യത്തിന്റെയും ആവശ്യമുണ്ട്. മദ്യം പാര്‍ടി പ്രവര്‍ത്തകര്‍ സംഘടിപ്പിക്കും. പണം വിതരണം ചെയ്താല്‍ മതി.

ഹൈക്കമാന്‍ഡില്‍നിന്ന് എത്ര കിട്ടുമെന്ന് ഇപ്പോള്‍ വ്യക്തമായി പറയാന്‍ കഴിയില്ലെന്നും എം കെ രാഘവന്‍ ചോദ്യത്തിനു മറുപടി നല്‍കി. രണ്ട് മുതല്‍ അഞ്ച് കോടി രൂപ വരെ കിട്ടിയേക്കാം. കഴിഞ്ഞ തവണ രണ്ട് കോടിയാണ് കിട്ടിയത്. മുഴുവനും പണമായാണ് ലഭിച്ചത്. ബാക്കി തുക പല രീതിയില്‍ സമാഹരിച്ചു.

കമ്പനി അഞ്ച് കോടി രൂപ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ക്ക് ഡല്‍ഹിയിലും നോയിഡയിലും ഓഫീസുകളുണ്ടെന്നും സംഘാംഗങ്ങള്‍ അറിയിച്ചു. പണം കൈമാറേണ്ടതെന്ന് എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ തന്റെ ഡല്‍ഹി ഓഫീസിലുള്ള സെക്രട്ടറിയെ കണ്ടാല്‍ മതിയെന്ന് രാഘവന്‍ പ്രതികരിച്ചു. സെക്രട്ടറിയുടെ നമ്പര്‍ നല്‍കാമെന്നും എംപി പ്രതികരിച്ചു.

‘ഓപ്പറേഷന്‍ ഭാരത്വര്‍ഷ’ എന്ന പേരിട്ടാണ് ടിവി9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. വിവിധ ഭാഷകളില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന ടിവി9 ആന്ധ്രപ്രദേശ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ഹിന്ദി ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News