കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫഹദ് ഫാസിലിന്റെ സിനിമാ ലൊക്കേഷനിലെത്തിയ എറണാകുളത്തെ ഇടതു സ്ഥാനാര്‍ത്ഥി പി. രാജീവിന് ലഭിച്ചത് ഹൃദ്യമായ വരവേല്‍പ്പ്.

ഫഹദ് ഫാസിലിന് പുറമെ രാജീവിന്റെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമായ അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് രാജീവ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്.

കലൂര്‍ എജെ ഹാളില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ട്രാന്‍സ് സിനിയുടെ ലൊേക്കേഷനിലേയ്ക്കാണ് തന്റെ സുഹൃത്തുക്കളെ കാണാനായി പ്രചാരണത്തിരക്കിനിടെ പി രാജീവ് എത്തിയത്. സിനിമയിലെ നായകന്‍ ഫഹദ് ഫാസിലും സംവിധായകന്‍ അന്‍വര്‍ റഷീദും ഛായാഗ്രാഹകന്‍ അമല്‍ നീരദും ചേര്‍ന്ന് രാജീവിനെ സ്വീകരിച്ചു.

മൂവര്‍ക്കുമൊപ്പം ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയുമുണ്ടായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം. പിന്നീട് രാജീവിനെ യാത്രയാക്കുന്നതിനു മുന്‍പ് എല്ലാവരുടെയും വക സ്ഥാനാര്‍ത്ഥിക്ക് വിജയാശംസ. സുഹൃത്തുക്കളെ കണ്ട സന്തോഷം രാജീവ് പങ്കുവെക്കുന്നതിനിടെ അമല്‍ നീരദിന്റെ കമന്റ് ഇങ്ങനെ.

‘പി രാജീവിന്റെ കല്യാണം നടന്നത് ഇതേ ഹാളിലാണ്.

അതേ.. അപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പ്രത്യേക സുഖമുണ്ടെന്ന് രാജീവിന്റെ മറുപടി”

കുടുംബാംഗങ്ങളോട് തന്റെ അന്വേഷണം പറയണമെന്നായിരുന്നു യാത്ര പറഞ്ഞിറങ്ങവെ രാജീവിനോട് നസ്രിയക്ക് പറയാനുണ്ടായിരുന്നത്.
ഒരു മണിക്കൂറോളം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിട്ട ശേഷമാണ് രാജീവ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്.