വാക്കുപാലിച്ച് പിണറായി സര്‍ക്കാര്‍; 5 ശതമാനം ഡിഎ കുടിശ്ശിക ഏപ്രിലിലെ ശമ്പളത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ 9.13 ലക്ഷം ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട ഡിഎ കുടിശ്ശിക പണമായി നൽകും. അഞ്ചുശതമാനം ഡിഎ (ക്ഷാമബത്ത)കുടിശ്ശികയാണ‌് ലഭിക്കുക.

2018 ജനുവരി ഒന്നുമുതലുള്ള രണ്ടു ശതമാനവും ജൂലൈ ഒന്നുമുതലുള്ള മൂന്നുശതമാനവും ചേർന്നുള്ള കുടിശ്ശികയാണ‌് പണമായി വിതരണം ചെയ്യുന്നത‌്. കുടിശ്ശികയായ രണ്ടു ഗഡു ഡിഎ പണമായി വിതരണം ചെയ്യുമെന്ന‌് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തികഞെരുക്കത്തിനിടയിലും സർക്കാർ വാഗ‌്ദാനം പാലിച്ചു.

2100 കോടിയുടെ ആനുകൂല്യം

സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊലീസ‌് സേനാംഗങ്ങൾ ഉൾപ്പെടെയുള്ള 5.13 ലക്ഷം പേർക്ക‌് ഡിഎ കുടിശ്ശിക നൽകാൻ 1240 കോടി രൂപ വേണ്ടിവരും. നാലുലക്ഷം വരുന്ന പെൻഷൻകാർക്കും കുടിശ്ശിക വിതരണം ചെയ്യുന്നതോടെ 2100 കോടി രൂപയുടെ ആനുകൂല്യമാണ‌് വിതരണം ചെയ്യുക.

കൃത്യമായി നൽകിയത‌് എൽഡിഎഫ‌് സർക്കാരുകൾ

1968ൽ ഇ എം എസ‌് സർക്കാരാണ‌് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന ക്ഷാമബത്തയ‌്ക്ക‌് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അർഹതയുണ്ടെന്ന‌് പ്രഖ്യാപിച്ചതും നടപ്പാക്കുന്നതും. 1980ലെ എൽഡിഎഫ‌് സർക്കാർ, കേന്ദ്രസർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്ന അതേ തീയതിയിൽത്തന്നെ സംസ്ഥാനജീവനക്കാർക്കും അർഹതയുണ്ടാകുമെന്ന‌് തീരുമാനിച്ച‌് മുൻകാലപ്രാബല്യത്തോടെ നടപ്പാക്കി.

അതിനുമുമ്പ‌് സംസ്ഥാന സർക്കാർ തീരുമാനിക്കുന്ന തീയതിയിലായിരുന്നു ക്ഷാമബത്ത വർധന നിലവിൽവന്നിരുന്നത‌്. 2006ലെ എൽഡിഎഫ‌് സർക്കാർ കുടിശ്ശിക പണമായി നൽകാനുള്ള തീരുമാനമെടുത്തു. 2007ൽ നാലുമാസത്തെ കുടിശ്ശിക പണമായി നൽകി. കുടിശ്ശിക വരാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു.

ക്ഷാമബത്ത സംബന്ധിച്ച എൽഡിഎഫ‌് നിലപാട‌് അതേനിലയിൽത്തന്നെ തുടരാൻ ഭരണമാറ്റത്തിലെ ഇതരസർക്കാരുകളും നിർബന്ധിതമായി. ഇതിന്റെ തുടർച്ചയായാണ‌് കുടിശ്ശിക പൂർണമായും പണമായി നൽകാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News