ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചു വിടാന്‍ വേണ്ടിയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രളയം കഴിഞ്ഞ ശേഷം ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഇത് തന്നെതാണ് ഇന്നും മാധ്യമങ്ങളില്‍ കാണാന്‍ കഴിയുന്നത്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ വേണ്ടിയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ പ്രളയത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. ജനങ്ങളെയാകെ അണിനിരത്തി നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തെമ്പാടുമുള്ള ജനതയുടെ അംഗീകാരം നേടിയിട്ടുള്ളതാണ്. ഈ രക്ഷാപ്രവര്‍ത്തനത്തെ യു.എന്‍ തന്നെ ഏറെ ശ്ലാഘിച്ചിട്ടുണ്ട്. പ്രളയത്തിന്‍റെ ദുരിതങ്ങളില്‍ നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയുമാണ്.

ഈ ഘട്ടത്തിലാണ് ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു റിട്ട് വരികയും അതിന്‍റെ അടിസ്ഥാനത്തില്‍ ഒരു അമിക്കസ്ക്യൂറിയെ കോടതി നിയമിക്കുകയും ചെയ്തത്. അമിക്കസ്ക്യൂറി ഒരു റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കുകയുണ്ടായി. അമിക്കസ്ക്യൂറി ഒരു കേസില്‍ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ സാധാരണ നിലയ്ക്ക് അത് ചര്‍ച്ചയാവേണ്ടതില്ല.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറിയിലെ അംഗങ്ങള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയപ്പോള്‍ തന്നെ അത് വിവിധ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. റിപ്പോര്‍ട്ട് നല്‍കുക എന്നത് ഒരു സാധാരണ നടപടിയായതുകൊണ്ടാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പ്രതികരിക്കാതിരുന്നത്. എന്നാല്‍ ഇന്നത്തെ പത്രങ്ങളിലെല്ലാം റിപ്പോര്‍ട്ടിന്‍റെ ഭാഗങ്ങളെന്ന നിലയില്‍ കുറേ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാനം നേരിട്ട ഈ ദുരന്തത്തെ ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെതിരായി തിരിച്ചുവിടാന്‍ സാധിക്കുമോ എന്ന ഉദ്ദേശത്തോടെയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങള്‍ പലതും നേരത്തേ തന്നെ ചിലര്‍ ഉന്നയിച്ചപ്പോള്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമസഭയിലും വാര്‍ത്താ സമ്മേളനങ്ങളിലും വസ്തുത വ്യക്തമാക്കിയതാണ്. നേരത്തെ ഉന്നയിച്ച അത്തരം കാര്യങ്ങള്‍ തന്നെയാണ് ഇന്നത്തെ പത്രമാധ്യങ്ങളിലും പൊതുവില്‍ കണ്ടത്.

എങ്കിലും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുവാനുള്ള ഇടപെടല്‍ എന്ന നിലയില്‍ ഉന്നയിച്ച കാര്യങ്ങളെ സംബന്ധിച്ച് വീണ്ടും വ്യക്തത വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്.

അമിക്കസ്ക്യൂറി എന്നത് റിട്ട് പെറ്റീഷനുമേല്‍ തീരുമാനമെടുക്കാന്‍ കോടതി തേടുന്ന അഭിഭാഷക സഹായം മാത്രമാണ്. കോടതിക്ക് നേരിട്ടുചെന്ന് ശേഖരിക്കാന്‍ കഴിയാത്ത ചില വിവരങ്ങള്‍ സമാഹരിക്കാനുള്ള ഒരു സംവിധാനം മാത്രമാണത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കൊള്ളാനോ തള്ളാനോ ഉള്ള അധികാരം കോടതിക്കുണ്ട്. അതായത് ഇത് കോടതിയുടെ നിരീക്ഷണമോ നിഗമനമോ പരാമര്‍ശമോ പോലുമല്ല.

അമിക്കസ് ക്യൂറി ബന്ധപ്പെട്ട എല്ലാ കക്ഷികളില്‍നിന്നും വിവരമാരാഞ്ഞോ അവര്‍ക്കു പറയാനുള്ളത് കേട്ടശേഷമോ അല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന ചര്‍ച്ചയും ഉയര്‍ന്നുവന്നിട്ടുണ്ട്. അങ്ങേയറ്റത്തെ ശാസ്ത്രീയ-സാങ്കേതികജ്ഞാനം ആവശ്യമുള്ള വിഷയമാണിത്. സാങ്കേതിക ജ്ഞാനമുള്ള കേന്ദ്ര ജലകമ്മീഷനും ചെന്നൈ ഐഐടി പോലുള്ള സംവിധാനങ്ങളും മഴയുടെ അമിതമായ വര്‍ദ്ധനവാണ് വെള്ളപ്പൊക്കത്തിനിടയാക്കിയിട്ടുള്ളത് എന്ന ശാസ്ത്രീയ നിഗമനത്തിലെത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര സമൂഹമാകെ പൊതുവിലും സാങ്കേതികജ്ഞാനമുള്ള വിദഗ്ധ സമിതികള്‍ പ്രത്യേകിച്ചും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതിയെ ആത്മാര്‍ത്ഥമായി അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് കോടതിയെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകന്‍റെ റിപ്പോര്‍ട്ടാണ് യാഥാര്‍ത്ഥ്യമെന്ന് പ്രചരിപ്പിക്കുന്നത്. ഇത് ബഹുമാനപ്പെട്ട കോടതിയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്.

കാരണം ഇക്കാര്യത്തില്‍ അന്തിമവിധി പറയേണ്ടതും തീരുമാനിക്കേണ്ടതും അമിക്കസ്ക്യൂറി അല്ല, കോടതിയാണ് എന്ന യാഥാര്‍ത്ഥ്യമാണ് ഇവര്‍ മറച്ചുവെയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ മെയ് 16 മുതല്‍ കേരളത്തില്‍ മഴക്കാല പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ജില്ലാ – സംസ്ഥാന തലത്തിലും വിവിധ യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. പ്രളയ സമയത്ത് ഒരോ ദിവസവും സംസ്ഥാന തലത്തില്‍ തന്നെ മോണിറ്ററിംഗ് സംവിധാനവും പ്രവര്‍ത്തിച്ചു.

പ്രളയത്തോത് നിയന്ത്രണത്തിന് ഡാമുകള്‍ ഉപയോഗിച്ചില്ലെന്നതാണ് വിമര്‍ശനങ്ങളില്‍ ഒന്ന്. എന്നാല്‍ വസ്തുത ഇതില്‍ നിന്നും വ്യത്യസ്തമാണ്.

ഇടുക്കി അണിക്കെട്ടിന്‍റെ പൂര്‍ണ്ണ സംഭരണ നിരപ്പ് 732.43 മീറ്ററാണ്. 2018 ഓഗസ്റ്റ് 10 ന് ഇടുക്കി അണക്കെട്ടിലെ നിരപ്പ് 731.82 മീറ്റര്‍ മാത്രമാണ്. വെള്ളം ഒഴുക്കിവിട്ട് ഓഗസ്റ്റ് 13 നകം 730 മീറ്ററിലേക്ക് സംഭരണ നിരപ്പ് താഴ്ത്തുന്നുണ്ട്. പെരുമഴ ഉണ്ടാകുന്നതിന് മുമ്പ് സംഭരണ നിരപ്പ് താഴ്ത്തി അധികജലം ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി കൈവരിച്ചിരുന്നു.

ഈ സമയത്ത് സംസ്ഥാനത്ത് ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ട ശരാശരി മഴ 98.5 മില്ലീമീറ്ററായിരുന്നു. ഈ മഴയിലെ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകളില്‍ ഉണ്ടായിരുന്നുവെന്ന് ചുരുക്കം. അതിനാല്‍ പ്രവചിക്കപ്പെട്ട മഴമൂലമുള്ള പ്രളയത്തിന്‍റെ തോത് നിയന്ത്രിക്കുന്നതിന് ഡാമുകള്‍ സജ്ജമായിരുന്നു.

പ്രളയ സമയത്ത് ഡാമിലേക്ക് വന്നിട്ടുള്ള വെള്ളത്തിന്‍റെ ഒരു വലിയ പങ്ക് ഡാമുകളില്‍ സംഭരിച്ചുവയ്ക്കുകയാണ് ചെയ്തത്. ശേഷിക്കുന്നവ മാത്രമാണ് തുറന്നുവിട്ടത.് ഉദാഹരണമായി പെരുമഴയുടെ സമയത്ത് ഇടുക്കി ഡാമില്‍ 2800 മുതല്‍ 3000 വരെ ഘനമീറ്റര്‍ വെള്ളം വന്നുചേര്‍ന്നിരുന്നു. എന്നാല്‍ ഈ സമയത്ത് പുറത്തേക്ക് ഒഴുക്കിയത് 1500 ഘനമീറ്റര്‍ വെള്ളം മാത്രമാണ്.

ആഗസ്റ്റ് 9 മുതല്‍ 22 വരെ ഇടുക്കി റിസര്‍വോയറിലേക്ക് ഒഴുകിയെത്തിയ 999 ദശലക്ഷം ഘനമീറ്റര്‍ വെള്ളത്തില്‍ പുറത്തേക്കൊഴുക്കിയത് 827 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. കക്കി-ആനത്തോട് ഡാമില്‍ ഈ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നത് 425 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. പുറത്തേക്കൊഴുക്കിയത് 379 ദശലക്ഷം ഘനമീറ്ററും.

ഇടമലയാര്‍ ഡാമില്‍ 646 ദശലക്ഷം ഘനമീറ്റര്‍ വെള്ളമെത്തിച്ചേര്‍ന്നപ്പോള്‍ പുറത്തേക്കൊഴുക്കിയതാവട്ടെ 590 ദശലക്ഷം ഘനമീറ്റര്‍ വെള്ളവും. അതായത് അപ്രതീക്ഷിതമായി പെയ്ത മഴയുടെ ഫലമായി ഒഴുകിയെത്തിയ വെള്ളത്തിന്‍റെ ഒരു പങ്ക് ഡാമുകള്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഈ അധിക ജലത്തെയും ഡാമുകള്‍ തടഞ്ഞുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ പ്രളയത്തിന്‍റെ കെടുതി ഇതിലും ശക്തമാകുമായിരുന്നു.

പമ്പയിലെ കണക്ക് പരിശോധിച്ചാല്‍ ഒഴുകിയെത്തിയ ആകെ വെള്ളത്തില്‍ ഡാമുകളുടെ പങ്ക് 30 ശതമാനത്തില്‍ താഴെയായിരുന്നു. ഒഴുകിയെത്തിയ വെള്ളത്തിന്‍റെ 12 ശതമാനം മാത്രമാണ് ബാണാസുരസാഗര്‍ തടഞ്ഞുവെച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് ഡാം മാനേജ്മെന്‍റിന്‍റെ പിശകാണ് ഈ ദുരന്തത്തിന്‍റെ കാരണത്തിലേക്ക് നയിച്ചതെന്ന വാദത്തിന്‍റെ പൊള്ളത്തരമാണ്.

ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്ന് പെരിയാറിലേക്ക് പരമാവധി ഒഴുക്കി വിട്ട വെള്ളം 2900 ഘനമീറ്റര്‍ മാത്രമാണ്. ഇതില്‍ രണ്ടും എത്തിച്ചേര്‍ന്ന ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്ന് പുറത്തുവന്നത് 7700 ഘനമീറ്റര്‍ വെള്ളവും. അതായത് 4800 ഘനമീറ്റര്‍ വെള്ളം മേല്‍ ഡാമുകളില്‍ നിന്നല്ലാതെ ഭൂതത്താന്‍കെട്ടിലെത്തിയിട്ടുണ്ട്.

ഭൂതത്താന്‍കെട്ടിന് താഴ് ഭാഗങ്ങളിലുള്ള മഴകൂടി കണക്കിലെടുത്താല്‍ പ്രളയമുണ്ടാക്കിയത് അതി ശക്തമായ മഴയാണെന്ന് വ്യക്തമാകും. അച്ചന്‍കോവില്‍, മീനച്ചിലാര്‍, ചാലിയാര്‍ തുടങ്ങിയ പുഴകളില്‍ ഡാമില്ല. ഡാമുകളില്ലാത്തിടത്ത് വെള്ളപ്പൊക്കമുണ്ടായത് ഡാം നിയന്ത്രണത്തില്‍ വന്ന പോരായ്മയാണെന്ന് പറഞ്ഞുകളയരുത് എന്ന ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട്.

പെരുമഴയ്ക്ക് മുമ്പേ ഡാമുകള്‍ തുറന്നില്ലെന്നും പെരുമഴയ്ക്കിടയില്‍ ഒരേ സമയം ഡാമുകള്‍ തുറന്നെന്നുമുള്ള വാദമാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ ജലസേചനവകുപ്പിന്‍റെയും വൈദ്യുതി വകുപ്പിന്‍റെയും ഉടമസ്ഥതയില്‍ ആകെ 82 അണക്കെട്ടുകളും ബാരേജുകളുമാണ് ഉള്ളത്. ഇതില്‍ പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം ഓഗസ്റ്റ് 9 ന് മുമ്പ് തന്നെ തുറന്നിട്ടുണ്ട്. അവയുടെ തീയ്യതി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.

ജലവിഭവ വകുപ്പിന്‍റെ ഡാമുകളില്‍ കാരാപ്പുഴ ഡാം തുറന്നത് ജൂണ്‍ ഒന്നിനാണ്. നെയ്യാര്‍, മംഗലം, പെരുവണ്ണാമുഴി എന്നീ മൂന്ന് ഡാമുകള്‍ ജൂണ്‍ 14-ാം തീയ്യതിയാണ് തുറന്നത്. ജുലൈ 19-ാം തീയ്യതിയാണ് കല്ലട, മലങ്കര എന്നീ ഡാമുകള്‍ തുറന്നത്. ജൂലൈ 27-ാം തീയ്യതി പീച്ചിയും ജുലൈ 31-ാം തീയ്യതി പോത്തുണ്ടിയും തുറന്നു. ആഗസ്റ്റ് ഒന്നാം തീയ്യതി മലമ്പുഴ ഡാമും, രണ്ടാം തീയ്യതി വാഴാനിഡാമും തുറന്നുവിട്ടു. ആഗസ്റ്റ് പത്താം തീയ്യതിയാണ് ചിമ്മിനി ഡാം തുറന്നത്. ആഗസ്റ്റ് 13-ാം തീയ്യതി മീന്‍കരയും 14-ാം തീയ്യതി ചുള്ളിയാറും വാഴയാറും തുറന്നു.

ശിരുവാണി ഡാമാവട്ടെ ഗെയ്റ്റില്ലാത്തതിനാല്‍ ഒരിക്കലും അടക്കാറില്ല. കാഞ്ഞിരപ്പുഴയാവട്ടെ അറ്റകുറ്റപണികളാല്‍ ഈ സീസണില്‍ അടച്ചിട്ടേയില്ല. ഭൂതത്താന്‍കെട്ട്, മണിയാര്‍, പഴശ്ശി ബാരേജുകളും മെയ്, ജൂണ്‍ മാസങ്ങളിലായി തുറന്നുകിടക്കുകയുമായിരുന്നു.

വൈദ്യുതി ബോര്‍ഡിന്‍റെ പ്രധാന ഡാമുകളുടെ സ്ഥിതി പരിശോധിച്ചാലും സ്ഥിതി സമാനമാണ്. ജൂണ്‍ മാസത്തില്‍ മൂന്ന് ഡാമുകളും ജുലൈ മാസത്തില്‍ 13 ഡാമുകളും തുറന്നു. ഇടുക്കി, പമ്പ, ആനത്തോട് എന്നീ ഡാമുകള്‍ ഓഗസ്റ്റ് 10 ന് മുമ്പ് തുറക്കുകയുണ്ടായി. ഇങ്ങനെ വൈദ്യുതി ബോര്‍ഡിന്‍റെ ഡാമുകളും തുറന്നുവിട്ടത് വ്യത്യസ്ത സമയങ്ങളിലാണ്.

അതായത് ഓഗസ്റ്റ് 14 മുതല്‍ 16 വരെ പെരുമഴ പെയ്യുന്നതിനിടയില്‍ പെട്ടെന്ന് ഒരേ സമയം ഡാമുകള്‍ തുറന്നുവിട്ടത് ദുരന്തത്തിനിടയാക്കി എന്ന വാദം സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. പെരുമഴയ്ക്ക് മുമ്പ് തന്നെ ഡാമുകള്‍ തുറന്നില്ല എന്ന് പ്രചരിപ്പിക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണ് എന്ന് കാണാം.

2280 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമേ കേരളത്തിലെ നദികള്‍ക്കുള്ളൂ. എന്നാല്‍ 14000 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഓഗസ്റ്റ് 14 ന് ശേഷമുള്ള പെരുമഴക്കാലത്ത് മഴയിലൂടെ ഒഴുകിയെത്തിയത്. പ്രളയത്തെ സംബന്ധിച്ച് ശാസ്ത്രീയമായി പഠനങ്ങള്‍ നടത്തുന്ന ആധികാരിക ഏജന്‍സിയായ കേന്ദ്ര ജലകമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്ത് 13 മുതല്‍ 19 വരെ കേരളത്തിലെ ആകെ മഴയില്‍ 362% വര്‍ധനവാണ് ഉണ്ടായത്

ഇടുക്കിയില്‍ മാത്രം ഇത് 568% അധികമായിരുന്നു. അതായത് ഈ മഴയില്‍ ഒഴുകിയെത്തിയ വെള്ളം ഉള്‍ക്കൊള്ളാന്‍ നമ്മുടെ നദികള്‍ക്ക് കഴിഞ്ഞില്ല. ഇതാണ് പ്രളയമുണ്ടാക്കിയതെന്ന് സാമാന്യയുക്തിയുള്ളവര്‍ക്ക് മനസ്സിലാകും. ഇതേ സമയം തന്നെ കടല്‍ നിരപ്പ് ശരാശരിയില്‍ നിന്നും ഓഗസ്റ്റ് 10-ാം തീയ്യതി മുതല്‍ അസ്വാഭാവികമായ വേലിയേറ്റം മൂലം ഉയര്‍ന്ന് നില്‍ക്കുകയും അതിനാല്‍ കരയില്‍ നിന്ന് കടലിലേക്ക് ജലം ഒഴുകുന്നത് നിര്‍ണ്ണായകമായ നിലയില്‍ തടയപ്പെടുകയും ചെയ്തിരുന്നു.

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. കൃത്യമായ മുന്നറിയിപ്പ് ഇക്കാര്യത്തില്‍ നല്‍കിയതായി കാണാം. മലമ്പുഴ, പീച്ചി, ചിമ്മിണി, കല്ലട ഉള്‍പ്പെടെയുള്ള ജലസേചന വകുപ്പിന്‍റെ എല്ലാ ഡാമുകളും ജാഗ്രതാനിര്‍ദ്ദേശത്തോടെ തന്നെയായിരുന്നു തുറന്നത്. ഇടുക്കി, ഇടമലയാര്‍, പമ്പ, കക്കി, ആനത്തോട് തുടങ്ങിയ വൈദ്യുതി വകുപ്പിന്‍റെ പ്രധാന ഡാമുകളിലെല്ലാം വിവിധ തരത്തിലുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത്തരം മുന്നറിയിപ്പുകള്‍ മാധ്യമങ്ങള്‍ തന്നെ അതാത് സമയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്ലൂ, ഓറഞ്ച്, റെഡ് അലെര്‍ട്ടുകള്‍ ഒരോ സമയങ്ങളിലായി നല്‍കി തന്നെയാണ് ഡാമുകള്‍ തുറന്നത്. ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലിനെ അന്ന് മാധ്യമങ്ങള്‍ തന്നെ പ്രശംസിച്ചതാണ്. നദികളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങാന്‍ പാടില്ല എന്നതുള്‍പ്പെടെയുള്ള മുന്നറിയിപ്പുകള്‍ തന്നെയാണ് നല്‍കിയത്. സെല്‍ഫി എടുക്കുന്നവരെ പോലും പരിഗണിച്ചുകൊണ്ടുള്ള മുന്നറിയിപ്പായിരുന്നു ഇത്.

ആളുകളെ മാറ്റിതാമസിപ്പിക്കാനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനും കളക്ടര്‍ മുതലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൃത്യമായി തന്നെ രംഗത്തുണ്ടായിരുന്നു. സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും ഭരണതലത്തിലുള്ളവര്‍ ജനങ്ങളെ മഴയുടെ തീവ്രത ബോധ്യപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും വെള്ളം പാഞ്ഞുകയറുകയാണെന്നും പത്രസമ്മേളനങ്ങളിലൂടെയും വ്യക്തമാക്കിയത് മാധ്യമ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നുണ്ടാവും.

കേരളത്തിലെ പ്രധാന അണക്കെട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെ വിവിധ ഘട്ടങ്ങള്‍ സംബന്ധിച്ച് ജുലൈ 29 ന് തന്നെ വൈദ്യുതി ബോര്‍ഡ് യോഗം ചേര്‍ന്ന് വിശദമായ പ്രവര്‍ത്തനരേഖ ഓഗസ്റ്റ് 1 ന് പുറപ്പെടുവിച്ചിരുന്നു. പ്രളയ വേളയില്‍ അണക്കെട്ടുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമായ ധാരണ അണക്കെട്ടുകളുടെ നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇതിനുപുറമെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേര്‍ന്ന് രാത്രി സമയത്ത് പൊതുസുരക്ഷ പരിഗണിച്ച് അണക്കെട്ടുകള്‍ പുതുതായി തുറക്കരുത് എന്നും തീരുമാനിച്ചിരുന്നു.

കേരളത്തില്‍ അണക്കെട്ടുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചത് കേന്ദ്ര ജലകമ്മീഷനും ലോകബാങ്കും സഹകരിച്ചുകൊണ്ട് ഡാം റീഹാബിലിറ്റേഷന്‍ ആന്‍റ് ഇംപ്രൂവ്മെന്‍റ് പ്രോജക്ട് (ഡി.ആര്‍.ഐ.പി) എന്ന പദ്ധതിയില്‍ നിന്നാണ്. രാജ്യത്താകമാനം ഈ പ്രവര്‍ത്തനം ആരംഭിച്ചതും ഇതേ കാലയളവിലാണ്. എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ (ഇ.എ.പി) സൃഷ്ടിക്കാന്‍ ആവശ്യമായ മാര്‍ഗരേഖകള്‍ കേന്ദ്ര ജലകമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത് ഫെബ്രുവരി 2016 ലാണ്. ഈ മാര്‍ഗരേഖ പ്രകാരമുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവരുന്നു.

കേരളത്തിലെ 21 പ്രധാന ഡാമുകളില്‍ 20 എണ്ണത്തിന്‍റെയും എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കേന്ദ്ര ജലകമ്മീഷന് നല്‍കുകയും ഇവയില്‍ 8 എണ്ണം കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവയില്‍ 7 ഉം ഇടുക്കി ജില്ലയിലാണ്. ജലകമ്മീഷന്‍റെ മാര്‍ഗരേഖയില്‍ പരാമര്‍ശിക്കുന്ന 5 സ്റ്റേജ് നടപടികളും അണക്കെട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വിനിയോഗിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മാത്രം ആശ്രയിച്ചുവെന്ന വാദവും ഉയര്‍ന്നുവന്നിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് സംസ്ഥാനം ആശ്രയിക്കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെയാണ്. രാജ്യം പിന്തുടരുന്ന ഫെഡറല്‍ ഘടനയ്ക്കകത്ത് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുക സാധ്യമല്ല. ലഭിക്കുന്ന മുന്നറിയിപ്പുകള്‍ ശരിയാണോ അല്ലയോ എന്ന് ചോദ്യം ചെയ്യാനുള്ള അവകാശവും സംസ്ഥാനത്തിനില്ല.

ആ മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാവുക. കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനത്തില്‍ വലിയ വ്യതിയാനം സംഭവിച്ചുവെന്ന സത്യം ഭംഗ്യന്തരേണ അംഗീകരിക്കുകയാണ് ചെയ്യുന്നത് എന്നും വ്യക്തം. എന്നാല്‍ അതിന്‍റെയും പഴി സംസ്ഥാനത്തിനുമേല്‍ ചാര്‍ത്താനുള്ള ശ്രമം നിയമപരമല്ലാത്തതും യുക്തിരഹിതവുമാണ്.

പ്രളയത്തിന്‍റെ ഘട്ടത്തില്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ കേന്ദ്ര ജലകമ്മീഷന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇത്തരം വാദക്കാരുടെ മുന അന്നേ ഒടിഞ്ഞതാണ്. അവര്‍ വ്യക്തമാക്കിയ ഒരു കാര്യം ഒരിക്കല്‍ കൂടി ശ്രദ്ധയില്‍പ്പെടുത്തട്ടെ. 2280 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമേ കേരളത്തിലെ നദികള്‍ക്കുള്ളൂ. എന്നാല്‍ 14000 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് മഴയിലൂടെ ഒഴുകിയെത്തിയതെന്നും കേന്ദ്ര ജലകമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ജലകമ്മീഷന്‍റെ മറ്റൊരു നിഗമനവും ഈ ഘട്ടത്തില്‍ ഓര്‍മ്മിപ്പിക്കട്ടെ. പ്രളയം നിയന്ത്രിക്കാന്‍ മാത്രം ശേഷിയുള്ള ജലസംഭരണികള്‍ കേരളത്തിലില്ല എന്നതാണത്. അതുകൊണ്ട് അണക്കെട്ടുകള്‍ ഇല്ലാതാക്കുകയല്ല, അച്ചല്‍ കോവില്‍, മീനച്ചിലാര്‍ തുടങ്ങിയ നദികളില്‍ കൂടി അണകെട്ടി വെള്ളം സംഭരിക്കുന്ന കാര്യം ആലോചിക്കുകയാണ് വേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കുകയാണ് ചെയ്തത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയുന്ന വിധം ജലസംഭരണം മെച്ചപ്പെടുത്തണമെന്ന പാഠം കൂടി നല്‍കുകയാണ് ചെയ്തത് എന്നതും ഓര്‍മ്മിപ്പിക്കട്ടെ.

പ്രളയ ദുരന്തത്തെ സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷന്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടിനെ ഗൗരവമായി കണ്ടുകൊണ്ട് അതിലെ കണ്ടെത്തലുകളെയും ശിപാര്‍ശകളെയും അവലോകനം നടത്തി നിര്‍ദ്ദേശങ്ങളും പരിഹാരമാര്‍ഗങ്ങളും സമര്‍പ്പിക്കാന്‍ ഒരു ഉന്നത തല സംയുക്ത സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ആ സമിതിയുടെ നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും കണക്കിലെടുത്തുകൊണ്ട് നടപടികളും സ്വീകരിച്ചിരുന്നു. രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ.

ഭാവിയില്‍ ഒരു പ്രളയം ഉണ്ടായാല്‍ അതിനെ മറികടക്കാന്‍ കഴിയുന്നവിധത്തിലുള്ള പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. കേരളത്തിന്‍റെ പാരിസ്ഥിതികമായ സവിശേഷതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള പുനര്‍നിര്‍മ്മാണമെന്ന കാഴ്ചപ്പാട് ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുവയ്ക്കുന്നത്. കേരള പുനര്‍നിര്‍മ്മാണ പദ്ധതി ഇത്തരമൊരു ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും ഡാമുകളുടെ റിസര്‍വോയര്‍ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിച്ചുകൊണ്ടും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പുനര്‍നിര്‍മ്മാണ പദ്ധതി വിഭാവനം ചെയ്യുന്നു.

പ്രളയത്തിന്‍റെ ദുരിതങ്ങളെ ഒറ്റക്കെട്ടായി നാം നേരിടുകയും അത് ലോകശ്രദ്ധ തന്നെ നേടിയെടുക്കുകയും ചെയ്തതാണ്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്‍റെ ഭാഗമായി സാലറി ചലഞ്ച് പോലുള്ള പദ്ധതികള്‍ മുന്നോട്ടുവച്ചപ്പോഴും അതിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഇത്തരം പ്രചരണങ്ങളുമായി രംഗത്തുവരികയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് ലഭിക്കേണ്ട സഹായങ്ങളെ തടഞ്ഞവരും വിദേശ മലയാളികളുടെ സഹായങ്ങള്‍ സംഭരിക്കുന്നതിന് തടസ്സം സൃഷ്ടിച്ച രാഷ്ട്രീയ ശക്തികളും തെറ്റായ പ്രചരണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത് നാടിനോടുള്ള താത്പര്യമല്ല. മറിച്ച് തിരഞ്ഞെടുപ്പിന്‍റെ വേളയില്‍ രാഷ്ട്രീയ ലാഭം നേടാനുള്ള ഇടപെടലാണെന്ന് പ്രബുദ്ധരായ മലയാളികള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

മലയാളിയുടെ സാംസ്കാരികവും നവോത്ഥാനപരവുമായ പാരമ്പര്യങ്ങളും അത് സൃഷ്ടിച്ച കൂട്ടായ്മയുമാണ് ഇത്തരമൊരു ദുരന്തത്തെ മറികടക്കുന്നതിന് നമുക്ക് കരുത്തായി തീര്‍ന്നത്. ഈ ദുരന്തത്തെ അതിജീവിക്കുന്നതിന് കൈ-മെയ് മറന്ന് പ്രവര്‍ത്തിച്ച എല്ലാ വിഭാഗം ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം പ്രചരണങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ലോകത്തെമ്പാടും അംഗീകാരം നേടിയ നമ്മുടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തന്നെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങള്‍ കേരളീയര്‍ ഒറ്റക്കെട്ടായി തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. ഇത്തരം പ്രചരണങ്ങള്‍ കേരളീയര്‍ ഒന്നായി മറികടന്ന പ്രവര്‍ത്തനങ്ങളെ തന്നെ ഇകഴ്ത്തിക്കെട്ടുന്നതിനുള്ള ഇടപെടലാണെന്നും തിരിച്ചറിയണം.