ഗുജറാത്തില്‍ ഒരു കൂട്ടം ദളിതരായ ചെറുപ്പക്കാരെ നഗ്‌നരാക്കി മര്‍ദ്ദിക്കുന്ന കാഴ്ച കണ്ട് ലോകം തന്നെ ഞെട്ടിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊല്ലത്ത് കെഎന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെയാകെ ബിജെപി തകര്‍ക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും ജനങ്ങളെ ഒരുപോലെ ദ്രോഹിച്ചു.

രാജ്യത്തെ ബിജെപി മന്ത്രിമാരില്‍ പലരും പഴയ കോണ്‍ഗ്രസ് നേതാക്കളാണ്. ഇപ്പോഴും ഒരു മാറ്റവുമില്ലാതെ അത് തുടരുകയാണല്ലോ. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുമ്പോള്‍ വിശ്വാസം വളരെ പ്രധാനമാണ്. ഉറച്ച നിലപാട് ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ നിന്നുമാത്രമെ പ്രതീക്ഷിക്കാവുവെന്നും അദ്ദേഹം പറഞ്ഞു.

ബദല്‍ നയത്തിന്റെ പ്രത്യേകതയെന്തെന്ന് കേരളത്തില്‍ നമുക്ക് കാണാനാകും. കേരളത്തില്‍ 2016 വരെ മന്‍മോഹന്‍സിംഗും നരേന്ദ്രമോഡിയും നടപ്പാക്കുന്ന ഉദാരവത്കരണ നയങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാരായിരുന്നു ഉണ്ടായിരുന്നത്.

2016 ലാണ് എല്‍ഡിഎഫ് വന്നത്. മൂന്ന വര്‍ഷക്കാലയളവില്‍ വലിയ മാറ്റമാണുണ്ടായത്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്ന് രാജ്യം സാക്ഷ്യപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

2016ല്‍ യുഡിഎഫിന്റെ അവസാന ഘട്ടത്തില്‍ ആളുകള്‍ ടിവി പോലും പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. കുട്ടികളെ ടിവി കാണിക്കാന്‍ പറ്റാത്ത വിധം ജീര്‍ണതയായിരുന്നു അന്നുണ്ടായിരുന്നത്.എന്നാല്‍ ഇന്ന് ഉയര്‍ന്ന രാഷ്ട്രീയ സംസ്‌കാരമാണ് കേരളത്തിലുള്ളത്.

കേരളത്തില്‍ ഒന്നും നടക്കില്ല എന്ന നിരാശയില്‍ നിന്നും ആളുകള്‍ മാറി. വലിയ തോതിലാണ് മാറ്റങ്ങള്‍ ഉണ്ടായത്. നാഷണല്‍ ഹൈവേ നടക്കില്ലെന്ന് ചിന്തിക്കുന്നവര്‍ ഇന്നാരുമില്ലാതായിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഗെയില്‍ പദ്ധതി തെരഞ്ഞടുപ്പ് കഴിയുന്നതോടെ നാടിന് സമര്‍പ്പിക്കും.

പട്ടികകള്‍ അങ്ങനെ നിരവധിയുണ്ട്. 3,41000 കുട്ടികളാണ് പൊതുവിദ്യാലയത്തില്‍, മറ്റ് സ്‌കൂളുകളില്‍ നിന്നും മാറിവന്ന് പഠനം തുടരുന്നത്. ഇതാണ് ബദല്‍ നയം.

രാജ്യം മുഴുവന്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നരേന്ദ്രമോഡി എന്നുച്ചരിക്കാന്‍ ശ്രമിക്കാത്ത സ്ഥാനാര്‍ഥികളാണ് നിങ്ങളോട് വോട്ടുചോദിക്കുന്നതെന്നോര്‍ക്കണമെന്നും പിണറായി പറഞ്ഞു