നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി എല്‍.കെ.അദ്വാനി

നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി എല്‍.കെ.അദ്വാനി.ആദ്യം രാജ്യം, പിന്നെ പാര്‍ടി, അതിന് ശേഷം മാത്രം വ്യക്തികളെന്ന് അദ്വാനി. വിയോജിക്കുന്നവരെ രാജ്യവിരുദ്ധരായി കാണുന്നത് പാര്‍ടി നിലപാട് അല്ലെന്നും ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് എഴുതിയ ബ്ലോഗില്‍ അദ്വാനി വ്യക്തമാക്കി. താനാണ് പാര്‍ടി സ്ഥാപകനെന്നും അദ്വാനി ഓര്‍മിപ്പിക്കുന്നു.

നേതൃരംഗത്ത് നിന്നും മോദി അകറ്റി നിറുത്തിയ എല്‍.കെ.അദ്വാനി മൗനം വെടിഞ്ഞ് വിമര്‍ശനവുമായി രംഗത്ത് എത്തി.പാര്‍ടി സ്ഥാപക ദിനത്തോടനുബന്ധിച്ച് എഴുതിയ ബ്ലോഗില്‍ ബിജെപിയുടെ ഇപ്പോഴത്തെ പോക്കിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.

ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനാണ് ബിജെപി സ്ഥാപിച്ചത്.പക്ഷെ ഇപ്പോള്‍ അങ്ങനെ അല്ലെന്ന് പരോക്ഷമായി ചൂണ്ടികാട്ടി തുടങ്ങുന്ന ബ്ലോഗില്‍ വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്രത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

വിയോജിക്കുന്നവരെ രാജ്യവിരുദ്ധരായി കാണുന്നതല്ല നയം.ആദ്യം രാജ്യം പിന്നീട് പാര്‍ടി അതിന് ശേഷം വ്യക്തി എന്ന ആശയത്തിലാണ് പാര്‍ടി സ്ഥാപിച്ചതെന്നും മോദിയുടെ ഏകാധിപത്യത്തെ സൂചിപ്പിച്ച് കൊണ്ട് എല്‍കെ അദ്വാനി തുറന്ന് എഴുതുന്നു.

ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന പാര്‍ടിയാണ് ബിജെപിയെന്നും മോദി-അമിത് ഷാ നേതൃത്വത്തെ അദ്വാനി ഓര്‍മ്മിപ്പിക്കുന്നു. ഗാന്ധിനഗര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് ശേഷം എഴുതുന്ന ആദ്യ ബ്ലോഗില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നു.

മോദി പ്രധാനമന്ത്രിയായതോടെ അദ്വാനിയെ പാര്‍ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഒഴിവാക്കി.ഏറ്റവും അവസാനം ലോക്സഭ സീറ്റ് പോലും പഴയ ഗുരുനാഥന് മോദി നല്‍കിയില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here