ഇന്നസെന്റിന് വേണ്ടി വോട്ടഭ്യർഥിച്ച് കുട്ടികളുടെ കലാ സംഘം. പെരുമ്പാവൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് തെരുവ് നാടകവും പാട്ടുകളുമായി ബാലസംഘത്തിലെ കുട്ടികൾ എത്തിയത്.

രാജ്യത്തെ സമാധാനം നശിപ്പിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിന് എതിരായ പ്രചരണം കാണാൻ നാട്ടുകാരും എത്തി. വെമുല മുതൽ ജമ്മു കാശ്മീരിലെ ആസിഫ വരെ കഴിഞ്ഞ 5 വർഷക്കാലം രാജ്യത്തെ ബാല്യങ്ങളുടെ പ്രതീക്ഷ തല്ലി കെടുത്തിയ സംഘപരിവാർ രാഷ്ട്രീയത്തെ കുട്ടികൾ വരച്ചു കാട്ടി.

വേനൽതുമ്പി കലാജാഥകളുമായി എല്ലാ അവധിക്കാലത്തും ബാലസംഘം എത്താറുണ്ട്. എന്നാൽ ഇട് മഴപെയ്തു തണുത്ത പെരുമ്പാവൂരിൽ ഇക്കുറി വേനൽതുമ്പികൾ എത്തിയത് ഇന്നസെൻ്റിന് വേണ്ടിയായിരുന്നു.

രാജ്യത്തെ അഞ്ചുവർഷം കൊണ്ട് തകർത്തെറിഞ്ഞ മോദി സർക്കാരിൻറെ നോട്ട് നിരോധനവും കർഷക ആത്മഹത്യയും സ്ത്രീപീഡനങ്ങളും എല്ലാം കുട്ടികൾ കഥകളായും കവിതകളായും നാടകങ്ങൾ ആയും അവതരിപ്പിച്ചു.

 

കുട്ടികളുടെ പരിപാടിക്ക് വലിയ ജനപിന്തുണയാണ് പെരുമ്പാവൂരിൽ ലഭിച്ചത്. ബസ്സിൽ കടന്നുപോകുന്ന യാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരും വാഹനം നിർത്തി പരിപാടികൾ ആസ്വദിച്ചു.