കണ്ണൂരിൽ മുസ്ലിം പള്ളികളിൽ സി പി ഐ എം ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയവർ കുടുങ്ങും.വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തണമെന്നും പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സി പി ഐ എം തിരഞ്ഞെടുപ്പ് കമ്മീഷനും ഡി ജി പി ക്കും പരാതി നൽകി.സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് പരാതി നൽകിയത്.

തിരഞ്ഞെടുപ്പ് കാലമായതോടെ മത സ്പർദ വളർത്തുക ലക്ഷ്യം വച്ച് വ്യാപകമായ നുണ പ്രചാരണമാണ് സമൂഹ മാധ്യമങ്ങൾ വഴി നടത്തുന്നത്.സി പി ഐ എമ്മിന് എതിരെയും എൽ ഡി എഫ് നേതാക്കൾക്കും സ്ഥാനർത്ഥികൾക്കും എതിരെയുമാണ് ഇത്തരത്തിൽ വ്യാജ പ്രചാരണം.

കണ്ണൂർ ജില്ലയിൽ മുസ്ലിം പള്ളികളിൽ ആരാധനാ സ്വാതന്ത്ര്യം തടയുന്നു,പള്ളിയിൽ ഖബറടക്കാൻ അനുവദിക്കുന്നില്ല തുടങ്ങിയ വ്യാജ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസ്സ്, ലീഗ് പ്രവർത്തകരാണ്.

സി പി ഐ എം നേതാക്കളെ കൊലയാളികൾ എന്ന് മുദ്ര കുത്തിയുള്ളതാണ് മറ്റൊരു പ്രചരണം. സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച ഇത്തരം പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ തെളിവായി നൽകിയാണ് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പരാതി നൽകിയത്.

യു ഡി എഫാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് സി പി ഐ എം ആരോപിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ,ഡി ജി പി,ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്കാണ് പരാതി നൽകിയത്.ഇന്ത്യൻ ശിക്ഷാ നിയമം,ജനപ്രതിന്ത്യ നിയമം,ഐ ടി ആക്റ്റ് തുടങ്ങിയ ഉപയോഗിച്ച് കേസ് എടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.