പാക്ക് വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക; നല്‍കിയ വിമാനങ്ങളുടെ എണ്ണത്തില്‍ കുറവില്ല

ദില്ലി: പാക്കിസ്ഥാന്റെ എഫ്-16 വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്കന്‍ സൈനീക വൃത്തങ്ങള്‍.

പാക്കിസ്ഥാന് നല്‍കിയ വിമാനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് യുഎസ് പ്രതിരോധവൃത്തങ്ങള്‍ പരിശോധിച്ച് സ്ഥിതീകരിച്ചെന്ന് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് രൂക്ഷമായ ഇന്ത്യാ-പാക്ക് സംഘര്‍ഷ സമയത്ത് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ വിമാനത്തെ തകര്‍ത്തെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.

അമേരിക്കന്‍ നിര്‍മിത എഫ്-16 വിമാനത്തില്‍ ഉപയോഗിക്കുന്ന അമറാം മിസൈല്‍ അവശിഷ്ടങ്ങള്‍ ഇന്ത്യ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ എഫ്-16 വിമാനം തകര്‍ന്നിട്ടില്ലെന്ന് യുഎസ് സൈനീക വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു.

മറ്റൊരു രാജ്യത്തിന് നേരെ ഉപയോഗിക്കരുതെന്ന ഉപാധികളോട് നല്‍കിയ എഫ്-16 വിമാനങ്ങള്‍ എല്ലാം പാക്കിസ്ഥാന്റെ പക്കലുണ്ടെന്ന് യുഎസ് പ്രതിരോധ വിഭാഗം അറിയിച്ചെന്ന് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വിമാനം വെടിവച്ചിട്ടെന്ന് ഇന്ത്യന്‍ അവകാശവാദത്തിന് പിന്നാലെ പാക്കിസ്ഥാന്‍ അമേരിക്കയെ വിമാനം പരിശോധിക്കാന്‍ ക്ഷണിച്ചിരുന്നു.

പാക്കിസ്ഥാനിലെത്തി എഫ്-16 വിമാനങ്ങള്‍ അമേരിക്ക എണ്ണി തിട്ടപ്പെടുത്തിയെന്നാണ് അമേരിക്കന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. മിഗ് 21 ഉപയോഗിച്ച് അഭിനന്ദന്‍ വര്‍ത്തമാനാണ് പാക്കിസ്ഥാന്‍ വിമാനം തകര്‍ത്തത്.

പാക്ക് അതിര്‍ത്തിക്കുള്ളില്‍ വിമാനം വീഴുന്നതിന് സാക്ഷികളുണ്ട്. ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍ ഇന്ത്യ കണ്ടെടുത്തെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News