ഇതാണ് നന്മ; ഇതാണ് ഒരു ജനതയുടെ പ്രതീക്ഷ: അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സജീറയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: രാജ്യത്ത് തന്നെ അപൂര്‍വമായി കാണപ്പെടുന്ന ഹെയറി സെല്‍ ലുക്കീമിയ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കുള്ള ചികിത്സാ ചിലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ലഭിക്കാനില്ലാത്തതിനാല്‍ മരണം മുന്നില്‍ കണ്ട് കഴിയുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി ശൈലജ ടീച്ചറുടെ ഇടപെടല്‍.

മന്ത്രി ശൈലജ ടീച്ചറുടെ വാക്കുകള്‍:

വളരെയധികം വേദനയോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സജീറയുടെ അവസ്ഥ വായിച്ചത്. ആര്‍.സി.സി.യില്‍ ചികിത്സയിലുള്ള സജീറയുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ബാധിച്ച ഹെയറി സെല്‍ ലുക്കീമിയ (Hairy Cell Leukemia) എന്ന രോഗത്തിന്റെ ചികിത്സിക്കാനാവശ്യമായ ക്ലാഡ്രിബിന്‍ (Cladribine) എന്ന മരുന്ന് ലഭിക്കാനില്ലാത്തതിനാല്‍ മരണം മുന്നില്‍ കണ്ട് കഴിയുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഈയൊരു സന്ദേശം കണ്ട് അതിന്റെ സത്യാവസ്ഥയറിയാന്‍ ആര്‍.സി.സി. ഡയറക്ടറെ ബന്ധപ്പെട്ടു. അവരുടെ അന്വേഷണത്തില്‍ ഹെയറി സെല്‍ ലുക്കീമിയ ബാധിച്ച രണ്ട് രോഗികള്‍ ആര്‍.സി.സി.യില്‍ ചികിത്സയിലുണ്ടെന്ന് കണ്ടെത്തി. അവര്‍ക്ക് ചികിത്സയ്ക്കാവശ്യമായ ക്ലാഡ്രിബിന്‍ (Cladribine) മരുന്ന് കിട്ടാനില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായിട്ടാണ് ഇത്തരത്തിലുള്ള രോഗം കാണുന്നത്. ഈ മരുന്ന് ഉദ്പാദിപ്പിച്ചിരുന്ന കമ്പനി അതിന്റെ ഉദ്പാദനം നിര്‍ത്തിവെച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് മരുന്നിന് ക്ഷാമമുണ്ടായത്. എവിയെങ്കിലും ഈ മരുന്ന് ലഭ്യമായാല്‍ അത് ഈ രോഗികള്‍ക്ക് ലഭ്യമാക്കിക്കൊടുക്കാന്‍ നിര്‍ദേശിച്ചു.

എറണാകുളത്തുള്ള ഒരു കമ്പനിയാണ് ഈ മരുന്നിന്റെ വിതരണം നടത്തുന്നത്. മരുന്നിന്റെ നിര്‍മ്മാണം നിര്‍ത്തിയതിനാല്‍ അവര്‍ക്കും സ്റ്റോക്ക് കുറവാണ്. എങ്കിലും ഇവര്‍ക്ക് ചികിത്സിക്കാനാവശ്യമായ മരുന്ന് ലഭിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

60,000ത്തോളം രൂപ വിലയുള്ള ഈ മരുന്നിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചിട്ടുണ്ട്. എത്രയും വേഗം ഇവരുടെ തുടര്‍ ചികിത്സ നടത്താനാകുമെന്നാണ് കരുതുന്നത്. വളരെ വേഗത്തില്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ച് വരട്ടെയെന്ന് എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here