
മുരിക്കാശേരി( ഇടുക്കി): ബിജെപിയെ പരാജയപ്പെടുത്താന്‍ കിട്ടുന്ന ഓരോ അവസരവും കോണ്‍ഗ്രസ് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതിലുപരിയായി കോണ്‍ഗ്രസ് തങ്ങളുടെ സങ്കുചിത രാഷ്ട്രീയം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഇടുക്കി മുരിക്കാശേരിയില്‍ ലോക്‌സഭ സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിശാലമായ ബിജെപി വിരുദ്ധ മുന്നേറ്റത്തെ കോണ്‍ഗ്രസ് തകര്‍ത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയേയടക്കം കേരളത്തിലെ മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കും.
വീരപോരാളിയാണെങ്കില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കണ്ടേ എന്നും കോടിയേരി ചോദിച്ചു.ഒരു കോണ്‍ഗ്രസുകാരന്‍ പോലും ജയിക്കാതെ ബിജെപിയേ കേന്ദ്രത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയുമെന്ന് 2004 ലെ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്.
അന്ന് കിട്ടിയത് 18 സീറ്റാണെങ്കില്‍ ഇത്തവണ അതിനേക്കാള്‍ വര്‍ധിക്കുമെന്നും കോടിയേരി പറഞ്ഞു. പതിനഞ്ച് വര്‍ഷം എംപിയായ നാട്ടില്‍ ഒരു തരംഗം പോയിട്ട് കാറ്റ് പോലും രാഹുല്‍ ഉണ്ടാക്കിയില്ലല്ലോ.
ഉത്തര്‍ പ്രദേശിലെ എണ്‍പത് സീറ്റില്‍ തരംഗമുണ്ടാക്കാതെ കേരളത്തിലെ 20 സീറ്റിലേക്ക് മത്സരിക്കേണ്ട ആവശ്യമുണ്ടോ. അതായത് കേരളത്തിലേക്ക് രാഹുല്‍ ഗാന്ധി ഓടി രക്ഷപ്പെട്ടിരിക്കുകയാണ്.
പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ ശക്തമായ ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി നേരെ സീറ്റില്‍ നിന്നും എഴുന്നേറ്റ് നരേന്ദ്രമോഡിയെ ഉമ്മവയ്ക്കുയാണ്.
അതേ തരത്തില്‍ സിപിഐ എമ്മിനെതിരെ സംസാരിക്കുകയും എന്നിട്ടിവിടെ വന്ന് മിണ്ടുന്നില്ല എന്നും പറയും. ഇതാണ് കോണ്‍ഗ്രസിന്റെ നയം.
രാഹുല്‍ ഒന്നും പറഞ്ഞില്ലെങ്കിലും നിങ്ങളുടെ നയം തുറന്നുകാട്ടി വയനാട്ടില്‍ എല്‍ഡിഎഫ് വിജയം നേടുമെന്നും കോടിയേരി വിശദീകരിച്ചു.
ഉത്തരേന്ത്യയില്‍ ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് കരോള്‍ ആഘോഷങ്ങള്‍ക്കായി പുറത്തിറങ്ങാന്‍ കഴിയാത്ത ഭീതിതമായ സാഹചര്യം ആര്‍എസ്എസുകാര്‍ സൃഷ്ടിച്ചു.
പോപ്പ് ഫ്രാന്‍സിസിനെ ഇതുവരെ ഇന്ത്യയിലേക്ക് വരാന്‍ ബിജെപി അനുവദിച്ചിട്ടില്ല. ഒരു മതവിഭാഗത്തോട് സ്വീകരിക്കുന്ന ശത്രുതാപരമായ മനോഭാവമാണിത്.
അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായിട്ടും അദ്ദേഹം ഇക്കാര്യത്തില്‍ ഇടപെട്ടില്ല. കള്ളപ്പണക്കാരെ രക്ഷിക്കുകയാണ് ബിജെപി ഭരണത്തില്‍ നരേന്ദ്ര മോഡി ചെയ്തത്.
ബാങ്കുകളില്‍ ക്യൂ നിന്ന് നോട്ട് നിരോധനത്തിന്റെ കാലത്ത് 150 പേര്‍ മരിച്ചു. പ്രതീക്ഷയോടെ ജീവിച്ച ഇന്ത്യയിലെ കൃഷിക്കാര്‍ക്ക് കണ്ണുനിര്‍ മാത്രമാണുള്ളത്.
60,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കോണ്‍ഗ്രസ് എന്നും വാഗ്ദാനം മാത്രം നല്‍കും. കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ച കാലത്താണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.
ഒരു പ്രതിയെ പോലും ജയിലില്‍ അടയ്ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇതുവരെ കഴിഞ്ഞില്ല. അഞ്ച് കൊല്ലം പാര്‍ലമെന്റില്‍ മുത്തലാക്ക് അടക്കമുള്ള കാര്യത്തില്‍ ബിജെപിയുമായി കോണ്‍ഗ്രസ് സഹകരിച്ചു.
അവര്‍ ഒത്തുകളിക്കുകയായിരുന്നു. രാമക്ഷേത്രം നിര്‍മിക്കാന്‍ വോട്ടുചെയ്യണമെന്ന് കോണ്‍ഗ്രസ് പറയുന്നു. പത്തനംതിട്ടയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി രാത്രികാലങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ വീടുകളിലേയ്ക്ക് പോകുന്നു.
പത്തനംതിട്ടയില്‍ രാത്രി കാലങ്ങളില്‍ കോണ്‍ഗ്രസുകാരെ ബിജെപിക്കാര്‍ പിടികുടാന്‍ തുടങ്ങുകയാണ്. ബിജെപിക്കാര്‍ വീട്ടില്‍ വരുന്നുണ്ടോ എന്നറിയാന്‍ സിസിടിവി ക്യാമറ വയ്ക്കുന്നത് നല്ലതായിരിക്കുമെന്നും കോടിയേരി പരിഹസിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here