തൃശൂര്‍ ഡിസിസി നേതാക്കള്‍ നിരന്തരം അപമാനിക്കുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്; വാര്‍ത്താ സമ്മേളനത്തിനിടെ കു‍ഴഞ്ഞുവീണു

തന്റെ സ്ത്രീത്വത്തെ അപമാനിച്ച കോണ്‍ഗ്രസ് നേതാവിനെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സംരക്ഷിക്കുകയാണെന്ന് മഹിളാ കോണ്ഗ്രസ് മുന്‍ വനിതാ നേതാവ്.

ആദര്‍ശത്തിന്റെ മുഖമൂടിയിണിഞ്ഞ് നാലുപേര്‍ കുടുന്നിടത്തും ക്യാമറകള്‍ക്കുമുന്നിലും സ്ത്രീസംരക്ഷണത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കാപട്യവും ദുഷ്ടതകളും ജനം തിരിച്ചറിയുമെന്നും തൃശൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ മെമ്പറും കോണ്‍ഗ്രസ് വനിതാ നേതാവുമായിരുന്ന ഷീല പത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിനിടെ പല തവണ മനംനൊന്ത് പൊട്ടിക്കരഞ്ഞ ഷീല പ്രസ്ക്ലബില്‍ കുഴഞ്ഞുവീണു. അവശയായ ഇവരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോണ്‍ഗ്രസ് യോഗത്തില്‍വച്ച് ഡിസിസി സെക്രട്ടറി കെ അജിത്കുമാര്‍ തന്റെ സ്ത്രീത്വത്തിനുനേരെ നിന്ദ്യമായ വാക്കുകളിലുടെ അധിക്ഷേപിച്ചതായാണ് ഷീലയുടെ പരാതി.

താന്‍ അപഥസഞ്ചാരിണിയാണെന്നാണ് ആക്ഷേപിച്ചത്. ഇതുസംബന്ധിച്ച് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരന്‍, മുല്ലപ്പിള്ളി രാമചന്ദ്രന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം പരാതി നല്‍കി.

വടക്കാഞ്ചേരി പൊലീസിലും വനിതാകമീഷനിലും പരാതി നല്‍കിയിട്ടുണ്ട്. അശരണയും, രോഗിയുമായ തന്നെ അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ വേട്ടക്കാരനെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്.

പരാതിക്കൊടുത്ത തന്നെ വിശദീകരണപോലും ചോദിക്കാതെ ഡിസിസി പ്രസിഡന്റായ ടി എന്‍ പ്രതാപന്‍ തന്നെ പാര്‍ടിയില്‍നിന്നും പുറത്താക്കി. തന്നെ ആക്ഷേപിച്ച വ്യക്തി ഇപ്പോള്‍ വടക്കാഞ്ചേരി മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റാണ്.

ഇപ്പോള്‍ തൃശൂര്‍ ലോകസഭാ സ്ഥാനാര്‍ഥിയായ ടി എന്‍ പ്രതാപന്‍ ഏതുവിധത്തിലുള്ള സ്ത്രീ സംരക്ഷണമാണ് ഉറപ്പാക്കുന്നത്.

അഞ്ചുവര്‍ഷം ജില്ലാ പഞ്ചായത്തില്‍ സഹപ്രവര്‍ത്തകരായിരുന്ന അനില്‍ അക്കര എംഎല്‍എയ്ക്ക് എപ്പോഴാണ് താന്‍ അനഭിമിതമായതെന്നും ഷീല ചോദിച്ചു. കോണ്‍ഗ്രസിലെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരസം സമിതി അധ്യക്ഷയായിരുന്നു താന്‍.

താന്‍ ജീവനുതുല്യം സ്നേഹിച്ച പാര്‍ട്ടിയില്‍നിന്ന് തനിക്ക് സഹായം തന്നില്ലെന്നുമാത്രമല്ല, എതിര്‍ പാര്‍ടിക്കാര്‍പോലും പറയാത്ത തരത്തിൽ അധിക്ഷേപിച്ചു.

മുണ്ടത്തിക്കോട് പഞ്ചായത്താഫീസില്‍ ദളിത് വനിതയെ കൈയേറ്റം ചെയ്തതിന് കെ അജിത്കുമാറിന്റെ പേരില്‍ കേസുണ്ട്. എല്ലാ മാസവും ഗുരുവായൂര്‍ എസിപിയുടെ ഓഫീസില്‍ ഒപ്പുവയ്ക്കണമെന്ന ഉപാധിയോടെയാണ് ഈ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഇത്തരക്കാരെയാണ് കോണ്‍ഗ്രസ് സംരക്ഷിക്കുന്നത്. താനൊരു അമ്മയാണ്. തനിക്കും മക്കളും കുടുംബമുണ്ട്. ഈ പരിഗണനയില്ലാതെ ദുഷ്പ്രചാരണം തുടരുകയാണ്.

തന്നെ ആക്ഷേപിച്ചതിനെതിരെ നടപടിവേണം. തന്റെ വ്യക്തിജീവിതവും പൊതുജീവിതവും കറയില്ലാത്തതാണ്. തനിക്ക് നീതി കിട്ടുന്നതുവരെ പോരാടുമെന്നും ഷീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭര്‍ത്താവ് പത്മനാഭനും ഒപ്പമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News