ഇലക്ടറൽബോണ്ടുകളുടെ നിയമസാധുത ചോദ്യംചെയ‌്തുള്ള ഹർജികൾ പരിഗണിക്കുന്നത‌് സുപ്രീംകോടതി ഏപ്രില്‍ 10ലേക്ക‌് മാറ്റി.

കേസിൽ വിശദമായ വാദംകേൾക്കേണ്ടതുണ്ടെന്ന‌് നിരീക്ഷിച്ചാണ‌് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ച‌് ഹർജി മാറ്റിയത‌്.

ഇലക്ടറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യംചെയ‌്ത‌് സിപിഐ എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക‌് റിഫോംസും കോമൺകോസുമാണ‌് സുപ്രീംകോടതിയെ സമീപിച്ചത‌്.

2019 ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുന്നോടിയായി ഇലക്ടറൽബോണ്ടിന്റെ രൂപത്തിൽ ശതകോടികൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതിൽ 90 ശതമാനവും ഭരണകക്ഷിയായ ബിജെപിക്കാണ‌് ലഭിച്ചതെന്നും ഹർജിക്കാർക്ക‌ുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത‌്ഭൂഷൺ വാദിച്ചു.

രാഷ്ട്രീയപാർടികൾ സംഭാവനകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട‌ സുതാര്യത പൂർണമായും ഇല്ലാതാക്കുമെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷൻ സത്യവാങ്മൂലം നൽകിയിരുന്നു.

എന്നാൽ, തെരഞ്ഞെടുപ്പ‌് കമീഷൻ വാദങ്ങളെ ശക്തമായി എതിർത്തും ഇലക്ടറൽ ബോണ്ടിനെ ന്യായീകരിച്ചും കേന്ദ്ര ധനമന്ത്രാലയം എതിർസത്യവാങ്മൂലം നൽകിയിട്ടുണ്ട‌്