ഏഴു വയസുകാരന്റെ മരണം; സംഭവം വേദനാജനകമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല; കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി

തിരുവനന്തപുരം: തൊടുപുഴയില്‍ യുവാവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് 7 വയസുകാരന്‍ മരണമടഞ്ഞ സംഭവം വേദനാജനകമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂര മര്‍ദനമുണ്ടാകുന്നത്. ഇതിനെതിരെ ശക്തമായ അവബോധം നടത്തേണ്ടതാണ്. കുട്ടികളോടുള്ള ഇത്തരം മനോഭാവത്തില്‍ വലിയ മാറ്റം വരുത്തണം.

തൊട്ടടുത്ത വീട്ടില്‍ കുട്ടികള്‍ പീഡനമനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കിയാല്‍ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനും കൂടിയാണ് ഈ സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പ് രൂപീകരിച്ച്. കുട്ടികള്‍ക്ക് നേരെയുള്ള എല്ലാവിധ അതിക്രമങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍ക്കാര്‍ തണല്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്.

1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണ്. എല്ലാവരും ഈ നമ്പര്‍ ഓര്‍മ്മിച്ച് വയ്ക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

തൊടുപുഴയില്‍ മര്‍ദനത്തിനിരയായ 7 വയസുകാരന്റെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക മെഡിക്കല്‍ സംഘത്തെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ അയച്ചിരുന്നു.

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോളജിസ്റ്റ്, ന്യൂറോ സര്‍ജന്‍, ശിശുരോഗ വിദഗ്ധര്‍ എന്നിവരാണ് വിദഗ്ധ സംഘത്തിലുണ്ടായിരുന്നത്. കുട്ടിയുടെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതുകൂടാതെ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും കുട്ടിയെ സന്ദര്‍ശിച്ച് രോഗവിവരങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News