ഞങ്ങളുടേത് കൂടിയാണ് ഈ ഭൂമി; ആമസോണില്‍ ജോലിയില്‍ പ്രവേശിച്ച മലയാളി ട്രാന്‍സ്ജെന്‍ററുകള്‍ സംസാരിക്കുന്നു

ആലപ്പുഴ: ‘‘ജനിക്കുന്നതിന് 10 നാൾ മുമ്പ് അച്ഛൻ മരിച്ചു. പിന്നെ ഈ ലോകത്ത‌് കൂട്ടായി അമ്മ സുകുമാരി മാത്രം.

ബന്ധുക്കളും നാട്ടുകാരും ഒരുപോലെ അകറ്റി നിർത്തി. നാട്ടുകാരെ പേടിച്ചായിരുന്നു ജീവിതം. ഇത‌് എന്റെ രണ്ടാം ജന്മമാണ‌്.

എന്റെ വ്യക്തിത്വം എന്റെ അഭിമാനമാണെന്ന‌് എനിക്ക‌് ഇനി ഈ ലോകത്തോട‌് വിളിച്ചുപറയണം’’–- ശിവ പറയുന്നു.

ബഹുരാഷ‌്ട്ര കമ്പനിയായ ആമസോൺ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച ആദ്യ മലയാളിയായ ട്രാൻസ‌്ജെൻഡർ ആലപ്പുഴക്കാരൻ ശിവയുടെ വാക്കുകളിൽ പുതുജീവിതത്തെ കുറിച്ചുള്ള ആത്മവിശ്വാസം നിറയുന്നു.

ആമസോണിൽ ജോലിയിൽ പ്രവേശിച്ച രണ്ട് മലയാളി ട്രാൻസ്‌ജെൻഡറുകളിൽ ഒരാളാണ് ശിവ. ജെയ്‌സൺ ആണ് രണ്ടാമത്തെയാൾ.

ആമസോൺ ഉൽപ്പന്നങ്ങൾ വിലാസക്കാർക്ക‌് എത്തിക്കുന്ന ചുമതലയാണിവർക്ക‌്. ഏപ്രിൽ ഒന്നുമുതലാണ് ഇരുവരും കമ്പനിയുടെ ഭാഗമായത്. ഇതിന് വഴിതെളിച്ചത് ആലപ്പുഴ സബ് കലക‌്ടർ വി ആർ ക‌ൃഷ‌്ണതേജ.

‘‘കുട്ടിക്കാലം കഷ‌്ടപ്പാടുകളുടേതായിരുന്നു. അമ്മ കയർ ഫാക‌്ടറി തൊഴിലാളി. അച്ഛൻ മരിച്ചശേഷം അമ്മയും ഞാനും ഒറ്റയ‌്ക്കായതിനാൽ അനുഭവിക്കാത്തതൊന്നുമില്ല.

രാത്രിയിൽ കതകിൽ മുട്ടലും വീടിന് കല്ലെറിയലും ഫ്യൂസ് ഊരലും തുടങ്ങി പലവിധ ദ്രോഹങ്ങൾ നേരിട്ടുവെന്ന‌് ശിവ പറയുന്നു.

ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദധാരിയാണ‌് ശിവ. ഇടപ്പള്ളിയിലെ ലുലുമാളിൽ കുറച്ചുനാൾ ക്യാഷ്യറായിരുന്നു.

അമ്മയ‌്ക്ക് വയ്യാതായപ്പോൾ ജോലി ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് പലപല ജോലികൾ പരീക്ഷിച്ചു. മീൻവ്യാപാരവുമായി ബന്ധപ്പെട്ട ജോലികൾ ഏറ്റെടുക്കുന്നുണ്ട്.

പുതിയ ജോലിയുടെ തിരക്കിനിടയിലും അത് തുടരാനാകുമെന്നാണ് 29കാരനാ ശിവയുടെ പ്രതീക്ഷ. ശിവ മണ്ണഞ്ചേരി കോമളപുരം സ്വദേശിയാണ്.

അമ്മയ‌്ക്ക് ഭാഗം കിട്ടിയ സ്ഥലത്താണ് വീട്. പക്ഷേ പണി പൂർത്തിയായിട്ടില്ല. ഇനി പതുക്കെ പണിതീർക്കണം–-ശിവ പറഞ്ഞു.

സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയായതിന്റെ സന്തോഷത്തിലാണ് ജെയ്‌സൺ. കുഞ്ഞുനാളിലേ അച്ഛൻ വീടുവിട്ടിറങ്ങിയിരുന്നു.

പിന്നെ അമ്മയാണ് എന്നെയും അനിയനെയും വളർത്തിയത്. ആണുംപെണ്ണും കെട്ട് നടക്കുന്നവനെന്ന കുറ്റപ്പെടുത്തലും കളിയാക്കലും ഏറെ നേരിട്ടിട്ടുണ്ട്.

അമ്മയ‌്ക്ക് പാസ്‌പോർട്ട് ഓഫീസിലായിരുന്നു ജോലി. ജീവിതം മുന്നോട്ടുപോകാതെ വന്നപ്പോൾ അമ്മ വീട്ടുജോലിക്കും പോയിരുന്നു.

വലിയ കലവൂർ സ്വദേശിയാണ് 22കാരനായ ജെയ്‌സൺ. ഒരു ബൈക്ക് സ്വന്തമായിട്ടില്ലാത്ത പ്രശ്‌നമുണ്ട്. അത് നേടിയെടുക്കുകയാണ് അടുത്ത ലക്ഷ്യം. ആരെങ്കിലും സ്‌പോൺസർ ചെയ്യാനുണ്ടാകുമെന്ന പ്രതീക്ഷയും ജെയ്‌സൺ കൈവിടുന്നില്ല.

പ്ലസ്ടു കഴിഞ്ഞപ്പോൾ അമ്മയ‌്ക്ക് വയ്യാത്തതിനാൽ പഠനം നിർത്തിയതാണ്. തുടർന്ന് പഠിക്കണമെന്നുണ്ട്, പക്ഷേ അതിനും ആരുടെയങ്കിലും സഹായമില്ലാതെ പറ്റില്ല.

സിഡിഎസ് ഓഫീസിലായിരുന്നു അഭിമുഖം. ലൈസൻസും വണ്ടിയുമുള്ള ആളുകളെയായിരുന്നു അവർക്കാവശ്യം. അങ്ങനെയാണ് ഇരുവരെയും തെരഞ്ഞെടുക്കുന്നത്. ട്രാൻസ്‌ജെൻഡർ അസോസിയേഷന്റെ ഇടപെടലും നിർണായകമായി.

കടപ്പാട് : ദേശാഭിമാനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News