അയ്യപ്പനാമത്തില്‍ വോട്ടഭ്യര്‍ഥന; തൃശ്ശൂർ ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തൃശൂർ> തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ ടി വി അനുപമ നോട്ടീസ് നൽകി.

മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയുംപേരിൽ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് നോട്ടീസിൽ വ്യക്തമാക്കി.

”ഞാൻ തൃശിവപേരൂരുകാരുടെ മുന്നിലേക്ക് വരുമ്പോൾ, ഞാൻ തൃശിവപേരൂരുകാരുടെ, കേരളത്തിന്റെ ഒരു പരിഛേദത്തിനോടാണ്, ശബരിമലയുടെ പഞ്ചാതലത്തിൽ ഞാൻ വോട്ടിനുവേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്.

എന്റെ അയ്യൻ, എന്റെ അയ്യൻ, നമ്മുടെ അയ്യൻ, ആ അയ്യൻ എന്റെ വികാരമാണെങ്കിൽ, ഈ കിരാതസർക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ കേരളതിലല്ല, ഭാരതത്തിൽ മുഴുവൻ, അയ്യന്റെ ഭക്തർ മുഴുവൻ അത് അലയടിച്ചിരിക്കും.

അത് കണ്ട് ആരും കൂട്ടുപിടിക്കേണ്ട. ഒരു യന്ത്രങ്ങളും കൂട്ടുപിടിക്കേണ്ട. നിങ്ങൾ ഒന്നു മുട്ടുമടങ്ങി വീഴാൻ, നിങ്ങളുടെ മുട്ടുകാലുണ്ടാകില്ല. അത്തരത്തിൽ ചർച്ചയാകാം.

അതുകൊണ്ടുതന്നെ എന്റെ പ്രചാരണ വേളകളിൽ ശബരിമല എന്നു പറയുന്നത് ഞാൻ ചർച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവടെ” എന്നാണ് സുരേഷ് ഗോപി തേക്കിൻകാട് മൈതാനിയിൽ പ്രസംഗിച്ചത്.

അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഏപ്രിൽ അഞ്ചിന് തേക്കിൻകാട് മൈതാനിയിലെ എൻഡിഎ കൺവൻഷനിലെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് നടപടി. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം വിശദീകരണം നൽകാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News