ബിഎസ‌്എൻഎൽ അതിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയുമടിക്കാൻ തയ്യാറെടുത്തു നിൽക്കുന്നു; ജീവനക്കാരെ പിരിച്ചുവിടാനുള്ള ശുപാർശയ‌്ക്ക‌് ഡയറക്ടർബോർഡ‌് അംഗീകാരം

പത്തൊമ്പതു വർഷം ഒരു പൊതുമേഖലാസ്ഥാപനത്തെ വിലയിരുത്താൻപോന്ന കാലയളവല്ല. പക്ഷേ, ഈ 19 വർഷംകൊണ്ട‌് കോർപ്പറേറ്റ‌് നയങ്ങളുടെ പരീക്ഷണശാലയിലിട്ട‌് ഒരുസ്ഥാപനത്തെ എങ്ങനെ കൊന്നുകളയാം എന്ന‌റിയണമെങ്കിൽ ബിഎസ‌്എൻഎല്ലിന്റെ ചരിത്രം പരിശോധിച്ചാൽ മതി. മാറിമാറിവന്ന കോൺഗ്രസ‌്, ബിജെപി സർക്കാരുകൾ ഭാരത‌് സഞ്ചാർ നിഗം ലിമിറ്റഡിനെ ശ്വാസം മുട്ടിച്ചതിന്റെ നാൾവഴികളറിയാം.

ഇപ്പോൾ സ്ഥാപനം അതിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയുമടിക്കാൻ തയ്യാറെടുത്തു നിൽക്കുന്നു. 54,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള ശുപാർശയ‌്ക്ക‌് ബിഎസ‌്എൻഎൽ ഡയറക്ടർബോർഡ‌് അംഗീകാരം നൽകി. സർക്കാർ രൂപീകരിച്ച വിദഗ്ധ പാനലാണ് ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടൽ എന്ന നിർദേശം മുന്നോട്ടുവച്ചത്. തെരഞ്ഞെടുപ്പടുത്തതിനാൽ തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന‌് ടെലികോം വകുപ്പ‌് അഭിപ്രായപ്പെട്ടതിനാൽ മാത്രം തീരുമാനം മരവിപ്പിച്ചിരിക്കുന്നു.

മത്സരക്ഷമത നഷ്ടപ്പെട്ട് മോഡിസർക്കാരിന്റെ അരുമയായ അംബാനിയുടെ കൈകളിലേക്ക‌് ബിഎസ്എൻഎൽ വഴുതി വീഴാനുള്ള ആസൂത്രിതമായ പദ്ധതിയാണിത‌്. രാജ്യത്തെ 112 വിമാനത്താവളങ്ങളിലെ ഇന്റർനെറ്റ‌് സംവിധാനം കേന്ദ്ര സർക്കാർ നിർദേശപ്രകാരം ജിയോക്ക‌് കൈമാറിയത‌് ഈയിടെയാണ‌്. തിരുവനന്തപുരമടക്കമുള്ള വിമാനത്താവളങ്ങൾ അദാനിക്ക‌് കൈമാറാനും കേന്ദ്രം ഇടപെട്ടു.

കൊല്ലേണ്ടതെങ്ങനെ; ഒരു ബിഎസ‌്എൻഎൽ അനുഭവം

ടെലികോം മേഖലയിൽ സ്വകാര്യ കുത്തകകളുടെ താൽപ്പര്യം കേന്ദ്രം നടപ്പാക്കാൻ തുടങ്ങിയിട്ട‌് 34 വർഷമായി. ബിഎസ‌്എൻഎല്ലിന്റെ പിറവിക്കും 15 വർഷം മുമ്പാണത‌്. പൊതുമേഖലയ‌്ക്ക‌് വലിയ പ്രാധാന്യം നൽകിയിരുന്ന പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മരണത്തിനുശേഷം രാജീവ‌് ഗാന്ധി അധികാരമേറ്റപ്പോഴാണ‌് ടെലികോം വകുപ്പിനുമേൽ ആദ്യത്തെ മഴു വീണത‌്.

1985ൽ. അന്നാണ‌് ടെലികോം മേഖലയെ തപാൽവകുപ്പും ടെലികോം വകുപ്പുമായി വിഭജിച്ചത‌്. തൊട്ടടുത്തവർഷം മുംബൈ, ഡൽഹി നഗരങ്ങളിൽ ടെലികോം വകുപ്പിനെ വിഭജിച്ച‌് എംടിഎൻഎൽ രൂപീകരിച്ചു. അതേ വർഷംതന്നെ വിദേശവിനിമയം ശക്തിപ്പെടുത്താനെന്നുപറഞ്ഞ‌് വിദേശ‌് സഞ്ചാർ നിഗം ലിമിറ്റഡ‌്(വിഎസ‌്എൻഎൽ) എന്ന കമ്പനിയും രൂപീകരിച്ചു. ഏതാനും വർഷങ്ങൾക്കകം തുച്ഛവിലയ്ക്ക് കമ്പനിയെ ടാറ്റയ്ക്ക് കൈമാറി.

ഇന്ന‌് വിഎസ‌്എൻഎല്ലിന്റെ സേവനം കിട്ടാൻ ബിഎസ‌്എൻഎൽ തുക അങ്ങോട്ട‌് നൽകണം. വീണ്ടും ടെലികോം മേഖലയ‌്ക്ക‌് കനത്ത പ്രഹരമേൽപ്പിച്ച‌് സ്വകാര്യവൽക്കരണത്തിന‌് ആക്കംകൂട്ടിയത‌് നരസിംഹറാവു സർക്കാരാണ‌്. അവരാണ‌് 1994ൽ പുതിയ ടെലികോംനയം രൂപീകരിച്ചത‌്. 1998ൽ ബിജെപിക്ക‌് മേൽക്കൈയുള്ള സർക്കാർ അധികാരത്തിലെത്തി. വാജ‌്പേയ‌് സർക്കാരിന്റെ കാലത്ത‌് 1999ലാണ‌് ലൈസൻസ‌് ഫീസിനുപകരം റവന്യൂഷെയർ എന്ന നയം രൂപീകരിച്ചത‌്.

2000 ഒക്ടോബറിൽ ബിഎസ‌്എൻഎൽ എന്ന കമ്പനി രൂപീകരിച്ചു. മൊബൈൽ ഫോൺ മേഖലയിലേക്ക‌് ഇന്ത്യകടന്നത് 1995 ലാണ‌്. ടെലികോം വകുപ്പിനെ പൂർണമായും തള്ളി അന്നത്തെ നരസിംഹറാവു സർക്കാർ മൊബൈൽമേഖല സ്വകാര്യകമ്പനികൾക്ക് മാത്രമായി തുറന്നുകൊടുത്തു. അവസാനം തൊഴിലാളി സംഘടനകളുടെയും പൊതുജനങ്ങളുടെയും കടുത്ത സമ്മർദത്തിന് വഴങ്ങി 2002ൽ കേന്ദ്രസർക്കാർ മൊബൈൽ മേഖലയിലും പ്രവേശിക്കാൻ അനുവാദംനൽകി.

ഇതോടെ ബിഎസ്എൻഎല്ലിന്റെ വിപണി പങ്കാളിത്തം വൻതോതിൽ വർധിച്ചു. 2005ഓടെ മൊബൈൽ കണക്ഷൻ ശേഷി കുറഞ്ഞു. പുതിയ കണക‌്ഷൻ നൽകുന്നതിനാവശ്യമായ ഉപകരണങ്ങൾക്കായി എറിക്സൺ കമ്പനിക്ക് ഓർഡർ നൽകാൻ 2007 ഏപ്രിലിൽ തീരുമാനമായി. അപ്പോൾ ദയാനിധി മാരനായിരുന്നു മന്ത്രി. മാരൻ രാജിവച്ച് രാജ മന്ത്രിയായതോടെ കരാർ റദ്ദാക്കി.

വിപണി പങ്കാളിത്തം 48ൽനിന്ന‌് 22.92 ശതമാനമായി

2006 മുതൽ വികസനരംഗത്ത് മാന്ദ്യം നേരിട്ട ബിഎസ്എൻഎൽ ഇതോടെ സ്തംഭനാവസ്ഥയിലായി. സ്വകാര്യകമ്പനികൾ ഈ അവസരം മുതലെടുത്തുവളർന്നു. 2009ൽ ബിഎസ്എൻഎല്ലിന് സ്വകാര്യ കമ്പനികൾ നിയമപ്രകാരം നൽകേണ്ട ആക‌്സസ‌് ഡെഫിസിറ്റ‌് ചാർജ‌് ടെലികോം റഗുലേറ്ററി അതോറിറ്റി ഇല്ലാതാക്കി. 2000 ഒക്ടോബറിൽ ബിഎസ്എൻഎല്ലിന്റെ വിപണി പങ്കാളിത്തം 78 ശതമാനമായിരുന്നു.

2005ൽ 48 ശതമാനമായിരുന്നത് 2008 മാർച്ചിൽ 22.92 ശതമാനമായി കുറഞ്ഞു. എയർടെൽ, വോഡാഫോൺ, റിലയൻസ് കമ്പനികൾ 20 ശതമാനം നിരക്ക‌് വർധിപ്പിച്ചു. ടെലികോം വ്യവസായത്തിൽനിന്ന് കോടികളുടെ വരുമാനമാണ് വോഡാഫോൺ, റിലയൻസ്, എയർടെൽ തുടങ്ങിയ കമ്പനികൾ നേടിയത്. ഇതിന് എല്ലാ സഹായങ്ങളും സർക്കാർ നൽകി.

സ‌്പെക‌്ട്രം വിൽപ്പന; പരിഗണനപോലുമില്ല

ബിബിഎൻഎൽ, എൻഒഎഫ‌്എൻ എന്നീ സബ‌്സിഡിയറി കമ്പനികളുടെ രൂപീകരണം നടന്നത‌് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത‌് 2012ലാണ‌്. പൊതുമേഖലാ പശ‌്ചാത്തല സൗകര്യം സ്വകാര്യകുത്തകകൾക്ക‌് തുറന്നുകൊടുക്കാനും സ‌്പെക‌്ട്രം വിൽക്കാനും തീരുമാനിച്ചത‌് ഈ കാലയളവിലാണ‌്.

തൊട്ടടുത്ത വർഷം ടെലികോം മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം കൊണ്ടുവന്നതും മൻമോഹൻസിങ്ങിന്റെ സർക്കാർ. ഇപ്പോൾ ഫോർ ജി സ‌്പെക‌്ട്രം നൽകാതെയും പുതിയ കണക്ഷൻ ബോധപൂർവം തടസ്സപ്പെടുത്തിയും സ്വകാര്യ കമ്പനികൾ നൽകേണ്ട ലെവി നിഷേധിച്ചുമൊക്കെ സ്ഥാപനത്തെ മുക്കിക്കൊല്ലുകയാണ‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News