സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍; ചട്ടത്തെക്കുറിച്ച് കലക്ടറെ ആരും പഠിപ്പിക്കേണ്ട; നോട്ടീസ് അയച്ച കലക്ടറുടെ നടപടി ശരി; ബിജെപി പരാമര്‍ശവും കുറ്റകരം

തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച സുരേഷ് ഗോപിയുടെ നടപടിയില്‍ ചട്ടലംഘനമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ടിക്കാറാം മീണ.

സുരേഷ് ഗോപിക്കെതിരെ കലക്ടര്‍ ടി.വി അനുപമ നോട്ടീസ് അയച്ച നടപടിയും കമീഷണര്‍ ശരിവച്ചു.

തീരുമാനം എടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം ജില്ലാ കലക്ടര്‍ക്കുണ്ട്. പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ആരും കലക്ടറെ പഠിപ്പിക്കേണ്ടെന്നും സംഭവത്തില്‍ ഉചിതമായ നടപടി കലക്ടര്‍ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു.

ദൈവത്തിന്റെ പേര് പറഞ്ഞുകൊണ്ട് വോട്ട് പിടിക്കണമെന്ന് ഇത്ര വാശിയെന്തിനെന്ന് അദ്ദേഹം ചോദിച്ചു.

ജാതി, മതം, ദൈവം ഇവയൊന്നും വോട്ട് പിടിക്കുന്നതിനുവേണ്ടി ഉപയോഗിക്കരുതെന്ന് കൃത്യമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. എന്നിട്ടും ദൈവത്തിന്റെ പേരുപയോഗിക്കും എന്നുള്ളത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

കളക്ടര്‍ക്കെതിരെ ബിജെപി ഉന്നയിച്ച പരാമര്‍ശം കുറ്റകരമാണെന്നും ടിക്കാറാം മീണ പറഞ്ഞു.

അതേസമയം, താന്‍ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും അതില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും ബിജെപി വിമര്‍ശനങ്ങളെ ചിരിച്ച് തള്ളി കൊണ്ട് കലക്ടര്‍ ടി.വി അനുപമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here