വോട്ടു ചോദിക്കും മുന്‍പ് ഈ പത്തു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ തയ്യാറാകുമോ?

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ വോട്ട് ചോദിക്കുന്നതിനുമുമ്പ് എല്‍ഡിഎഫ് ഉയര്‍ത്തുന്ന പത്ത് ചോദ്യങ്ങള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മറുപടി പറയണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍.

കാര്‍ഷികമേഖലയായ വയനാടിനെ തകര്‍ത്തതും കര്‍ഷകരെ ആത്മഹത്യയിലേക്കും തള്ളിവിട്ടതും കോണ്‍ഗ്രസിന്റെ നയങ്ങളാണ്. ഇത് മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് പത്ത് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.

ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി രാഹുല്‍ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്നും എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ ചെയര്‍മാന്‍ സികെ ശശീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി കൃഷ്ണപ്രസാദ്, സികെ ജാനു, സിപിഐ അസി. സെക്രട്ടറി സത്യന്‍ മൊകേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചോദ്യങ്ങള്‍ ചുവടെ:

1. വയനാട്ടിലുള്‍പ്പെടെ രാജ്യത്തെ കര്‍ഷക ആത്മഹത്യയുടെ മുഖ്യകാരണം 1991 ലെ നരസിംഹറാവു സര്‍ക്കാര്‍ നടപ്പിലാക്കിയ കാപ്പിയും കുരുമുളകും നികുതി വെട്ടിക്കുറച്ച് ഇറക്കുമതി ചെയ്യാന്‍ കോര്‍പറേറ്റ് കമ്പനികളെ അനുവദിച്ച ഉദാരവല്‍ക്കരണ സാമ്പത്തിക നയമാണല്ലോ. താങ്കള്‍ വയനാട്ടിലെപ്രത്യേകിച്ച് പുല്‍പ്പള്ളിയിലെ ആത്മഹത്യചെയ്ത ഒരു കര്‍ഷകന്റെ കുടുംബത്തെയെങ്കിലും സന്ദര്‍ശിച്ച് വോട്ട് ചോദിക്കുന്നതിനുമുമ്പ് മാപ്പ് ചോദിക്കാന്‍ തയ്യാറാകുമോ?

2. 1997-99 കാലത്ത് കിലോക്ക് 90 – 120 രൂപ വിലയുണ്ടായിരുന്ന കാപ്പിപ്പരിപ്പിനും, 275 രൂപ വിലയുണ്ടായിരുന്ന കുരുമുളകിനും 1999- 2007 കാലത്ത് യഥാക്രമം 24 രൂപയായും 55 രൂപയായും വില തകര്‍ന്നതിനാല്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 1000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഓരോ വിളക്കും ഉല്‍പ്പാദന ചെലവിന്റെ 50 % അധികരിച്ച മിനിമം സപ്പോര്‍ട്ട് പ്രൈസ് നല്‍കണമെന്ന എം എസ് സ്വാമിനാഥന്‍ നയിച്ച ദേശീയ കര്‍ഷക കമീഷന്‍ 2006 -ല്‍ നല്‍കിയ റിപ്പോര്‍ട്ട് 2014 വരെ അധികാരത്തില്‍ ഇരുന്ന താങ്കളുടെ പാര്‍ടി നയിച്ച ഒന്നും, രണ്ടും യുപിഎ സര്‍ക്കാരുകള്‍ ഇടതുപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് നടപ്പിലാക്കിയില്ല?

3. റബ്ബറിന് 2011 ന് ശേഷം കിലോക്ക് 70-110 രൂപ എന്ന നിലയില്‍ വില തകര്‍ന്നതിന്റെ കാരണം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഒപ്പിട്ട ആസിയാന്‍ കരാറല്ലേ? രാജ്യത്ത് 90 ശതമാനം റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായ കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിവര്‍ഷം 11,000 കോടി രൂപയുടെ നഷ്ടത്തിന് ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനല്ലേ?

4. 1991നുശേഷം കാര്‍ഷിക പ്രതിസന്ധിയില്‍ അകപ്പെട്ട് രാജ്യത്ത് 4,20,000 ത്തോളം കര്‍ഷകര്‍ ആത്മഹത്യചെയ്ത സാഹചര്യത്തില്‍ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തെ കോണ്‍ഗ്രസ് ഉപേക്ഷിക്കുമോ?

5. കാര്‍ഷിക മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപവും കരാര്‍ കൃഷിയും പ്രഖ്യാപിച്ച മോഡി സര്‍ക്കാരിന്റെ കാര്‍ഷിക ദ്രോഹനയത്തെ പിന്തുണയ്ക്കുന്ന നയം തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ?

6. കുത്തക കമ്പനികളുടെയും ഇടനിലക്കാരുടെയും ചൂഷണം തടഞ്ഞ് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില നല്‍കുന്നതിനായി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന ബ്രഹ്മഗിരി മാതൃകയിലുള്ള മലബാര്‍മീറ്റ് പദ്ധതി, കേരള ചിക്കന്‍ പദ്ധതി, കര്‍ഷക മിനി മാര്‍ക്കറ്റ് പദ്ധതി, 150 കോടി രൂപ അനുവദിച്ച മലബാര്‍ ബ്രാന്റ് വയനാട് കോഫീ പദ്ധതി, നെല്‍കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 1 കിലോക്ക് 17 രൂപ നല്‍കുമ്പോള്‍ കേരളത്തില്‍ കിലോക്ക് 26.30 രൂപ വില നല്‍കുന്ന പദ്ധതി, കേരള കാര്‍ഷിക കടാശ്വാസ കമീഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയ ബദല്‍ പദ്ധതികളെ മാതൃകയാക്കുന്ന ഒരു സര്‍ക്കാരല്ലേ ഇനി കേന്ദ്രത്തില്‍ അധികാരത്തില്‍ വരേണ്ടത്?

7. ഭക്ഷ്യസുരക്ഷ തകര്‍ക്കുന്ന സ്വാതന്ത്ര്യ വ്യാപാര കരാറായ റീജണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാക്റ്റ് -ആര്‍സിഇപി -ഒപ്പിടാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചത് കാര്‍ഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയില്ലേ?

8. തൊഴിലാളികള്‍ക്ക് പ്രതിമാസം 18,000 രൂപ മിനിമം കൂലി നല്‍കണമെന്ന എല്ലാ തൊഴിലാളി സംഘടനകളുടെയും ആവശ്യം കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ എന്തുകൊണ്ടാണ് ഉള്‍പ്പെടാത്തത്?

9. നരേന്ദ്രമോഡി ഭരണത്തില്‍ ഗോരക്ഷാ പ്രചാരവേലയുടെ മറവില്‍ നിരപരാധികളായ 40 -ലേറെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ സംഘപരിവാര്‍ സംഘടനകള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളിലൂടെ കൊന്നൊടുക്കി. കൊലപ്പെട്ട മുഹമ്മദ് അഖ് ലക്കിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ ആടിന്റെ മാംസമാണ് ഉണ്ടായിരുന്നത് എന്ന് അന്വേഷണത്തിലൂടെ തെളിയിച്ച ഉത്തര്‍പ്രദേശിലെ സുബോധ്കുമാര്‍സിങ് എന്ന പൊലീസ് ഇന്‍സ്‌പെക്ടറെയും കൊന്നു. കോണ്‍ഗ്രസ് അധ്യക്ഷനായ താങ്കള്‍ ആര്‍എസ്എസിനെതിരെ ശക്തമായി പ്രതികരിക്കാനോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനോ എന്തുകൊണ്ട് തയ്യാറായില്ല?

10. മുഖ്യശത്രുവായ ബിജെപിയെ കേന്ദ്ര ഭരണത്തില്‍നിന്നും പുറത്താക്കാന്‍ ആം ആദ്മി പാര്‍ടി, ഇടതുപക്ഷം തുടങ്ങി എല്ലാ മതനിരപേക്ഷ ശക്തികളെയും ഐക്യപ്പെടുത്തുന്നതിന് പകരം രാജ്യവ്യാപകമായി കര്‍ഷകരുടെയും തൊഴിലാളികളുടെയും ശക്തമായ പ്രക്ഷോഭങ്ങള്‍ വളര്‍ത്തി ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് വഴിയൊരുക്കിയ ഇടതുപക്ഷത്തെ തന്നെ തോല്‍പ്പിക്കുവാന്‍ താങ്കള്‍ കേരളത്തില്‍ മത്സരിക്കുന്നത് ബിജെപിക്കല്ലേ ഗുണം ചെയ്യുക?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News