കിഫ്ബി മസാലാ ബോണ്ടിന് അപൂര്‍വ്വനേട്ടം; ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ചിലെ മസാല ബോണ്ട് വ്യാപാരത്തില്‍ കിഫ്ബിയും; ബോണ്ട് വിപണിയില്‍ ഇറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായിക്ക് ക്ഷണം; ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയന്‍

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടനില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങിലേക്കാണ് മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടിയിരിക്കുന്നത്. മെയ് 17നാണ് ചടങ്ങ്.

ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്‌സ് ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ വില്‍പനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും.

മെയ് 17-നാണ് മുഖ്യമന്ത്രി ലണ്ടന്‍ സ്റ്റോക് എക്‌ചേഞ്ചിലെ മണി മുഴക്കി വില്‍പനയ്ക്ക് ഔദ്യോഗിക തുടക്കമിടുന്നത്. സാധാരണ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ പുതിയ ബോണ്ടുകളും ഓഹരികളും അവതരിപ്പിക്കുമ്പോള്‍ മണിമുഴക്കിയാണ് ഔദ്യോഗികമായി തുടക്കം കുറിയ്ക്കുന്നത്.

പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വില്‍പന മാത്രമാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ചടങ്ങായി നടത്താറുള്ളത്.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ബോണ്ട് വില്‍പനയുടെ തുടക്കവും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ക്ഷണിച്ച് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് നടത്തിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ചടങ്ങില്‍ ഒരു മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടുന്നത് ആദ്യമായിട്ടാണ്.

ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. അനുമതി കിട്ടിയാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം.

കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന് പുറമേ സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം 2150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികള്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News