കോഴിപ്പുറത്തു മാധവമേനോനെ തോല്‍പ്പിച്ച പാരമ്പര്യമുണ്ട് വയനാടിന്; വയനാട് ചരിത്രം സൃഷ്ടിക്കും; കോടിയേരി ബാലകൃഷ്ണന്‍

ഇടതുപക്ഷത്തെ ശത്രുവായിക്കണ്ട് നേരിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണല്ലോ. ഇന്ത്യയെ രക്ഷിക്കാന്‍, ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയെന്ന മുദ്രാവാക്യത്തിന് ശക്തിപകരാന്‍ പ്രതിപക്ഷം പൊതുവില്‍ സമാന അടവുകളോടെയും ധാരണകളോടെയും നീങ്ങുന്നതിനുമധ്യേയാണ് പിളര്‍പ്പന്‍ രാഷ്ട്രീയത്തിന്റെ അവസരവാദ കളിയുടെ വേദിയാക്കി വയനാടിനെ രാഹുല്‍ ഗാന്ധി അധഃപതിപ്പിച്ചത്.

ഇതില്‍ പരസ്യമായി വിയോജിക്കാനും വിമര്‍ശിക്കാനും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷത്തെ വിവിധ കക്ഷിനേതാക്കളുമെല്ലാം രംഗത്തുവന്നുവെന്നത് നിസ്സാരമല്ല.

മതനിരപേക്ഷ ഐക്യത്തിന് വിള്ളല്‍ വീഴ്ത്തി

രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തെറ്റായ സന്ദേശം ദേശീയതലത്തില്‍ നല്‍കുന്നുവെന്നാണ് ദേശീയ ദിനപത്രമായ ‘ദ ഹിന്ദു’ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

വേനലില്‍ വയനാട് കരിയുമ്പോഴും രാഷ്ട്രീയമഞ്ഞ് വയനാടിനെ ചൂഴ്ന്നുനില്‍ക്കുന്നുവെന്ന് വിലയിരുത്തിയ ‘ദ ഹിന്ദു’, ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ദേശീയമായി രൂപപ്പെടുത്തുന്നതിനെ ഈ സ്ഥാനാര്‍ഥിത്വം തടസ്സപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടു.

ബിജെപിയെ എതിര്‍ക്കുന്നതില്‍നിന്നുള്ള ഒഴിഞ്ഞുമാറ്റവും ഒളിച്ചോട്ടവുമാണ് ഇത്. ബിജെപി വിരുദ്ധ പ്രതിപക്ഷങ്ങളുടെ അനൈക്യം മതനിരപേക്ഷ ഒരുമയുടെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നുവെന്നും ‘ ദ ഹിന്ദു’ വ്യക്തമാക്കുന്നു. മതനിരപേക്ഷവിശ്വാസികളില്‍ പൊതുവില്‍ അലയടിക്കുന്ന വികാര വിചാരമാണ് ഈ മുഖപ്രസംഗത്തില്‍ പ്രകടമാകുന്നത്.

എന്തിന് ഇടതുപക്ഷത്തിനെതിരെ വയനാട്ടില്‍ മത്സരിക്കണമെന്ന് ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രാജ്യം മുഴുവന്‍ ഇടതുപക്ഷവുമായി ധാരണയുണ്ടെന്ന മറുപടിയാണ് രാഹുല്‍ നല്‍കിയത്. മുഴുവന്‍ രാജ്യത്തില്‍ കേരളം ഉള്‍പ്പെടില്ലേ ?

വയനാട്ടില്‍ എല്‍ഡിഎഫിനെ നേരിടുക എന്നത് മാത്രമല്ല, സംസ്ഥാനത്ത് ഇടതുപക്ഷത്തിനെതിരെ പടനയിക്കുക കൂടിയാണ് രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് താന്‍ മത്സരിക്കുന്നതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടതായി കാണുന്നു. തെക്കേ ഇന്ത്യയില്‍ മത്സരിച്ചിട്ടല്ല പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു ഐക്യദാര്‍ഢ്യം കാട്ടിയിട്ടുള്ളത്.

ഇക്കാര്യങ്ങളില്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്, രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതുകൊണ്ട് എല്‍ഡിഎഫിന് എന്തെങ്കിലും ഭയാശങ്കകള്‍ ഉള്ളതുകൊണ്ടല്ല, അമേഠിയില്‍ തോല്‍ക്കുമോയെന്ന പേടികാരണം അവിടെ നിന്ന് പലായനംചെയ്താണ് ഇവിടെയെത്തിയിരിക്കുന്നത്.

വീര പഴശ്ശിരാജായുടെ ഈ മണ്ണ് പോരാളികളുടെ വീറുറ്റ ഇടമാണ്. അതുകൊണ്ടുതന്നെ ബിജെപിക്കെതിരായ അമേഠിയിലെ മത്സരത്തില്‍നിന്ന് ഒളിച്ചോടി വരുന്ന ഭീരുവിനെ അഭിമാനമുള്ള ഈ മണ്ണ് സ്വീകരിക്കില്ല. ഇന്ത്യയുടെ മതനിരപേക്ഷ ഐക്യത്തിന് വിള്ളല്‍ വീഴ്ത്തിയ നേതാവിന് കമ്യൂണിസ്റ്റ് കരുത്ത് എന്തെന്ന് ബോധ്യമാകും.

ബിജെപി ഒരിക്കല്‍ക്കൂടി അധികാരത്തില്‍വന്നാല്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുകയും ഫാസിസ്റ്റ് ഭീകരത അരങ്ങ് വാഴുകയും ചെയ്യും. ഇത് തടയാനുള്ള ഏറ്റവും വിശ്വസ്തമായ ശക്തി കമ്യൂണിസ്റ്റ് സ്വാധീനമുള്ള ഇടതുപക്ഷ മതനിരപേക്ഷ ശക്തികളാണ്. ആര്‍എസ്എസും മോഡിയും നയിക്കുന്ന വര്‍ഗീയ ഫാസിസത്തെ നേരിടാന്‍ കെല്‍പ്പുള്ളതല്ല കോണ്‍ഗ്രസ്. സാമൂഹ്യസാമ്പത്തികനയങ്ങളുടെ കാര്യത്തിലാകട്ടെ ബിജെപിയെ പോലെതന്നെ പിന്തിരിപ്പനാണ്.

വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിലൂടെ രാഹുല്‍, കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായി മാറുകയാണ്. തൊഴിലാളികര്‍ഷകാദി ബഹുജനങ്ങളുടെ നേതൃത്വത്തിലുയര്‍ന്നുവന്ന കമ്യൂണിസ്റ്റുപാര്‍ടികള്‍ നയിക്കുന്ന എല്‍ഡിഎഫിനോട് മത്സരിക്കാന്‍ ഭരണവര്‍ഗത്തിന്റെ ഭാഗമായ കോണ്‍ഗ്രസിനും അവരുടെ മുന്നണിക്കും ജാതിമതവര്‍ഗീയശക്തികളുമായുള്ള കൂട്ടുകെട്ടില്ലാതെ പറ്റില്ലെന്ന് വന്നിരിക്കുന്നു

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനെ ഇല്ലാതാക്കാനുമുള്ള രാഷ്ട്രീയ കരുനീക്കം ആര്‍എസ്എസും അതിന്റെ കേന്ദ്രസര്‍ക്കാരും കുറെ നാളായി നടത്തിവരുകയാണ്. അതിന് പ്രേരണയായത് ഹിന്ദുത്വരാഷ്ട്രീയത്തിനും മോഡി സര്‍ക്കാരിനും ദേശീയമായി പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വെല്ലുവിളി ആണെന്നതുകൊണ്ടാണ്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനും പ്രവര്‍ത്തനപരിപാടിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാന്നിധ്യം രാഷ്ട്രീയമായി വിലങ്ങുതടിയാണെന്ന് സംഘപരിവാര്‍ കാണുന്നു. അതുകൊണ്ടാണ് കമ്യൂണിസ്റ്റുകാരെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും മുഖ്യശത്രുവായിക്കണ്ട് മോഡി സര്‍ക്കാരും ആര്‍എസ്എസും അക്രമം നടത്തിവരുന്നത്.

പക്ഷേ, അവര്‍ക്ക് ഇതുവരെ ഇക്കാര്യത്തില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള ആര്‍എസ്എസ് അജന്‍ഡ പ്രാവര്‍ത്തികമാക്കാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ പരിശ്രമിക്കുകയാണ്. ഇത് വിജയംകണ്ടാല്‍ അതിന്റെ ദുരന്തം ഇന്ത്യന്‍ ജനതയെ പൊതുവില്‍ത്തന്നെ ദോഷകരമായി ബാധിക്കും.

ഇടതുപക്ഷം ദുര്‍ബലമായാല്‍ മതനിരപേക്ഷതയ്ക്ക് മാത്രമല്ല, സാമൂഹ്യപുരോഗതിക്കും സോഷ്യലിസ്റ്റ് ചിന്താഗതിക്കുംതന്നെ ഇത് ആപല്‍ക്കരമാകും. കമ്യൂണിസ്റ്റുകാരുടെ പാര്‍ലമെന്റിലെ ശക്തി കുറയ്ക്കണമെന്നത് യുദ്ധം കൊതിക്കുന്ന ആയുധക്കച്ചവടക്കാരുടെയും നവഉദാരവല്‍ക്കരണ നയം യഥേഷ്ടം നടപ്പാക്കണമെന്ന് കരുതുന്ന കോര്‍പറേറ്റുകളുടെയും ഉറച്ച തീരുമാനമാണ്. ഇവരുടെയെല്ലാം കരങ്ങള്‍ കേരളത്തിലേക്കും നീണ്ടിട്ടുണ്ട്.

വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിലൂടെ രാഹുല്‍, കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായി മാറുകയാണ്. തൊഴിലാളികര്‍ഷകാദി ബഹുജനങ്ങളുടെ നേതൃത്വത്തിലുയര്‍ന്നുവന്ന കമ്യൂണിസ്റ്റുപാര്‍ടികള്‍ നയിക്കുന്ന എല്‍ഡിഎഫിനോട് മത്സരിക്കാന്‍ ഭരണവര്‍ഗത്തിന്റെ ഭാഗമായ കോണ്‍ഗ്രസിനും അവരുടെ മുന്നണിക്കും ജാതിമതവര്‍ഗീയശക്തികളുമായുള്ള കൂട്ടുകെട്ടില്ലാതെ പറ്റില്ലെന്ന് വന്നിരിക്കുന്നു.

കേരളസംസ്ഥാന രൂപീകരണത്തിനുശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ഒറ്റക്കക്ഷിയെന്ന നിലയക്ക് മത്സരിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് അന്നുമുതല്‍ ഇന്നുവരെ ജാതിമതവര്‍ഗീയശക്തികളെ കൂട്ടുപിടിച്ചാണ് രാഷ്ട്രീയം കളിക്കുന്നത്. അന്ന് തുടങ്ങിവച്ച കോണ്‍ഗ്രസ്മുസ്ലിംലീഗ് കൂട്ടുകെട്ട് ഇന്ന് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവയുമായുള്ള ബന്ധങ്ങളിലേക്കും വളര്‍ന്നിരിക്കുന്നു.

വയനാട്ടില്‍ യുഡിഎഫ് എന്നാല്‍ മുഖ്യകക്ഷി മുസ്ലിംലീഗും പിന്നീട് കോണ്‍ഗ്രസുമാണ്. ലീഗിനെ ‘ചത്ത കുതിര’ യെന്ന് വിശേഷിപ്പിച്ച പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്ര പൗത്രന്‍ ഇന്ന് ലീഗ് എന്ന ആ ചത്തകുതിരയുടെ മുകളിലേറി വയനാട് ചുരം കയറിയിരിക്കുകയാണ്.

ഇത് ലീഗിന്റെ അന്ത്യശാസനംകൂടി ശിരസ്സാവഹിച്ചാണ്. ജാതിമതവര്‍ഗീയ ശക്തികളുടെ തടങ്കലിലായ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമ്യൂണിസ്റ്റുകാരെ ശത്രുവായിക്കാണുന്ന പഴയ വിമോചനസമര രാഷ്ട്രീയത്തിലെത്തിയിരിക്കുകയാണ്. ഇതുവഴി ദേശീയമായി ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയെ ചോര്‍ത്തിയിരിക്കുന്നു.

ദേശീയപ്രസ്ഥാനത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫും അവയെ ബലികഴിക്കുന്ന യുഡിഎഫ് നേതൃത്വത്തിലുള്ള കോണ്‍ഗ്രസും തമ്മിലാണ് കേരളത്തില്‍ മത്സരം. എല്‍ഡിഎഫിനെ മുഖ്യശത്രുവായി കാണുന്നതില്‍ മോഡി നയിക്കുന്ന ബിജെപിയും രാഹുല്‍ നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസും യോജിപ്പിലാണ്.

അതുകൊണ്ടാണ് സംസ്ഥാനത്തെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലെങ്കിലും കോലീബി സഖ്യമുള്ളത്. ഈ സഖ്യത്തെപ്പറ്റി എന്താണ് രാഹുലിനും മോഡിക്കും വിശദീകരിക്കാനുള്ളത്. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ ബിജെപിയുടെ കരുത്തുറ്റ നേതാവ് അവിടെ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നുവല്ലോ. എന്തേ അവിടെ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാതെപോയി.

അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ സോണിയയും മത്സരിക്കുമ്പോള്‍ യുപിയില്‍ ഉണ്ടാകാത്ത കോണ്‍ഗ്രസ് അനുകൂല തരംഗം രാഹുലിന്റെ വരവുകൊണ്ട് വയനാട്ടിലോ കേരളത്തിലോ ഉണ്ടാകില്ല. മുസ്ലിംലീഗിനെ ആശ്രയിച്ച് മാത്രം മത്സരിക്കാന്‍ കഴിയുന്ന ഒരു മണ്ഡലത്തെ അഭയം പ്രാപിച്ചതിലൂടെ കോണ്‍ഗ്രസിന്റെ ഗതികേട് വ്യക്തമായിരിക്കുകയാണ്.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന മുഖ്യ വിപത്ത് ആര്‍എസ്എസും ബിജെപിയും പ്രതിനിധാനംചെയ്യുന്ന ഹിന്ദു വര്‍ഗീയത ആണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, അതിനെ എതിര്‍ക്കുന്നതിന് എല്ലാ മതനിരപേക്ഷ ശക്തികളെയും സഹകരിപ്പിക്കുന്നതിന് പകരം ലീഗിനെയും തീവ്രവാദസംഘടനകളെയും കൂട്ടുപിടിച്ചതിലൂടെ മുസ്ലിം വര്‍ഗീയതയെ വളര്‍ത്തുകയെന്ന അജന്‍ഡയാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. ഇത് ഹിന്ദു വര്‍ഗീയത വളര്‍ത്താന്‍ മോഡിക്കും കൂട്ടര്‍ക്കും അവസരം നല്‍കിയിരിക്കുകയാണ്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം അതിനുള്ള അവസരമായി.

തീവ്രഹിന്ദുത്വത്തിന് മറുപടി മൃദുഹിന്ദുത്വമല്ല

മുസ്ലിം സമുദായത്തിലെ ആറര ലക്ഷം പേരുള്ള അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ അഞ്ച് നിയമസഭാ സീറ്റില്‍ ഒന്നില്‍ പോലും ജയിക്കാത്ത കോണ്‍ഗ്രസാണ് ന്യൂനപക്ഷ രക്ഷയ്ക്കുള്ള വായ്ത്താരി മുഴക്കുന്നത്. ന്യൂനപക്ഷ രക്ഷയ്ക്ക് കോണ്‍ഗ്രസ് ഉതകില്ലെന്ന വിചാരം ശക്തമാണ്.

പശുവിന്റെപേരില്‍ സംഘപരിവാറിന്റെ ആള്‍ക്കൂട്ട കൊലപാതകം അരങ്ങ് തകര്‍ക്കുമ്പോള്‍ ഗോവധ നിരോധനം ആദ്യം നടപ്പാക്കിയതും അതിനായി ഉറച്ച് നില്‍ക്കുന്നതും തങ്ങളാണെന്ന് ഉത്തരേന്ത്യയില്‍ മറയില്ലാതെ വിളമ്പുകയാണ് കോണ്‍ഗ്രസ്. മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്ത് വോട്ട് ചെയ്തില്ല.

ജമ്മു കശ്മീരിന് പ്രത്യേക സംരക്ഷണം നല്‍കുന്ന ഭരണഘടനയിലെ 35(എ) വകുപ്പ് എടുത്തുകളയാന്‍ മോഡി സര്‍ക്കാര്‍ നീക്കം നടത്തിയപ്പോള്‍ നിശ്ശബ്ദത പാലിച്ച കക്ഷിയാണ് കോണ്‍ഗ്രസ്. അധികാരത്തിലേറിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനവും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. തീവ്രഹിന്ദുത്വത്തിന് മറുപടി മൃദുഹിന്ദുത്വമല്ല.

ആദിവാസികള്‍ ജീവിക്കാനായി പ്രക്ഷോഭം കൂട്ടിയപ്പോള്‍ അവരെ നിറയൊഴിച്ച് വീഴ്ത്തുകയും ജോഗി എന്ന ആദിവാസി യുവാവിനെ കശാപ്പ് ചെയ്യുകയും ചെയ്തു ആന്റണി ഭരണം. അന്നത്തെ ആ രക്തക്കറയ്ക്ക് രാഹുലിനെ തോല്‍പ്പിച്ച് പകരം ചോദിക്കാനുള്ള രാഷ്ട്രീയാവസരമാണ് വയനാട്ടിന് ഇക്കുറി ലഭിച്ചിരിക്കുന്നത്

വിജയപ്രതീക്ഷയോടെ രാഹുലെത്തിയ വയനാട്ടിലെ ഏഴ് നിയമസഭാ മണ്ഡലത്തില്‍ നാലില്‍ വിജയിച്ചത് എല്‍ഡിഎഫാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രേയാംസ് കുമാറും അദ്ദേഹം നയിക്കുന്ന ലോക് താന്ത്രിക് ജനതാദളും ഇപ്പോള്‍ എല്‍ഡിഎഫിന്റെ ഭാഗമാണ്. അതുപോലെ സി കെ ജാനുവും അവരുടെ നേതൃത്വത്തിലുള്ള കക്ഷിയും ഇടതുപക്ഷവുമായി സഹകരിക്കുകയാണ്.

മൂന്ന് ആണ്ടിലെ എല്‍ഡിഎഫ് ഭരണം ആ നാടിനെയും ജനതയെയും മുന്നോട്ട് നയിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. 2001 2006 ലെ യുഡിഎഫ് ഭരണകാലത്ത് മാത്രം 523 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കാപ്പി ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച ഇതിന് പ്രധാന കാരണമായി. ഇതിലേക്ക് നയിച്ചത് കേന്ദ്രത്തിലെ അന്നത്തെ കോണ്‍ഗ്രസ് ഭരണം മുറുകെ പിടിച്ച നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമായി നടപ്പാക്കിയ ഗാട്ട്് കരാറും ആസിയന്‍ കരാറുമാണ്.

കര്‍ഷകരക്ഷയ്ക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാരും ഒന്നും ചെയ്തില്ല. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ രക്ഷയ്ക്കും വയനാട് കാപ്പി ബ്രാന്റ് ചെയ്ത് വിപണിയിലെത്തിക്കുന്നതിനുമെല്ലാം ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു.

ആദിവാസികള്‍ ജീവിക്കാനായി പ്രക്ഷോഭം കൂട്ടിയപ്പോള്‍ അവരെ നിറയൊഴിച്ച് വീഴ്ത്തുകയും ജോഗി എന്ന ആദിവാസി യുവാവിനെ കശാപ്പ് ചെയ്യുകയും ചെയ്തു ആന്റണി ഭരണം. അന്നത്തെ ആ രക്തക്കറയ്ക്ക് രാഹുലിനെ തോല്‍പ്പിച്ച് പകരം ചോദിക്കാനുള്ള രാഷ്ട്രീയാവസരമാണ് വയനാട്ടിന് ഇക്കുറി ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

1952 ല്‍ വയനാട് ഉള്‍പ്പെടുന്ന അന്നത്തെ മദിരാശി നിയമസഭാ നിയോജകമണ്ഡലത്തില്‍, കമ്യൂണിസ്റ്റുകാരെ വേട്ടയാടിയ ആഭ്യന്തരമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കോഴിപ്പുറത്ത് മാധവ മേനോനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് പ്രബുദ്ധത കാട്ടി. ആ പാരമ്പര്യമുള്ള വയനാട് രാഹുലിനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് പ്രതിനിധി പി പി സുനീറിനെ വിജയിപ്പിച്ച് ചരിത്രം സൃഷ്ടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News