5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘം കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴിയെടുത്തു.

ചാനലും അന്വേഷണ പരിധിയിലെന്ന് പോലീസ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും മൊഴി നല്‍കിയതായും എം കെ രാഘവന്‍ പറഞ്ഞു.
രാവിലെ ഏഴേകാലോടെയാണ് എസിപി വാഹിദ്, ഡിസിപി ജമാലുദ്ദീന്‍ എന്നിവര്‍ മൊഴി എടുക്കുന്നതിനായി എം കെ രാഘവന്റെ കോഴിക്കോട്ടെ വസതിയില്‍ എത്തിയത്.

ഒരു മണിക്കൂര്‍ 10 മിനുട്ട് നീണ്ട മൊഴിയെടുപ്പില്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം തുടരുമെന്നും എസിപി വാഹിദ് അറിയിച്ചു. ചാനല്‍ മേധാവിയുടേയും റിപ്പോര്‍ട്ടര്‍മാരുടേയും മൊഴിയെടുക്കും.

യഥാര്‍ത്ഥ ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുക്കുന്ന തടക്കമുള്ള നടപടികള്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും വാഹിദ് പറഞ്ഞു.

മൊഴി നല്‍കിയതായി രാഘവനും പ്രതികരിച്ചു. നീതിന്യായ കോടതിയും ജനകീയ കോടതിയും തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ സംഘത്തിന് പിന്നാലെ ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖും രാഘവന്റെ വീട്ടില്‍ എത്തിയിരുന്നു. ടി വി 9 ഭാരത് വര്‍ഷ ചാനലാണ് എം കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.