ഐ.പി.എല്ലില്‍ തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനെതിരെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെയും വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങള്‍. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്ലി അപ്രന്റിസ് മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ പരിഹാസം.
ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കോഹ്ലി യഥാര്‍ഥ പ്രതിഭയാണ്. എന്നാല്‍, ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം അപ്രന്റിസ് മാത്രമാണ്.
തോല്‍ക്കുമ്പോള്‍ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാതെ ബൗളര്‍മാരെയോ ഫീല്‍ഡര്‍മാരെയോ കുറ്റം പറയുകയെന്നതാണ് കോഹ്ലിയുടെ രീതിയെന്ന് ഗംഭീര്‍ കുറ്റപ്പെടുത്തുന്നു.
ഐ പി എല്ലില്‍ ഇതുവരെ കിരീടം നേടാത്ത ക്യാപ്റ്റനാണ് കോഹ്ലി. കഴിഞ്ഞ സീസണുകളിലെ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇപ്പോഴും ക്യാപ്റ്റനായി നിലനിര്‍ത്തുന്നതില്‍ വിരാട് കോഹ്ലി ആര്‍സിബിയോട് നന്ദി പറയണമെന്നായിരുന്നു നേരത്തെ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ ഗംഭീറിന്റെ പരിഹാസം.
ഈ സീസണില്‍ ആര്‍സിബി ദയനീയ പ്രകടനമാണ് പുറത്തെടുക്കുന്നത്. കളിച്ച ആറു മത്സരങ്ങളിലും ബാംഗ്ലൂര്‍ തോറ്റു.
ആദ്യ മത്സരത്തില്‍ ചെന്നൈയ്‌ക്കെതിരെ 70 റണ്‍സിന് കോഹ്ലിയുടെ ടീം പുറത്തായി. തൊട്ടടുത്ത മത്സരത്തില്‍ ഹൈദരാബാദിനെതിരെ 231 റണ്‍സ് വഴങ്ങിയ ടീം 118 റണ്‍സിന് തോറ്റു.
പിന്നീട് കൊല്‍ക്കത്തയ്‌ക്കെതിരെ 205 റണ്‍സ് അടിച്ചെടുത്തെങ്കിലും 5 വിക്കറ്റിന് തോറ്റു. എല്ലാ മത്സരങ്ങളും തോറ്റെത്തിയ രാജസ്ഥാന്‍ റോയല്‍സ് പോലും 18.5 ഓവറില്‍ കോഹ്ലിയുടെ ടീം ഉയര്‍ത്തിയ ലക്ഷ്യം മറികടന്നു.
ഏറ്റവുമൊടുവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പോലും ദുര്‍ബലമായ 149 റണ്‍സിന്റെ വെല്ലുവിളിയാണ് ബാംഗ്ലൂരിനാണ് ഉയര്‍ത്താനായത്. ഇതാകട്ടെ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ അവര്‍ മറികടക്കുകയും ചെയ്തു.
ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെടുന്നതാണ് ബാംഗ്ലൂരിന്റെ ചരിത്രം. ഓരോ മത്സരത്തിലും ബാറ്റിങ്ങ് നിരയോ ബൗളര്‍മാരോ പരാജയപ്പെടുന്നു. ഇനി ഇവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ ഉറപ്പായും ഫീല്‍ഡര്‍മാര്‍ ക്യാച്ച് കൈവിട്ട് മത്സരം തോറ്റിരിക്കും.
ഇന്നലെ ശ്രേയസ് അയ്യര്‍ 4 റണ്‍സ് എടുത്ത് നില്‍ക്കെ നല്‍കിയ ക്യാച്ച് കൈവിട്ടത് കീപ്പര്‍ പാര്‍ഥിവ് പട്ടേലായിരുന്നു. വീണുകിട്ടിയ ലൈഫ് മുതലാക്കിയ ശ്രേയസ് 67 റണ്‍സെടുത്ത് മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കി.
അതേ സമയം തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്നതില്‍ ഒരു ന്യായീകരണവും പറയാനില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറയുന്നു. തുടര്‍ച്ചയായ തോല്‍വിയാണ് നേരിടുന്നത്. ഇനി ടീമിനോട് കൂടുതലായി ഒന്നും പറയാനില്ല.
എല്ലാവരോടും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറഞ്ഞിട്ടുണ്ട്. ഒരു ന്യായീകരണവും പറയുന്നില്ല. ഇനിയുള്ള മത്സരങ്ങളില്‍ ടീമിന് കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കോഹ്ലി പറയുന്നു.
Get real time update about this post categories directly on your device, subscribe now.