ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പഴുതടച്ച കുറ്റപത്രം തയ്യാറാക്കി അന്വേഷണ സംഘം; കുറ്റപത്രം പാലാ കോടതിയില്‍ സമര്‍പ്പിക്കും

ബിഷപ്പ് ഫ്രാങ്കോ കേസ്സില്‍ പഴുതടച്ച കുറ്റപത്രം തയ്യാറാക്കി പ്രോസിക്യൂഷന്‍. ഒരു ബിഷപ്പ് തന്റെ കീഴിലുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ വിചാരണ നേരിടുന്ന ആദ്യ കേസ് എന്ന നിലയില്‍ വളരെ സൂക്ഷ്മമായും, വസ്തുതാപരമായും തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രം പാലാ കോടതിയില്‍ സമര്‍പ്പിക്കും.

കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രതിക്ക് എതിരെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

അന്യായമായി തടഞ്ഞുവയ്ക്കല്‍, അധികാര ദുര്‍വിനിയോഗം നടത്തിയുള്ള ലൈംഗിക പീഡനം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം,ഭീഷണിപ്പെടുത്തല്‍, സ്വാധീനം ഉപയോഗിച്ച് ഒരേ സ്ത്രീയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു തുടങ്ങിയ അഞ്ചുവകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.

ജീവിതകാലം മുഴുവനോ 10 വര്‍ഷത്തിലധികമോ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ആണ് പലതും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എന്നിവരടക്കം നാല് ബിഷപ്പുമാരും, 25 കന്യാസ്ത്രീകളും, 11 വൈദികരും അടക്കം 83 സാക്ഷികള്‍ ആണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ ഉള്ളത്.

പ്രധാനപ്പെട്ട 10 സാക്ഷികളുടെ മൊഴികള്‍ രേഖപ്പടുത്തിയ 7 മജിസ്‌ട്രേറ്റുമാരും ഈ കേസില്‍ സാക്ഷികളാണ്. മൊഴികളും രേഖകളും ഉള്‍പ്പെടെ 2000 പേജുകള്‍ വരുന്ന കുറ്റപത്രത്തോടെപ്പം 101 രേഖകളും കോടതിയില്‍ ഹാജരാക്കും.

സാക്ഷികളുടെ കൂറുമാറ്റം തടയുന്നതിന് മുഴുവന്‍ സാക്ഷികളുടെ മൊഴികളും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ജിതേഷ് ജെ.ബാബുവിന്റെയും, അന്വേഷണത്തിന് നേതൃത്വം നല്‍കിയ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് അന്തിമ കുറ്റപത്രം തയ്യാറാക്കിയത്.

വൈക്കം ഡിവൈഎസ്പി കെ.സുബാഷ്, എസ്.ഐ എം.പി.മോഹന്‍ദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

പ്രതിക്ക് എതിരെ ചുമത്തിയ വകുപ്പുകള്‍

Section 342: അന്യായമായി തടഞ്ഞുവയ്ക്കല്‍… ഒരു വര്‍ഷം കഠിന തടവും പിഴയും

Section 376(c)(a): അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക
5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കഠിന തടവ്

Section 377: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം… പത്തു വര്‍ഷത്തില്‍ കുറയാത്ത ജീവപര്യന്തം തടവും പിഴയും

Section 506(1): ഭീഷണിപ്പെടുത്തല്‍… 7 വര്‍ഷം കഠിന തടവ്

Section 376(2)(k): മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തതില്‍ വെച്ച്…. 7 വര്‍ഷത്തില്‍ കുറയാത്ത ജീവപര്യന്തം കഠിന തടവും പിഴയും

Section 376(2)(n): ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുന്നതില്‍ വെച്ച്… പത്തു വര്‍ഷത്തില്‍ കുറയാതെ ജീവപര്യന്തം തടവും പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here