ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്ത കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജയിച്ചാല്‍ കാലുമാറില്ലെന്ന് വോട്ടര്‍മാരോട് പരസ്യം ചെയ്ത് അറിയിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വിവിധ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളില്‍ ഭൂരിഭാഗവും ബിജെപിയിലേക്ക് ചേക്കേറിയ സാഹചര്യത്തില്‍ കേരളത്തിലും താമരയോട് ഏറ്റവും അടുപ്പമുണ്ടായിരുന്ന കെ സുധാകരന്റെ പ്രചരണ പരസ്യത്തിനെയാണ് മുഖ്യമന്ത്രി പരിഹസിച്ചത്.

ജയിച്ചാല്‍ താന്‍ ബിജെപിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്യേണ്ട അവസ്ഥയാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം സുധാകരന്റെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ചു.

ഇത് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഗതികേടാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പി. രാജീവിന്റെ പ്രചരാണര്‍ത്ഥം വൈറ്റില, മട്ടാഞ്ചേരി, പറവൂര്‍ ഭാഗങ്ങളില്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അംഗീകാരം ജനങ്ങള്‍ നല്‍കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ത്യയിലെ അഴിമതിയില്ലാത്ത ഏകസംസ്ഥാനമാക്കി കേരളത്തെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

പ്രചരണയോഗങ്ങളില്‍ വലിയ പങ്കാളിത്തവും ഹൃദ്യമായ സ്വീകരണവുമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. എറണാകുളത്തിന്റെ മാറ്റത്തിനായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവിനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു