ഒടുക്കത്തെ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിനോട് രാഷ്ട്രീയം പറയില്ല പോലും, കഷ്ടം.!; ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അനുയായികളും വായിച്ചറിയാന്‍

അസീബ് പുത്തലത്ത് എഴുതുന്നു:

തൃശൂർ പ്രസ്ക്ലബിൽ ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് സംവാദം കുറച്ച് ദിവസം മുൻപ് നടന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി രമ്യാ ഹരിദാസും എൻ ഡി എ കാൻഡിഡേറ്റ് ടി വി‌‌‌ ബാബുവും അതിൽ പങ്കെടുത്തു.

പി കെ ബിജു പ്രചാരണത്തിരക്ക് കാരണം ഉണ്ടായിരുന്നില്ല. പരിപാടിക്കിടയിൽ രമ്യ എൻഡിഎ കാൻഡിഡേറ്റിനെതിരെ രാഷ്ട്രീയവിമർശനം ഉയർത്തുകയോ വാലിഡായ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, ‘രാഷ്ട്രീയം പറയില്ലേ’ എന്ന ചോദ്യത്തിന്, ആരോടും രാഷ്ട്രീയം പറയാതെ പാട്ട് പാടിയും കളിപറഞ്ഞും വോട്ട് പിടിക്കലാണെന്റെ തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രം എന്നും കൂടെ സംശയലേശമന്യേ പറഞ്ഞു കളഞ്ഞു.

ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഷ്ട്രീയം പറയുന്നില്ല എന്നതൊരു ഇടത് ഭാഷ്യമോ അതിശയോക്തിയല്ല എന്നപ്പോഴാണ് ക്ലിയറായത്. രസകരമായ കാര്യം പ്രോഗ്രാമിന്റെ പേര് ‘രാഷ്ട്രീയം പറയാം’ എന്നായിരുന്നുവെന്നതാണ്.

ദളിത് വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ പ്രശ്നങ്ങൾ സഭയിലുന്നയിക്കാനും കൂടെയായി സംവരണം ചെയ്യപ്പെട്ട മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രമ്യക്ക്, കഴിഞ്ഞ 5 വർഷമായി കേന്ദ്രവും ദളിതുകൾ ഏറ്റവും ആക്രമണങ്ങൾ നേരിടുന്ന സംസ്ഥാനങ്ങളും ഭരിക്കുന്ന മുന്നണിയുടെ സ്ഥാനാർത്ഥിയെ അരികിൽ കിട്ടിയിട്ട് സാമ്പത്തികനയമോ വർഗീയതയോ സ്ത്രീകളനുഭവിച്ച പ്രശ്നങ്ങളോ പോയിട്ട്, ദളിത് വിഷയങ്ങൾ പോലും ചോദിക്കാനില്ല എന്ന് കേട്ടപ്പോ സങ്കടവും സഹതാപവും അത്ഭുതവും തോന്നി.

കുമാരി രമ്യ, അടുത്ത പ്രചാരണവേദിയിലേക്കുള്ള യാത്രയിൽ ഏതേലും പാട്ടിന്റെ ലിറിക്സ് തപ്പിക്കഴിഞ്ഞ് സമയമുണ്ടേൽ ഗൂഗിളിൽ കയറി കുറഞ്ഞപക്ഷം ‘Dalit atrocities in india’ എന്ന് സെർച്ച് ചെയ്യണം. അങ്ങനെ നോക്കിയാൽ ചില വാർത്തകളെങ്കിലും കാണും.

എന്തെങ്കിലും രാഷ്ട്രീയബോധമുണ്ടെങ്കിൽ അത് വായിച്ച് കുറച്ച് വേദനയും തോന്നും.

ചത്ത കാലിയുടെ വേസ്റ്റ് നീക്കുന്ന കുലത്തൊഴിൽ ചെയ്കേ, നടുറോഡിൽ നഗ്നരാക്കി ഇരുമ്പ് പൈപ്പുകൊണ്ട് തല്ല് വാങ്ങിയ ദളിതരെ, അവർക്ക് തല്ല് കിട്ടിയതിന്റെ പിന്നിലെ പശുരാഷ്ട്രീയത്തെ, അതിന് പിന്തുണ നൽകുന്ന ഹിന്ദുത്വയെ, അതിനെത്തുടർന്ന് രാജ്യം മുഴുവൻ നടന്ന ദളിത് പ്രക്ഷോഭങ്ങളെ, ഉന വിഷയത്തെപ്പറ്റി നിങ്ങൾ അവിടെ വായിക്കും.

ഗുജറാത്തിലെ BJP ഗവണ്മെന്റിന്റെ ദളിത് വിരുദ്ധ നിലപാടും സംഘിന്റെ രാഷ്ട്രീയവും കാണും.

പിന്നെ ഉറപ്പായും രോഹിത് വെമുല എന്നൊരു പേരിലൂടെ കടന്ന് പോകും. അയാളെ കൊന്ന് തിന്നാൻ നേരിട്ട് ഇടപെട്ട സ്മൃതി ഇറാനിയെന്നൊരു പേര് കാണും. അവർ NDAയുടെ കേന്ദ്രമന്ത്രിയാണെന്ന് തിരിയും. അവരാണ് സ്വന്തം‌ നേതാവ് രാഹുലിന്റെ അമേത്തിയിലെ എതിർ സ്ഥാനാർത്ഥിയെന്നറിയും.

17 വയസുകാരിയായ ദളിത് പെൺകുട്ടിയെ ഗാംഗ്റേപ്പ് ചെയ്യാൻ മുന്നിൽ നിന്ന BJP എം എൽ എയെയും, അതിനെ പറ്റി പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസും അധികാരികളും ചേർന്ന് അച്ഛനെ തല്ലിക്കൊന്ന, യോഗിയുടെ യു പിയിൽ നടന്ന ഉന്നാവോ വിഷയവും എന്താണെന്ന് ബോധമുണ്ടെങ്കിൽ മനസിലാക്കും‌.

കുറച്ചുകൂടെ നോക്കിയാൽ, ദളിതരായതുകൊണ്ട് സ്കൂൾ അധികൃതർ സ്ഥിരമായി സെപ്ടിക് ടാങ്ക് ക്ലീനാക്കിപ്പിച്ച് അസുഖബാധിതരാക്കിയ സ്കൂൾ കുട്ടികളുടെ, സ്കൂളിൽ പോകാൻ സൈക്കിളുപയോഗിച്ചതിന് സവർണരാൽ വഴി തടയപ്പെട്ട പെൺകുട്ടിയുടെ, സ്വർണമണിഞ്ഞതിന് സവർണരുടെ അടികിട്ടിയ 9 വയസുകാരന്റെ, പിറന്നാളിന് ഷൂ ധരിച്ചതിന് രാജ്പുതുകൾ തല്ലിയ പതിമൂന്നുകാരന്റെ, പൊതുകുളത്തിൽ കുളിച്ചതിന് ബെൽറ്റിനടി കിട്ടിയ രണ്ട് പതിനഞ്ചുകാരുടെ കഥകളുമുണ്ട് വായിക്കാൻ.

പിന്നെയും പോയാൽ, ഐ ഐ ടിയിൽ അഡ്മിഷൻ കിട്ടിയതുകൊണ്ട് വീട് പൊളിക്കപ്പെട്ടവരുടെ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡിസ്ക്രിമിനേഷൻ നേരിട്ട ദളിത് അദ്ധ്യാപകരുടെ, വിദ്യാർത്ഥികളുടെ, അവിടങ്ങളിൽ വെമുലയെ പോലെ സവർണ്ണത കൊന്നൊടുക്കിയ അനിൽ മീനയെ, വെങ്കടേഷിനെ, സെന്തിൽ കുമാറിനെ, അനികേതിനെ, ഭീം സിങിനെപ്പറ്റിയൊക്കെ കാണാം.

കല്യാണത്തിന് നല്ല വസ്ത്രം ധരിച്ചതിന്, മാരൻ കുതിരപ്പുറത്ത് കയറിയതിന്, ചുമ്മാ പൊതുവഴിയിലൂടെ നടന്നതിന്, സിനിമാ തീയറ്ററിൽ ഹാൻഡ് റെസ്റ്റിൽ കൈ മുട്ടിയതിന്, ഇഷ്ടപ്പെട്ട ഫുഡ് കഴിച്ചതിന്, ദീപാവലിക്ക് പടക്കം‌ പൊട്ടിച്ചതിന്, ടാപ്പിൽ നിന്ന്‌ വെള്ളമെടുത്തതിന്, ക്രിക്കറ്റ് കളിച്ചതിന്, പഠിച്ചതിന്, പ്രണയിച്ചതിന് മനുഷ്യരെ പോലെ നിവർന്ന് നിൽക്കാൻ നോക്കിയതിന് കയ്യും കാലും ജീവനും നഷ്ടപ്പെട്ട, ഓരോ ദിവസവും തീർന്ന് കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ദളിതുകളുടെ ജീവിതങ്ങളെപ്പറ്റിയും നിങ്ങൾ അറിയും.

കറുത്തവരെ തല്ലുന്ന, കൊല്ലുന്ന, കൊന്ന് തിന്നുന്ന സവർണതയുടെ, അധികാരത്തിന്റെ, ചാതുർവർണ്യത്തിന്റെ, മനുസ്മൃതിയുടെ രാഷ്ട്രീയം പറയുന്നതാരെന്ന ബേസിക് ഐഡിയ നിങ്ങൾക്കുണ്ടെങ്കിൽ, സംഘപരിവാര രാഷ്ട്രീയത്തിന് മേൽപ്പറഞ്ഞ ഓരോ കഥകളിലെയും റോൾ എന്തെന്ന് തിരിയും. വെമുലയെ കൊന്ന സ്മൃതി ഇറാനിയുടെ, ഉന്നാവോയിലെ അക്യൂസഡ് എം എൽ എ കുൽദീപ് സിംഗിന്റെ അതേ രാഷ്ട്രീയമാണ് നിങ്ങൾക്കരികിൽ സംവാദത്തിന് ഇരുന്ന, എന്നിട്ട് കമാ എന്ന് മൊഴിയാതെ വിട്ട, പാട്ട് പാടി കീഴടക്കാമെന്ന് കരുതുന്ന NDA കാൻഡിഡേറ്റിന്റേതെന്നും വെളിപാടുണ്ടാകും.

അങ്ങനെ വെളിപാടുണ്ടായാൽ, യൂട്യൂബിൽ ഒന്നൂടെ കയറി പി കെ ബിജുവിന്റെ സഭയിലേയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ അടച്ചിട്ട ഗേറ്റിന് മുന്നിലേയും പ്രസംഗങ്ങൾ ഒന്ന് കേൾക്കണം.

അയാൾ അഡ്രസ് ചെയ്യുന്നത് ആരുടെ പ്രശ്നങ്ങളാണെന്നും, ക്ഷോഭിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും മനസിലാക്കണം. വെമുല‌ ആക്ട് അവതരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കക്ഷിയെയും നിങ്ങൾ അവിടെ കാണും.

അതൊക്കെ കണ്ടും കേട്ടും വല്ലതും ബോധ്യമായാൽ, അന്ന് NDAയുടെ കാൻഡിഡേറ്റിന്റെ കരണം നോക്കി ഒന്ന് പൊകക്കാമായിരുന്നെന്ന് മനസുകൊണ്ടെങ്കിലും തോന്നും. കുറഞ്ഞപക്ഷം, സ്വന്തം കുലത്തിനെ ഒറ്റുകൊടുക്കുന്നതെന്തിനെന്ന് ചോദിക്കാനെങ്കിലും.

ദയവായി ഇന്നാട്ടിലെ ദളിതുകൾക്ക് മറ്റാരോടും ഒന്നും പറയാനോ മൊഴിയാനോ ഇല്ലെന്ന് തെറ്റിദ്ധരിച്ചാലുമില്ലേലും, ഒരു കിരാതഭരണകാലയളവ് കഴിഞ്ഞ് നിൽക്കേ, സംഘപരിവാറിനോട് ഒന്നും ചോദിക്കാനില്ലെന്ന് കരുതരുത്.

ഒരുപക്ഷേ, ഇന്ത്യയുടെ അന്തിമവിധി നിർണയിക്കപ്പെടുമെന്ന് കരുതപ്പെടുന്ന തെരഞ്ഞെടുപ്പിൽ, കലാപകലുഷിതങ്ങളായ, 5 വർഷം നീണ്ട ദിനരാത്രങ്ങൾക്കൊടുവിൽ, നാടിനെ വെണ്ണീറാക്കാൻ കരാറെടുത്തവരെ മുന്നിൽ കിട്ടിയിട്ട് അവരോട് ഒരു ലോക്സഭാ സ്ഥാനാർത്ഥിയായ നിങ്ങൾ, കുറഞ്ഞത് ദളിതരുടെ രാഷ്ട്രീയം പോലും പറയില്ലെന്ന് ഇനിയുമാവർത്തിക്കരുത്.

അങ്ങനെ ചെയ്താൽ, പരിവാരം കൊന്നവരുടെ, കറുത്ത ഉടലുകളുടെ വെന്തുകരിഞ്ഞ മുഖങ്ങൾ നിരാശയോടെ ചുടലയിൽ എണീറ്റിരിക്കും. വേദിയിൽ നിങ്ങൾ പാടുന്ന വരികൾക്ക് താളം തെറ്റിയ നിലവിളികളാൽ അവർ കോറസ് പാടും.

ഒടുക്കത്തെ തെരഞ്ഞെടുപ്പിൽ സംഘപരിവാറിനോട് രാഷ്ട്രീയം പറയില്ല പോലും, കഷ്ടം.!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here