ശ്രീധന്യയെ അഭിനന്ദിച്ചതിന്‍റെ പേരില്‍ കുപ്രചാരണം നടത്തുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യം: മന്ത്രി എകെ ബാലന്‍

ശ്രീധന്യയെ അഭിനന്ദിച്ചതിന്‍റെ പേരില്‍ കുപ്രചാരണങ്ങൾ നടത്തുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി ഏ കെ ബാലൻ; മണ്ണന്തലയിലെ പട്ടികജാതി,പട്ടികവര്‍ഗ്ഗ സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രം സര്‍ക്കാര്‍ ഇല്ലാതാക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതം

ഐഎഎസ് നേടിയ ശ്രീധന്യയെ താൻ അഭിനന്ദിച്ചതിന്‍റെ പേരില്‍ നവമാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്ന പ്രചരണം അത്യന്തം നിരുത്തരവാദപരമാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഏ കെ ബാലൻ.

പട്ടികവര്‍ഗ്ഗ മേഖലയില്‍ എൽ ഡി എഫ് സര്‍ക്കാര്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിന് പിന്നില്‍.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണ്.വാര്‍ത്തയില്‍ പറയുന്ന കാര്യങ്ങളില്‍ സത്യത്തിന്‍റെ ഒരു കണിക പോലും ഇല്ല.

അതുകൊണ്ട് തന്നെ വിമര്‍ശനത്തിന് മറുപടി അര്‍ഹിക്കുന്നില്ല. മൂന്ന് വര്‍ഷം മുന്‍പ് എന്‍റെ ചേംബറില്‍ നിന്നും ശ്രീധന്യയെ ഇറക്കിവിട്ടു എന്ന് പറയുന്ന സംഭവം എന്തേ അന്ന് വാര്‍ത്തയായില്ല.?

മൂന്ന് വര്‍ഷം കഴിഞ്ഞാണോ പ്രതികരിക്കുന്നത് – അതും ഒരു സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലൂടെ നേട്ടം കൈവരിച്ച കുട്ടിയെ അഭിനന്ദിച്ചതിന്‍റെ പേരില്‍.

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മണ്ണന്തലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള സിവില്‍ സര്‍വ്വീസ് പരിശീലന കേന്ദ്രം സര്‍ക്കാര്‍ ഇല്ലാതാക്കുന്നു എന്നതരത്തിലുള്ള പ്രചരണമാണ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

ഇത് വസ്തുതാവിരുദ്ധമാണ്. 1989 ലാണ് പട്ടികവിഭാഗം യുവതീ യുവാക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലനം നല്‍കുന്ന പദ്ധതി പട്ടികജാതി വികസന വകുപ്പ് ആരംഭിച്ചത്.

1993 ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസസ് എക്സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു. 28 വര്‍ഷമായി ഈ സ്ഥാപനം പട്ടികവിഭാഗം യുവതീ-യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നു.

ഇത്രയും വര്‍ഷത്തിനിടയില്‍ വെറും 15 പേര്‍ക്ക് മാത്രമാണ് അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് പരീക്ഷകളില്‍ വിജയിക്കാനായത്.

ഒരാള്‍ക്ക് പോലും ഇതുവരെ ഐഎഎസ് ലഭിച്ചിട്ടില്ല. മികച്ച ലൈബ്രറി, ഫാക്കല്‍റ്റി, മറ്റ് സൗകര്യങ്ങള്‍ എല്ലാമുണ്ടെങ്കിലും എന്തുകൊണ്ടാണ് നമുക്ക് ലക്ഷ്യം കാണാനാകാത്തത് എന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിച്ചു.

സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളില്‍ പരിശീലനം നേടുന്ന പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് പരീക്ഷകളില്‍ വിജയിക്കുന്നുണ്ട് എന്നകാര്യം പരിശോധനയില്‍ ബോധ്യമായി.

സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്തെ പ്രമുഖ സിവില്‍ സര്‍വ്വീസ് പരിശീലന സ്ഥാപനങ്ങളില്‍ പൊതുവിദ്യാര്‍ത്ഥികളോടൊത്ത് പഠിച്ച് മത്സരിച്ചാല്‍ കുറെക്കൂടി ആത്മവിശ്വാസവും വാശിയോടെ പഠിക്കാനുള്ള സാഹചര്യവും പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

ഈ കാഴ്ചപ്പാടിലാണ് സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയുമായി സഹകരിച്ച് മികച്ച കോച്ചിംഗ് നല്‍കുവാന്‍ തീരുമാനിച്ചത്.

പട്ടികവിഭാഗക്കാര്‍ക്കിടയില്‍ നിന്നും ഒരു ഐഎഎസ് ഓഫീസറെങ്കിലും ഉണ്ടാകണം എന്ന ദൃഢനിശ്ചയം ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ടായിരുന്നു.

നേരത്തെ 30 കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 300 പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വ്വീസ് പരിശീലനം നേടുന്നുണ്ട്. മണ്ണന്തല പരിശീലന കേന്ദ്രത്തിലുള്ള ലൈബ്രറിയും സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ലൈബ്രറിയും കുട്ടികള്‍ക്ക് ഒരുപോലെ ഉപയോഗിക്കാം.

പഠനത്തിന്‍റെ മേല്‍നോട്ടം, ആനുകൂല്യങ്ങളുടെ വിതരണം, ഇവിടെ നടന്നുവന്നിരുന്ന മറ്റ് പരിശീലനങ്ങള്‍ എന്നിവ തുടരുന്നുമുണ്ട്. ഇന്നലെവരെ എങ്ങനെയാണോ ട്രെയിനിംഗ് സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നത്, അതുപോലെ നാളെയും സ്ഥാപനം ഇവിടെയുണ്ടാകും.

സിവില്‍സര്‍വ്വീസ് പരിശീലനം നല്‍കുന്നതില്‍ ചില ക്രമീകരണങ്ങള്‍ വരുത്തി എന്നത് മാത്രമാണ് വ്യത്യാസം. സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിച്ച് പ്രിലിമിനറി പാസ്സാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയ്ക്കുള്ള എല്ലാ ചെലവുകളും വകുപ്പ് നല്‍കുന്നുമുണ്ട്. ഈ പദ്ധതിപ്രകാരമാണ് ശ്രീധന്യയ്ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കിയത്.

പട്ടികജാതി വകുപ്പിന്‍റെ ഐഎഎസ് പരിശീലന കേന്ദ്രം അടച്ചുപൂട്ടുന്നു എന്നും എസ്സി ഫണ്ട് ഉപയോഗിച്ച് മറ്റ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു എന്നും തെറ്റായ പ്രചരണം നടത്തുന്നവരുടെ ഉദ്ദേശം എന്താണന്ന് മനസിലാകുന്നില്ല. പട്ടികവിഭാഗം വിദ്യാര്‍ത്ഥികളുടെ മത്സര ക്ഷമത ഉയര്‍ത്തുക മാത്രമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

ഇത് സിവില്‍ സര്‍വ്വീസ് മേഖലയില്‍ മാത്രമല്ല, ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പട്ടികവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടപ്പിലാക്കിയ പദ്ധതികളെല്ലാം ഇതേ ലക്ഷ്യം വെച്ചുള്ളതാണ്. ഈ ലക്ഷ്യത്തിലേക്ക് നാട് നടന്നടുക്കുകയാണ്.

കുമാരി ശ്രീധന്യയുടെ പിൻമുറക്കാരായി ഇനിയും ഒരുപാട് ഐഎഎസ് ജേതാക്കള്‍ ഉണ്ടാകും. അതാണ് ഈ സര്‍ക്കാരിന്‍റെ ആഗ്രഹം.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായി വിമര്‍ശിക്കുന്നതിന് പകരം വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് സര്‍ക്കാരിന്‍റെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുത ഉള്ളവരാണ്. തികഞ്ഞ അവജ്ഞയോടെ ഇത് തള്ളിക്കളയുന്നവെന്നും മന്ത്രി ഏ കെ ബാലൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News