കേരളത്തിന്‍റെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ദ ഹിന്ദു-സിഎസ് ഡിഎസ് സര്‍വേ: രാജീവ് രാമചന്ദ്രന്‍

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ഏജന്‍സികള്‍ നടത്തിയ വിവിധ സര്‍വേകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ദ ഹിന്ദു-സിഎസ് ഡിഎസ് സര്‍വേ ഫലം പ്രവചിക്കുന്നത്.

കേരളത്തിന്‍റെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നൊരു സര്‍വേയാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

രാജീവ് രാമചന്ദ്രന്‍റെ കുറിപ്പ് വായിക്കാം

സെഫോളജിയില് അത്യാവശ്യം പിടിയുള്ളവരും പല സര്‍വേകള്‍ നടത്തിയിട്ടുള്ളവരുമായ ചില വിഷയവിദഗ്ദ്ധരോട് ഇന്നലെയും ഇന്നുമായി സംസാരിക്കാന്‍ സാധിച്ചിരുന്നു.

ദ ഹിന്ദു പ്രസിദ്ധീകരിച്ചിട്ടുള്ള സിഎസ് ഡിഎസ് സര്‍വേയുടെ ഫലത്തെ അടിസ്ഥാനമാക്കി അവര്‍ പങ്കുവച്ച ചില നിരീക്ഷണങ്ങളുണ്ട്. അതിലേറ്റവും ശ്രദ്ധേയമായി എനിക്കുതോന്നിയത് ഇത്തവണ സര്‍വേകള്‍ക്കു പിടി തരാത്തവിധം സങ്കീര്‍ണമാണ് കേരളത്തിലെ രാഷ്ട്രീയസ്ഥിതി എന്നതാണ്.

ശബരിമല പ്രശ്നവും അനുബന്ധ സംഭവവികാസങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ഗതിയെ എപ്രകാരം സ്വാധീനിക്കുമെന്ന് പറയാനാവില്ലെന്നതാണ് അവരുടെ പ്രാഥമികമായ വിലയിരുത്തല്‍. ഉപരിതലത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരായ വൈകാരിക പ്രതികരണങ്ങള്‍ കണ്ടിരുന്നുവെങ്കിലും അതിനെ മറികടക്കാവുന്ന അതിശക്തമായ ഒരു അനുഭാവിവൃന്ദത്തെ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനു കഴിഞ്ഞിട്ടുണ്ടെന്നാണ് സൂക്ഷ്മമായ വിലയിരുത്തലില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഇവർ പറയുന്നു.

ഇതില്‍ ഏറ്റവും സവിശേഷവും ശ്രദ്ധേയവുമായ കാര്യം ഈ പുതിയ അനുഭാവികളിലേറെയും 18 നും 30നുമിടയില്‍ പ്രായമുള്ളവരാണ് എന്നതാണ്. ഇവരില്‍ തന്നെ സ്ത്രീകള്‍ക്കിടയില്‍ മുഖ്യമന്ത്രിക്കുള്ള സ്വീകാര്യത വളരെ കൂടുതലുമാണ്.

ഇതിന്റെ കാരണങ്ങള്‍ പലതാവാം പക്ഷെ ഇത്തരത്തിലുള്ള ഒരു അനുഭാവരൂപീകരണം കേരളത്തില്‍ പതിവില്ലാത്തതാണെന്നും ഇവരില്‍ ചിലര്‍ കരുതുന്നു. അതായത് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞേക്കാവുന്ന വോട്ടുകളെ ബാലന്‍സ് ചെയ്യാനോ മറികടക്കാനോ വരെ ഈ പുത്തന്‍ വോട്ടുകള്‍ കൊണ്ട് എല്‍ഡിഎഫിന് സാധിച്ചേക്കുമെന്ന ഈ സാധ്യത മിക്ക സര്‍വേകളും പരിഗണിച്ചിട്ടില്ലെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ കരുതുന്നത്.

ശബരിമല സമരത്തില്‍ വിശ്വാസം എന്നതിനൊപ്പം തന്നെ ലിംഗനീതിയുടെ പ്രശ്‌നവും ഉള്‍പ്പെട്ടിരുന്നുവെന്നും അത് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ കെല്‍പുള്ളതാണെന്ന് മനസ്സിലാക്കാന്‍ മാര്‍ക്കറ്റിംഗ് സര്‍വേകളുടെ മെത്തഡോളജിയടെ എക്‌സ്റ്റന്‍ഷനായി തയ്യാറാക്കിയിട്ടുള്ള ചോദ്യാവലിക്ക് കഴിയില്ലെന്നുമാണ് ഇവരുടെ വിലയിരുത്തല്‍.

പിണറായി വിജയനിലൂടെ എല്‍ഡിഎഫിനുണ്ടായിട്ടുള്ള ഈ അനുഭാവി വൃന്ദത്തിന് എത്രമാത്രം ഒരു വോട്ട് റിസര്‍വാകാന്‍ കഴിയുമെന്നത് പക്ഷെ കാത്തിരുന്ന കാണേണ്ടതാണ്. മേല്‍ പറഞ്ഞ പ്രായ പരിധിയിലുള്ളവരെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ കുടുംബമടക്കമുള്ള പല ഘടകങ്ങളും സ്വാധീനിക്കാനുമിടയുണ്ട്.

സിഎസ് ഡി എസ് സര്‍വേ പക്ഷെ ഒരു പരിധിവരെ ഇത് മുന്നില്‍ കാണുന്നുണ്ട് എന്നു വേണം കരുതാന്‍. അതുകൊണ്ടാവണം അവര്‍ രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന രണ്ടു പ്രവചനങ്ങള്‍ നടത്തിയിട്ടുള്ളത്. എല്‍ഡിഎഫിന് കുറഞ്ഞത് 6 സീറ്റും കൂടിയത് 14 സീറ്റുമാണ് അവര്‍ പ്രവചിക്കുന്നത്.

യുഡിഎഫിനാവട്ടെ കുറഞ്ഞത് 5 ഉം കൂടിയത് 13 മാണ്. ഇതില്‍ ശ്രദ്ധേയമായ സംഗതി, യുഡിഎഫിന് മുന്‍കൈ ലഭിക്കുന്നുവെന്നാല്‍ ശബരിമല വിഷയം എല്‍ഡിഎഫിനെതിരായി പ്രവര്‍ത്തിച്ചു എന്നാണര്‍ത്ഥം, ആ സാഹചര്യത്തില്‍ അതിന്റെ ഗുണഫലം യുഡിഎഫിന് മാത്രമായി കിട്ടില്ല, എന്‍ഡിഎക്കും അത് നേട്ടമായി മാറും. അവര്‍ രണ്ടു സീറ്റില്‍ ജയിക്കാനുള്ള സാധ്യത ഇവിടെയാണ്.

മറിച്ചാണെങ്കില്‍ എല്‍ഡിഎഫിന് കിട്ടാത്ത സീറ്റുകളില്‍ ജയിച്ചു കയറാന്‍ യുഡിഎഫിനേ കഴിയൂ എന്ന തല്‍സ്ഥിതി തുടരും. അതായത് കേരളത്തില്‍ യുഡിഎഫിന്റെ തോല്‍വിയേക്കാള്‍ എല്‍ഡിഎഫിന്റെ തോല്‍വി തന്നെയാണ് ബിജെപിക്കും എന്‍ഡിഎക്കും അനുകൂല സാഹചര്യമൊരുക്കുക എന്നര്‍ത്ഥം.

ശബരിമല മാറ്റി നിര്‍ത്തിയാല്‍ ദേശീയ രാഷ്ട്രീയവും രാഹുല്‍ഗാന്ധിയുടെ സാന്നിധ്യവും മുസ്ലിം വോട്ടര്‍മാരില്‍ ഉണ്ടാക്കാവുന്ന യുഡിഎഫ് ചായ് വ് മാത്രമാണ് അവര്‍ ഇടതുപക്ഷത്തിനെതിരായി കാണുന്ന ഘടകം.

(ഇത് വളരെ സിഗ്നിഫിക്കന്‍റാണ് കേരളത്തിലെന്ന് ഞാന്‍ അപ്പോള്‍ തന്നെ കൂട്ടിച്ചേര്‍ത്തു) അല്ലാത്ത പക്ഷം ഭരണവിരുദ്ധവികാരം ഇത്രയും കുറഞ്ഞ ഒരു സാഹചര്യം കേരളത്തില്‍ മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഇവരില്‍ പലരും അഭിപ്രായപ്പെടുന്നു.

Caveat : ഇത് റിയൽപൊളിറ്റിക് എന്ന വകുപ്പിൽ വരുന്നതാണ്, അക്കദമിക്ക് നിലവാരത്തിലുള്ള രാഷ്ട്രീയ പഠനവും
ഈ എണ്ണങ്ങളുടെ കളിയും തമ്മിൽ വലിയ പൊരുത്തമൊന്നും കാണില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News