ദില്ലി: ‘പിഎം മോദി’ സിനിമയുടെ പ്രദര്‍ശനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് കമീഷന്‍ നിര്‍ദേശിച്ചു.

സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

എന്നാല്‍ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. മാത്രമല്ല സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്.

23 ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമ സംവിധായകന്‍ ഒമങ് കുമാറാണ് ഒരുക്കിയിരിക്കുന്നത്. മേരി കോം, സരബ്ജിത് തുടങ്ങിയ മികച്ച സിനിമകള്‍ സംവിധാനം ചെയ്തയാളാണ് ഒമങ് കുമാര്‍. വിവേക് ഒബ്റോയി ആണ് ചിത്രത്തില്‍ മോദി ആയി വേഷമിടുന്നത്.