ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങ് നാളെ തുടങ്ങാനിരിക്കെ റാഫേല്‍ കേസിലെ ഉത്തരവില്‍ ഞെട്ടി ബിജെപി.

മോദി സര്‍ക്കാരിന്റെ ഏക പ്രതിരോധ കരാര്‍ അഴിമതിയില്‍ മുങ്ങിയതോടെ പ്രസംഗത്തില്‍ പോലും ദേശിയത പരാമര്‍ശിക്കാന്‍ കഴിയില്ലന്ന് എന്‍ഡിഎ നേതാക്കള്‍.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരിനെ പുറത്താക്കാനുള്ള അവസരമാണിതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിധിയോട് പ്രതികരിച്ചു.

റഫേല്‍ കേസില്‍ സുപ്രീംകോടതി ക്ലീന്‍ ചീട്ട് നല്‍കിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത് വരെയുള്ള വാദം.

റഫേല്‍ വിമാനം ഉണ്ടായിരുന്നെങ്കില്‍ പാക്കിസ്ഥാനെതിരായ വ്യോമാക്രമണം ഇതിനെക്കാള്‍ വലുതാകുമായിരുന്നുവെന്ന് പരാമര്‍ശിച്ച് മോദി കരാറിനെ ദേശിയതയുടെ ഭാഗവുമാക്കി.

അതിനേറ്റ വന്‍ തിരിച്ചടിയാണ് സുപ്രീംകോടതി വിധി.ബോഫോഴ്‌സ് അഴിമതി രാജീവ് ഗാന്ധിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത് പോലെ റഫേല്‍ അഴിമതി മോദിയെ അധികാരഭ്രഷ്ടനാക്കുമോയെന്ന സംശയത്തിലാണ് ബിജെപിയും എന്‍ഡിഎ നേതാക്കളും.

ആദ്യ ഘട്ട വോട്ടിങ്ങിന് മുന്നോടിയായുള്ള നിശബ്ദ ദിനമാണിന്.വോട്ടര്‍മാര്‍ക്ക് മുന്നില്‍ പ്രതിരോധത്തിനുള്ള സമയം പോലും ബിജെപിയ്ക്കില്ല.അത് കൊണ്ട് തന്നെ സുപ്രീംകോടതി ഉത്തരവ് ബിജെപി കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു.

സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷണത്തെ എതിര്‍ത്തും സുപ്രീംകോടതിയില്‍ കളവ് പറഞ്ഞും അവസാന നിമിഷം വരെ രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം മോദി സര്‍ക്കാര്‍ നോക്കി.

അഴിമതിയുടെ തെളിവുകള്‍ ഓരോന്നായി പുറത്ത് വന്നുവെന്ന് ചൂണ്ടികാട്ടിയ സീതാറാം യെച്ചൂരി കേസിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ആദ്യ വിമര്‍ശനം ഉന്നയിച്ച് കഴിഞ്ഞു. അഴിമതി സര്‍ക്കാരിനെ വലിച്ചെറിയാനുള്ള അവസരമാണിതെന്ന് അദേഹം ട്വീറ്റ് ചെയ്തു. നരേന്ദ്രമോദി നേരിട്ട് നടത്തിയ ഇടപാടായത് കൊണ്ട് തന്നെ പ്രതിരോധമന്ത്രിമാരും മറ്റ് കേന്ദ്ര മന്ത്രിമാരും ഇത് വരെ കരാറിനെ ന്യായീകരിക്കുകയായിരുന്നു.

പക്ഷെ സുപ്രീംകോടതിയില്‍ നടന്ന വാദം ശരിയല്ലെന്നും അവരും ചൂണ്ടികാട്ടുന്നു. റഫേല്‍ കരാറിനെക്കുറിച്ചുള്ള ഫയലുകളെ മോഷണമുതലാക്കി നടത്തിയ പ്രഥമവാദം തന്നെ സുപ്രീംകോടതി തള്ളി. അടുത്ത് വരുന്ന സര്‍ക്കാര്‍ എന്‍ഡിഎ അല്ലെങ്കില്‍ റഫേല്‍ കേസ് ബിജെപിയ്‌ക്കെതിരായ കുരുക്കാകുമെന്നും അവര്‍ തുറന്ന് സമ്മതിക്കുന്നു. മെയ് 19 വരെയുള്ള ഏഴ് ഘട്ടങ്ങളിലും റഫേല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിഷയമാകും.