ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനും മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ മുന്നേറ്റം അനിവാര്യമാണെന്ന് പ്രകാശ് കാരാട്ട്

മോഡി ഭരണത്തെ താഴെയിറക്കി ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനും മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ മുന്നേറ്റം അനിവാര്യമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

മതേതര, ജനാധിപത്യമൂല്യങ്ങളാകെ ബലികഴിച്ച അഞ്ചു വര്‍ഷമാണ് പിന്നീടുന്നത്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ മതനിരപേക്ഷ രാഷ്ട്രീയ മുന്നേറ്റമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും കാരാട്ട് പറഞ്ഞു.

ആലത്തൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ബിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കുന്നംകുളം പെരുമ്പിലാവില്‍ സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.

ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യ ആരു ഭരിക്കണം എന്നതിലുപരി, മതേതര ജനാധിപത്യം നിലനില്‍ക്കണോ എന്നതാണ് മുഖ്യ പ്രശ്‌നം. മോഡി ഭരണത്തില്‍ ആള്‍ക്കൂട്ടക്കൊലകളും ന്യൂനപക്ഷ വേട്ടയും മനുഷ്യാവകാശലംഘനങ്ങളും വ്യാപകമായി.

എന്നാല്‍ ബിജെപിക്ക് ബദലാവാനും മതനിരപേക്ഷത മുറുകെപ്പിടിക്കാനും കോണ്‍ഗ്രസിന് ആശയദൃഢതയില്ല. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയങ്ങള്‍ ഒന്നാണ്. ഈ പാര്‍ടികള്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല.

അതുകൊണ്ട് നയരൂപീകരണത്തിലടക്കം ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണം.

ഈ സുപ്രധാന രാഷ്ട്രീയ കടമ നിര്‍വഹിക്കാന്‍ കേരളത്തില്‍ യുഡിഎഫിനേയും ബിജെപിയേയും പരാജയപ്പെടുത്തി 20 സീറ്റിലും ഇടതുപക്ഷം വിജയിക്കണം.

ബിജെപി ഭരണകാലത്ത് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി. അതിന്റെ ഏറ്റവും പ്രകടമായ രൂപം ത്രിപുരയിലായിരുന്നു.

ത്രിപുരയില്‍ 42 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസ് 40 ശതമാനം വോട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു നല്‍കി. അങ്ങനെയാണ് അവിടെ ബിജെപി സര്‍ക്കാര്‍ വന്നത്. മറ്റു പല സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയുണ്ടായി.

2004ല്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷം നിര്‍ണായക ശക്തിയായതിനാലാണ് വാജ്‌പേയി സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകാതിരുന്നത്. തൊഴിലുറപ്പു പദ്ധതി, വനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങി നിരവധി പുരോഗമന നടപടികളും ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയത് ഇടതുപക്ഷത്തിന്റെ ഇടപെടല്‍ കൊണ്ടാണ്.

ഇനി വരാന്‍ പോകുന്ന മതേതര സര്‍ക്കാരിലും ശക്തമായ സ്വാധീനം ചെലുത്താന്‍ ഇടതുപക്ഷം ശേഷി ആര്‍ജിക്കണം. ആര്‍എസ്എസിനും വര്‍ഗീയതക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ.

അതിനാലാണ് വര്‍ഗീയവാദികളുടെ ആക്രമണത്തിന് ഇടതുപക്ഷക്കാര്‍ നിരന്തരം ഇരകളാവുന്നത്. ബിജെപി കോണ്‍ഗ്രസിനേയോ, കോണ്‍ഗ്രസ് ബിജെപിയേയോ ആക്രമിക്കില്ല.

എങ്ങനെയെങ്കിലും വീണ്ടും ഭരണത്തില്‍ വരാനുള്ള ശ്രമത്തിലാണ് മോഡിയും ബിജെപിയും. അതിനായി സര്‍ക്കാര്‍ മെഷീനറിപോലും ദുരുപയോഗം ചെയ്യുന്നു.

അഞ്ചു വര്‍ഷം ഭരിച്ചപ്പോള്‍ വാഗ്ദാനങ്ങളെല്ലാം ബിജെപി മറന്നു. ഇപ്പോള്‍ കര്‍ഷകര്‍ക്ക് 6000 രൂപ വീതം നല്‍കുമെന്ന വാഗ്ദാനം കാര്‍ഷിക മേഖലയില്‍ ഇതുവരെ ഒന്നും ചെയ്യാനാകാത്തതിന്റെ കുറ്റസമ്മതമാണ്. കേരളത്തിലെ പിണറായി സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാണ്.

നിരവധി സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കി. യുഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായി പൊതുമേഖലയെ ശക്തിപ്പെടുത്തി. എന്നാല്‍ വിവേചനപരമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു പുലര്‍ത്തുന്നത്. പ്രളയകാലത്തുപോലും കേരളത്തിന് അര്‍ഹതപ്പെട്ട ആനൂകൂല്യങ്ങള്‍ നല്‍കിയില്ല. ഇതാവര്‍ത്തിക്കാതിരിക്കാനും ഇടതുപക്ഷത്തിന് സമ്പൂര്‍ണ വിജയം ഉറപ്പാക്കണമെന്ന് കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News