തൊടുപുഴ നഗരത്തെ ത്രസിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന് വോട്ടഭ്യര്‍ത്ഥിച്ച് മഹിളകളുടെ മഹാറാലി

തൊടുപുഴ നഗരത്തെ ത്രസിപ്പിച്ച് മഹിളകളുടെ മഹാറാലി. ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന് വോട്ടഭ്യര്‍ത്ഥിച്ച് നടന്ന റാലിയില്‍ പ്രായഭേദമന്യേ നിരവധി പേര്‍ പങ്കെടുത്തു.

അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളുമായി തൊടുപുഴ മര്‍ച്ചന്റ് ട്രസ്റ്റ് ഹാള്‍ പരിസരത്ത് നിന്നാണ് റാലി ആരംഭിച്ചത്. റാലിയില്‍ തൊടുപുഴ അസംബ്ലി മണ്ഡലത്തിലെ വനിതകള്‍ അണിനിരന്നു.

വിദ്യാര്‍ത്ഥിനികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത റാലി ഗാന്ധിസ്‌ക്വയറിലാണ് സമാപിച്ചത്. റാലിക്ക് മുന്നോടിയായി
മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ ചേര്‍ന്ന എല്‍ഡിഎഫ് വനിതാ കണ്‍വന്‍ഷന്‍ പ്രശസ്ത സിനിമാ സീരിയല്‍ താരം ഗായത്രി ഉദ്ഘാടനം ചെയ്തു.

വര്‍ഗീയതയെ തുടച്ചുനീക്കി രാജ്യത്ത് സദ്ഭരണം കൊണ്ടുവരാന്‍ സ്ത്രീസമൂഹം ജാഗ്രതയോടെ ഇടപെടേണ്ട കാലഘട്ടമാണിതെന്ന് ഗായത്രി പറഞ്ഞു. ഇടതുപക്ഷം വികസന കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ജാതിചിന്തകളിലൂടെ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ ചേരിതിരിവിലേയ്ക്ക് നയിക്കാനാണ് വര്‍ഗീയതയുടെ വക്താക്കളുടെ ശ്രമമെന്നും അവര്‍ പറഞ്ഞു.

മഹിളാസംഘം താലൂക്ക് പ്രസിഡന്റ് സുജ ഷാജി അധ്യക്ഷത വഹിച്ചു. ഇടത് നേതാക്കളായ കെ പി മേരി, വി വി മത്തായി, കെ.സലിം കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here