സുരേഷ് ഗോപി ഇപ്പോള്‍ ഭരത് ചന്ദ്രനെതിരെ തോക്കെടുക്കുന്നു

കമ്മീഷണര്‍, ഭരത്ചന്ദ്രന്‍ തുടങ്ങിയ സിനിമകളാണ് സുരേഷ് ഗോപിക്ക് നായക പരിവേഷം നല്കിയത്. ഓര്‍മ്മയുണ്ടോ ഈ മുഖം? എന്നാരംഭിക്കുന്ന ഉശിരന്‍ ഡയലോഗ് ഭരത്ചന്ദ്രന്‍ ഐപിഎസ് പറയുമ്പോള്‍ തിയ്യേറ്ററുകളില്‍ കയ്യടി ഉയര്‍ന്നു.

അങ്ങേയറ്റം ജീര്‍ണ്ണിച്ച അധികാര രാഷ്ട്രീയത്തിന്റെ പ്രതിനിധികളായ കേന്ദ്രമന്ത്രിയുടെയും മോഹന്‍ തോമസ്സിന്റെയും പ്രവൃത്തികളോട് അറപ്പും വെറുപ്പും തോന്നിയ ജനങ്ങളുടെ വികാരവിചാരങ്ങളാണ് ഭരത്ചന്ദ്രന്റെ വായില്‍ നിന്ന് തീപ്പൊരികളായി പുറത്തു വന്നത്.

മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഭയപ്പെടാത്ത ഭരത്ചന്ദ്രന്‍ നീതിക്കുവേണ്ടി നിലകൊണ്ടു. ആ വേഷം കൈകാര്യം ചെയ്ത ശരാശരിക്കാരന്‍ നടനെ വീരനായകനായി മലയാളി പ്രേക്ഷകര്‍ കൊണ്ടാടി.

ഇന്ന് ഭരത് ചന്ദ്രന്‍ ഐപിഎസി ന്റെ അതേ സ്ഥാനത്ത് ചങ്കൂറ്റത്തോടെ നില്ക്കുന്നത് അനുപമ ഐഎഎസ് ആണ്. ഭരത് ചന്ദ്രന്റെ വേഷമണിഞ്ഞ ആ നടന്റെ ഇന്നത്തെ മുഖത്തൊന്നു സൂക്ഷിച്ചു നോക്കു.

സിനിമയിലെ കേന്ദ്ര മന്ത്രിയുടെയും മോഹന്‍ തോമസിന്റെയും ഛായ തോന്നുന്നില്ലെ? തിരഞ്ഞെടുപ്പു കമ്മീഷനെ വെല്ലുവിളിക്കുന്ന ആ ശബ്ദത്തില്‍ നിറയുന്ന ധാര്‍ഷ്ട്യം അവരുടേതു തന്നെയല്ലെ? അവയൊക്കെ അധികാരത്തിന്റെ ഹുങ്കില്‍ നിന്നുണ്ടായതല്ലെ?

വര്‍ഗ്ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ച് നാടെമ്പാടും കലാപങ്ങള്‍ കെട്ടഴിച്ചുവിടുന്ന, അധികാരത്തില്‍ നേരിട്ട് ഇടപെടുന്ന കപട സന്യാസിമാരെ നേരിട്ട നായകനെയാണ് ഏകലവ്യന്‍, തലസ്ഥാനം തുടങ്ങിയ സിനിമകളില്‍ സുരേഷ് ഗോപി എന്ന നടന്‍ അവതരിപ്പിച്ചത്.

എന്നാല്‍ സംഘപരിവാറിന്റെ സഹയാത്രികന്‍ ഇപ്പോള്‍ നിലകൊള്ളുന്നത് വര്‍ഗ്ഗീയതയില്‍ സിംഹാസനം പണിയുന്ന മതഭീകരരോടൊപ്പമാണ്. സുരേഷ് ഗോപി എന്ന നായക നടന്റെ വിപരീത സ്ഥാനത്താണ് സുരേഷ് ഗോപി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ നിലയുറപ്പിച്ചിരിക്കുന്നത്.

ഭരത് ചന്ദ്രന് കയ്യടിച്ച ജനങ്ങള്‍ ഇപ്പോള്‍ കയ്യടിച്ചു കൊണ്ടിരിക്കുന്നത് അനുപമ ഐഎഎസ് നും തിരഞ്ഞെടുപ്പു കമ്മീഷനുമാണ്. ആ കയ്യടി ഒരു മുഖം മൂടി പിച്ചിച്ചീന്തി എറിയുകയാണിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here