ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ആന്ധ്രയും തെലങ്കാനയും വ്യാഴാഴ്ച ബൂത്തിലേക്ക്. ആന്ധ്രപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
ദക്ഷിണേന്ത്യയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയില്‍ 25ഉം തെലുങ്കാനയില്‍ 17ഉം ലോക്‌സഭാ സീറ്റുകളാണുള്ളത്. മുഖ്യദേശീയ പാര്‍ടികളായ കോണ്‍ഗ്രസും ബിജെപിയും പ്രതീക്ഷ കൈവിട്ട സംസ്ഥാനങ്ങളാണ് രണ്ടും.
ഇരു പാര്‍ടികളും അപ്രസക്തമായി മാറിയിരിക്കയാണ്. ദക്ഷിണേന്ത്യയില്‍ വന്‍വിജയം അവകാശപ്പെടുന്ന കോണ്‍ഗ്രസിന് രണ്ടു സംസ്ഥാനങ്ങളിലായി ഒറ്റ സീറ്റും ലഭിക്കില്ല.
ആന്ധ്രപ്രദേശില്‍ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, പവന്‍ കല്യാണ്‍ നേതൃത്വം നല്‍കുന്ന ജനസേന പാര്‍ടി, സിപിഐ എം, സിപിഐ, ബിഎസ്പി എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട മുന്നണിയുമാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. 175 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.
ആന്ധ്രപ്രദേശിനു പ്രത്യേക സംസ്ഥാനപദവി വാഗ്ദാനം ചെയ്തശേഷം വാക്കുമാറിയതാണ് ബിജെപിയോടുള്ള ജനരോഷത്തിനു മുഖ്യകാരണം. സംസ്ഥാനത്തെ 10 ശതമാനത്തോളം വരുന്ന മുസ്ലിം ജനവിഭാഗങ്ങളും ബിജെപിയുടെ നയങ്ങളെ ഭയാശങ്കകളോടെ കാണുന്നു.
ഇതു തിരിച്ചറിഞ്ഞാണ് ബിജെപി ബന്ധം വിച്ഛേദിക്കാന്‍ ചന്ദ്രബാബുനായിഡു തയ്യാറായത്. കഴിഞ്ഞതവണ ടിഡിപിയുമായി സഖ്യത്തില്‍ മത്സരിച്ച് രണ്ടു സീറ്റില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ പ്രതീക്ഷിക്കാന്‍ ഒന്നുമില്ല.
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍, വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം ടിഡിപിക്ക് ബാധ്യതയാണ്.
കഴിഞ്ഞ തവണ എട്ടു സീറ്റില്‍ ജയിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട്. നിയമസഭയിലും വലിയ മുന്നേറ്റമുണ്ടാക്കും. കോണ്‍ഗ്രസ് മത്സര ചിത്രത്തിലേ ഇല്ല.
ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും പച്ചപിടിക്കാന്‍ 15 വര്‍ഷം വേണ്ടിവരുമെന്ന് മുന്‍എംപിയും മുന്‍മുഖ്യമന്ത്രി കോട്‌ല വിജയഭാസ്‌കര റെഡ്ഡിയുടെ മകനുമായ പ്രകാശ് റെഡ്ഡി.
ആന്ധ്രപ്രദേശിനോട് ചെയ്ത തെറ്റുകള്‍ക്ക് ജനങ്ങള്‍ കോണ്‍ഗ്രസിനെ അത്രത്തോളം വെറുക്കുന്നു. 15 വര്‍ഷമെങ്കിലുമെടുക്കും ഈ സ്ഥിതി മാറാന്‍–കര്‍ണൂല്‍ ലോക്‌സഭാ മണ്ഡലത്തിലെ ടിഡിപി സ്ഥാനാര്‍ഥിയായ പ്രകാശ് റെഡ്ഡി പറഞ്ഞു. വോട്ടു തേടി ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ ‘കോണ്‍ഗ്രസുകാര്‍ ഇങ്ങാേട്ട് വരേണ്ട’ എന്നുപറയുന്ന സ്ഥിതിയാണ്.
ആന്ധ്രപ്രദേശ് 2004ല്‍ 29 എംപിമാരെയും 2009ല്‍ 33 എംപിമാരെയും കോണ്‍ഗ്രസിനു നല്‍കി. എന്നാല്‍, മുഖ്യമന്ത്രിയായിരിക്കെ വൈ എസ് രാജശേഖരറെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചശേഷം കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ച സമീപനം പാര്‍ടിയുടെ അടിത്തറ ഇളക്കി.
വൈഎസ്ആറിന്റെ മകന്‍ ജഗന്‍ മോഹന്റെഡ്ഡി കോണ്‍ഗ്രസ് വിട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. 2014ല്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അന്നത്തെ യുപിഎ സര്‍ക്കാര്‍ ആന്ധ്രപ്രദേശ് വിഭജനം നടപ്പാക്കിയതോടെ കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയായി. കര്‍ഷകരെ രക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ കോണ്‍ഗ്രസ് വിട്ട് ടിഡിപിയില്‍ ചേര്‍ന്നതെന്ന് പ്രകാശ് റെഡ്ഡി പറയുന്നു.
നാലരവര്‍ഷം കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ വേണ്ടി ചെലവിട്ടെങ്കിലും ഫലമുണ്ടായില്ല. കര്‍ണൂലിലെ കര്‍ഷകരെ രക്ഷിക്കാന്‍ താന്‍ മുന്നോട്ടുവച്ച പദ്ധതികള്‍ നടപ്പാക്കാമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാക്കുനല്‍കി. അങ്ങനെയാണ് ടിഡിപിയില്‍ ചേര്‍ന്നത്–മൂന്നു തവണ കോണ്‍ഗ്രസ് എംപിയായിരുന്ന പ്രകാശ് റെഡ്ഡി പറയുന്നു.

Get real time update about this post categories directly on your device, subscribe now.