ഡോംബിവ്‌ലി ഈസ്റ്റിൽ ന്യൂ ആരെ റോഡിൽ താമസിക്കുന്ന പി കെ ജോണിന്റെ മകൻ രാഹുലാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. 23 വയസ്സ് പ്രായം.

ഡോംബിവ്‌ലി കേരളീയ സമാജം മെമ്പർ കൂടിയായ ജോണിന്റെ രണ്ടു മക്കളിൽ ഇളയ മകനാണ് രാഹുൽ. മകൾ വിവാഹിതയാണ്.

കഴിഞ്ഞ രണ്ടു ദിവസമായി ഇടക്ക് നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നെങ്കിലും ഗൗരവമായി കണക്കാക്കിയില്ല.

അടുത്തുള്ള ഡിസ്പെൻസറിയിൽ നിന്നും മരുന്ന് വാങ്ങി കഴിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളുമായുള്ള സംവാദത്തിൽ രാഹുൽ പറഞ്ഞതായി അറിയുന്നത്.

എന്നാൽ ഇന്നലെ രാവിലെ വീണ്ടും നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും ഗൗരവമായി കണക്കാക്കാതെ ജോലിക്ക് പോകുകയായിരുന്നു രാഹുൽ.

വൈകീട്ട് ഓഫീസ് വിട്ടു വന്നതിന് ശേഷമാണ് സായാഹ്‌ന സവാരിക്കായി താഴെ ഗാർഡനിൽ പോകുന്നത്. അവിടെ വച്ച് നെഞ്ചു വേദന കലശലായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

പിന്നീട് പരിസരത്തുണ്ടായിരുന്നവർ രാഹുലിന്റെ മൊബൈലിലൂടെ ബന്ധപ്പെട്ടാണ് വീട്ടുകാരെ വിവരമറിയിക്കുന്നത്

ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിയിൽ വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. മൂന്ന് ദിവസമായി അനുഭവപ്പെട്ടിരുന്ന നെഞ്ചു വേദന ഗൗരവമായി എടുത്തില്ല.

മരണത്തിന്റെ മുന്നറിയിപ്പ് അറിയാതെ പോയതാണ് രാഹുലിന്റെ മരണ കാരണമെന്നാണ് സുഹൃത്തുക്കളും വിഷമത്തോടെ ഓർക്കുന്നത്.

ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടായിരുന്ന രാഹുലിന്റെ അകാലത്തിലുള്ള വേർപാടിൽ ദുഃഖം അടക്കാനാകാതെയാണ് സുഹൃത്തുക്കളും.

വളരെ ഉന്മേഷവാനും സജീവമായി ഇടപെടലുകൾ നടത്തുന്ന ശീലമുണ്ടായിരുന്ന രാഹുൽ കോളേജിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നുവെന്നാണ് സഹപാഠിയായ ആൽബിൻ അഗസ്റ്റിൻ പറയുന്നത്.

ഹോട്ടൽ മാനേജ്‌മന്റ് പൂർത്തിയാക്കിയ രാഹുൽ ഡോംബിവ്‌ലി സെന്റ് തേരേസാ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

ഡോംബിവ്‌ലി ഓർത്തഡോൿസ് പള്ളിയിലെ അംഗമായ രാഹുലിന്റെ പിതാവ് പി കെ ജോൺ കേരളത്തിൽ കൊല്ലം അഞ്ചൽ സ്വദേശിയാണ്.

ഭൗതിക ശരീരം പോസ്റ്മാർട്ടത്തിന് ശേഷം കല്യാണിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

ശനിയാഴ്ച ( 13/04/19 ) രാവിലെ വീട്ടിൽ കൊണ്ട് വരും. തുടർന്ന് സംസ്കാര ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10 മണിക്ക് ഡോംബിവിലി എംഐഡിസി ഓർത്തോഡോക്സ് പള്ളിയിലായിരിക്കും അന്ത്യവിശ്രമം.