കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ വധശ്രമമെന്ന കോണ്‍ഗ്രസ് വാദം തള്ളി കേന്ദ്രആഭ്യന്തര മന്ത്രാലയം.

രാഹുല്‍ ഗാന്ധിക്ക് വധഭീഷണി ഉണ്ടെന്നും, അമേഠിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ സ്നൈപ്പര്‍ ഗണ്ണില്‍ നിന്നുള്ള ലേസര്‍ രശ്മി രാഹുല്‍ ഗാന്ധിയുടെ നെറ്റിയില്‍ പതിച്ചെന്നും കാണിച്ചായിരുന്നു കോണ്‍ഗ്രസ് പരാതി നല്‍കിയത്.

ഏഴ് തവണ ലേസര്‍ രശ്മി രാഹുല്‍ ഗാന്ധിയുടെ നെറ്റിയില്‍ പതിച്ചെന്നും കോണ്‍ഗ്രസ് ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിംഗിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടൂന്നു.

ഇതിന്റെ വീഡിയോയും കോണ്‍ഗ്രസ് തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയും രംഗത്തെത്തി.

രാഹുല്‍ ഗാന്ധിയുടെ നെറ്റിയില്‍ പതിച്ച പച്ച വെളിച്ചം എഐസിസിയുടെ തന്നെ ഫോട്ടോഗ്രാഫറുടെ ഫോണില്‍ നിന്നാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. എസ്പിജി ഡയറക്ടര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് കാണിച്ച് പരാതി നല്‍കിയെന്ന കോണ്‍ഗ്രസിന്റെ അവകാശ വാദത്തെയും ആഭ്യന്തരമന്ത്രാലയം തള്ളിക്കളഞ്ഞു.

അത്തരത്തിലുള്ള ഒരു കത്തും ഇതുവരെ ലഭിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയച്ചത്. ഇതോടെ രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നത് തോല്‍വി മണക്കുന്ന അമേഠിയില്‍ വോട്ട് പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ നാടകം മാത്രമെന്ന ആരോപണവും ശക്തമായി.