രാഹുല്‍ഗാന്ധിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്; ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടില്ല

രാഹുല്‍ഗാന്ധിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്. സുരക്ഷാ ഭീഷണിയെപ്പറ്റി ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടില്ലെന്ന് കോണ്‍ഗ്രസ് മാറ്റിപ്പറഞ്ഞു.

രാഹുല്‍ഗാന്ധിക്ക് നേരെ വധശ്രമമെന്ന കോണ്‍ഗ്രസ് വാദം ആഭ്യന്തരമന്ത്രാലയം തള്ളിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മലക്കം മറിച്ചില്‍.

ഇതോടെ തോല്‍വി മണക്കുന്ന അമേഠിയില്‍ വോട്ട് പിടിക്കാനുള്ള കോണ്‍ഗ്രസ് നാടകം മാത്രമാണിതെന്ന ആരോപണം ശക്തമായി.

രാഹുല്‍ ഗാന്ധിയുടെ നെറ്റിയില്‍ പതിച്ച പച്ച വെളിച്ചം എഐസിസിയുടെ തന്നെ ഫോട്ടോഗ്രാഫറുടെ ഫോണില്‍ നിന്നാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം.

എസ്പിജി ഡയറക്ടര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് കാണിച്ച് പരാതി നല്‍കിയെന്ന കോണ്‍ഗ്രസിന്റെ അവകാശ വാദത്തെയും ആഭ്യന്തരമന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു.

അത്തരത്തിലുള്ള ഒരു കത്തും ഇതുവരെ ലഭിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയച്ചത്. ഇതോടെയാണ് രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് കാണിച്ച് ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്ന വാദവുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തിയത്.

അമേഠിയില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ സ്‌നൈപ്പര്‍ ഗണ്ണില്‍ നിന്നുള്ള ലേസര്‍ രശ്മി രാഹുല്‍ ഗാന്ധിയുടെ നെറ്റിയില്‍ പതിച്ചെന്നും കാണിച്ചായിരുന്നു കോണ്‍ഗ്രസ് ആദ്യ പരാതി.

ഏഴ് തവണ ലേസര്‍ രശ്മി രാഹുല്‍ ഗാന്ധിയുടെ നെറ്റിയില്‍ പതിച്ചെന്നും കോണ്‍ഗ്രസ് വീഡിയോ പുറത്തുവിട്ടുകൊണ്ട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണത്തിന് ശേഷം ലേസര്‍ അടിച്ച എഐസിസിയുടെ ക്യാമറാമാന്‍ ആരെന്ന് അറിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.

എസ്പിജി ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് കോണ്‍ഗ്രസ് മലക്കം മറിഞ്ഞതെന്നാണ് സൂചന.ഇതോടെ രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നത് തോല്‍വി മണക്കുന്ന അമേഠിയില്‍ വോട്ട് പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ നാടകം മാത്രമെന്ന ആരോപണവും ശക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News