നരേന്ദ്ര മോഡി കുറ്റവാളിയായ കാവല്‍ക്കാരനാണെന്ന് എം എ ബേബി

രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് സ്വയം അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി കുറ്റവാളിയായ കാവല്‍ക്കാരനാണെന്ന് സംശയാതീതമായി തെളിയിക്കുന്നതാണ് റഫേല്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും സര്‍ക്കാരും രാജ്യത്തെ തുടര്‍ച്ചയായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

പുതിയ സംഭവവികാസങ്ങളില്‍ മാധ്യമലോകത്തിനും ഏറെ അഭിമാനിക്കാന്‍ വകയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബേബി.

മുന്‍ ബിജെപി നേതാക്കളായ യശ്വന്ത് സിഹ്നയും അരുണ്‍ ഷൂരിയും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഡിസംബറില്‍ തള്ളിയത് റഫേലുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് ചര്‍ച്ചചെയ്തതാണെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചാണ്.

ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റ് ചര്‍ച്ചചെയ്തിരുന്നില്ല. മോഡി സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഇടപാടിലെ വഴിവിട്ട കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ‘ദി ഹിന്ദു’ പത്രം പുറത്തുകൊണ്ടുവന്നത്.

മോഷ്ടിച്ച രേഖകളായതിനാല്‍ ഇതിന്റെ അടിസ്ഥാനത്തിലുള്ള പുനഃപരിശോധനാ ഹര്‍ജി തള്ളണമെന്ന വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അംഗീകരിച്ചില്ല.

മാത്രമല്ല, സര്‍ക്കാര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് അവകാശവുമുണ്ടെന്നും എടുത്തുപറഞ്ഞു. മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിക്കാട്ടുന്ന ചരിത്രപ്രധാന വിധികൂടിയാണിത്.

കാവല്‍ക്കാരന്റെ ചുമതല ഏല്‍പിക്കാന്‍ പറ്റിയ ആളല്ല നരേന്ദ്ര മോഡിയെന്ന് സംശയാതീതമായി തെളിയുകയാണിവിടെ. കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യം രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ വിരോധാഭാസവും തിരിച്ചറിയേണ്ടതുണ്ട്.

രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് കുപ്രസിദ്ധമായ ബൊഫോഴ്‌സ് ഇടപാട്. യുപിഎ ഭരണകാലത്തെ ടുജി സ്‌പെക്ട്രം, കല്‍ക്കരി തുടങ്ങിയ വമ്പന്‍ അഴിമതികളും മറക്കാനാവില്ല.

അഴിമതി രഹിതവും ഇടതുപക്ഷത്തിന് സ്വാധീനവുമുള്ള ഒരു മതനിരപേക്ഷ സര്‍ക്കാരാണ് ഉണ്ടാകേണ്ടത്. അതിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു കാണുന്നുണ്ട്.

ഇന്നത്തെ ദേശീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മതനിരപേക്ഷ സര്‍ക്കാര്‍ പ്രായോഗികമാണോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസിനെ മാറ്റി ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ബദല്‍ സര്‍ക്കാര്‍ കൊണ്ടുവരണമെന്നതില്‍ ഞങ്ങള്‍ക്ക് ഒരു ദുര്‍വാശിയുമില്ലെന്നായിരുന്നു മറുപടി.

ദൗര്‍ഭാഗ്യവശാല്‍ രാഹുലും കോണ്‍ഗ്രസും രാഷ്ട്രീയബോധമില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ബിജെപിക്കെതിരെ ഉറച്ചുനിന്നു പോരാടുന്ന കേരളത്തില്‍വന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.

ഇനി കേരളത്തില്‍ തന്നെ മത്സരിക്കണമെന്നുണ്ടായിരുന്നെങ്കില്‍ ബിജെപിക്ക് കെട്ടിവച്ച കാശ് കിട്ടുന്ന ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

എല്‍ഡിഎഫിന് 2004ലേതിനെക്കാള്‍ മെച്ചപ്പെട്ട വിജയം ലഭിക്കാനുള്ള സാഹചര്യമാണുള്ളത്. ഇപ്പോഴത്തെ സര്‍വേകളിലൊന്നും വിശ്വസിക്കുന്നില്ല. യഥാര്‍ഥ സര്‍വേ ഫെബ്രുവരിയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പാണ്.

മുപ്പതു വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 45 ശതമാനവും യുഡിഎഫിന് 38 ശതമാനവും ബിജെപിക്ക് 12 ശതമാനവും വോട്ട് ലഭിച്ചു. ജനങ്ങളുടെ രാഷ്ട്രീയ നിലപാടിന്റെ ഏറ്റവും ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കാണിത് എം എ ബേബി പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവനും സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel